- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം തകർപ്പൻ തിരിച്ചുവരവ്; അഞ്ച് മിനിറ്റുകൾക്കിടെ മൂന്ന് ഗോളുകൾ; ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നിലനിർത്തി മാഞ്ചസ്റ്റർ സിറ്റി; അവസാന ലീഗ് മത്സരത്തിൽ ആസ്റ്റൺ വില്ലയെ കീഴടക്കി; ലിവർപൂൾ രണ്ടാമത്
മാഞ്ചസ്റ്റർ: നാടകീയതകൾ നിറഞ്ഞ മത്സരത്തിൽ ആസ്റ്റൺ വില്ലയെ കീഴടക്കി ഇംഗ്ലീഷ് പ്രീമിയൽ ലീഗ് കിരീടം നിലനിർത്തി മാഞ്ചസ്റ്റർ സിറ്റി. ലീഗിലെ അവസാന മത്സരത്തിൽ ആസ്റ്റൺ വില്ലയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് സിറ്റി തോൽപ്പിച്ചത്. സിറ്റിയുടെ എട്ടാം കിരീടമാണ് ഇത്.
രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം അവിശ്വസനീയമായ തിരിച്ചുവരവാണ് നീലപ്പട നടത്തിയത്. അഞ്ച് മിനിറ്റുകൾക്കിടെ മൂന്ന് ഗോളാണ് സിറ്റി നേടിയത്. സിറ്റി തോറ്റിരുന്നെങ്കിൽ ലിവർപൂളിന് കിരീടമുയർത്താനുള്ള അവസരമുണ്ടായിരുന്നു. അവർ വോൾവ്ഫിനെ 3-1ന് തോൽപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ സിറ്റിയുടെ ജയം ലിവർപൂളിന്റെ പ്രതീക്ഷകളെ തകിടംമറിച്ചു.
സിറ്റിക്കെതിരെ അവരുടെ ഗ്രൗണ്ടിൽ 69 മിനിറ്റുകൾ പിന്നിടുമ്പോൾ ആസ്റ്റൺ വില്ല 0-2ന് മുന്നിലായിരുന്നു. മാറ്റി കാഷ്, ഫിലിപെ കുടിഞ്ഞോ എന്നിവരാണ് ഗോൾ നേടിയിരുന്നത്. എന്നാൽ ഗുണ്ടോഗന്റെ ഇരട്ട ഗോൾ സിറ്റിയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 76-ാം മിനിറ്റിലായിരുന്നു ഗുണ്ടോഗന്റെ ആദ്യ ഗോൾ. 78-ാം മിനിറ്റിൽ റോഡ്രി ഒപ്പമെത്തിച്ചു. 81-ാം മിനിറ്റിൽ ഒരു ഗോൾ കൂടി നേടി ഗുണ്ടോഗൻ സിറ്റിക്ക് കിരീടം സമ്മാനിച്ചു.
38 മത്സരങ്ങളിൽനിന്ന് സിറ്റിക്ക് 93ഉം ലിവർപൂളിന് 92ഉം പോയന്റാണ് ലഭിച്ചത്. 74 പോയന്റുമായി ചെൽസി മൂന്നും 71 പോയന്റുമായി ടോട്ടനം നാലും സ്ഥാനം നേടി ചാമ്പ്യൻസ് ലീഗ് ടിക്കറ്റുറപ്പിച്ചു. അവസാന മത്സരത്തിൽ ചെൽസി 2-1ന് വാട്ട്‌ഫോഡിനെ തോൽപിച്ചപ്പോൾ ടോട്ടനം നോർവിച്ച് സിറ്റിയെ മടക്കമില്ലാത്ത അഞ്ച് ഗോളിനാണ് തകർത്തുവിട്ടത്.
വോൾവ്സിനെതിരെ ലിവർപൂൾ മൂന്നാം മിനിറ്റിൽ തന്നെ പിന്നിലായി. എന്നാൽ 24-ാം മിനിറ്റിൽ സാദിയോ മാനെ ടീമിനെ ഒപ്പമെത്തിച്ചു. മത്സരം സമനിലയിലേക്ക് പോകുമെന്ന് തോന്നിക്കെ 84-ാം മിനിറ്റിൽ മുഹമ്മദ് സലാ ലിവർപൂളിനെ ഒപ്പമെത്തിച്ചു. 89-ാം മിനിറ്റിൽ ആൻഡ്രൂ റോബേർട്സൺ പട്ടിക പൂർത്തിയാക്കിയെങ്കിലും സിറ്റി കിരീടനേട്ടത്തിലേക്ക് കുതിച്ചിരുന്നു.
69 പോയിന്റുള്ള ആഴ്സനൽ അഞ്ചാമതാണ്. മാഞ്ചസ്റ്റർ യുനൈറ്റഡ് ആറാം സ്ഥാനത്തും. ഇരുവരും യുവേഫ യൂറോപ്പ ലീഗ് കളിക്കും. ബേൺലി, വാറ്റ്ഫോർഡ്, നോർവിച്ച് സിറ്റി എന്നിവർ തരം താഴ്‌ത്തപ്പെട്ടു.
സ്പോർട്സ് ഡെസ്ക്