- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലിക്കറ്റ് ക്വാർട്ട്സ് എന്നു പേരുള്ള മലബാറിലെ ഒരു ചെറുകിട ക്ലബ്ബിനെ ഏറ്റെടുത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ ഷെഫീൽഡ് യുണൈറ്റഡ്; കേരള യുണൈറ്റഡ് എഫ് സി എന്ന പുതിയ പേരിട്ട് ഷെഫീൽഡ് കേരളത്തിന്റെ ഫുട്ബോൾ ചരിത്രം തിരുത്തിയെഴുതും
ലണ്ടൻ: മലബാറിന്റെ ഫുട്ബോൾ കമ്പം മുൻപും പലതവണ അന്താരാഷ്ട്ര തലത്തിൽ വാർത്തയായിട്ടുണ്ട്. ഇപ്പോൾ കോഴിക്കോട് ആസ്ഥാനമായുള്ള ഒരു ചെറുകിട ക്ലബ്ബാണ് ആഗോളതലത്തിൽ ഫുട്ബോൾ ലോകത്ത് ചർച്ചയാകുന്നത്. കാലിക്കറ്റ് ക്വാർട്ട്സ് എന്ന ഈ ക്ലബ്ബ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ഷെഫീൽഡ് യുണൈറ്റഡ് ഏറ്റെടുത്തിരിക്കുകയാണ്. മാത്രമല്ല ഇതിന് കേരള യുണൈറ്റഡ് എഫ് സി എന്ന് പുനർനാമകരണവും ചെയ്തിരിക്കുന്നു.
ഷെഫീൽഡ് യുണൈറ്റഡിന്റെ ഉടമകളായ യുണൈറ്റഡ് വേൾഡ് ഗ്രൂപ്പാണ് ഈ വിവരം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. പ്രാദേശിക മത്സരങ്ങളിലെല്ലാം നല്ല പ്രകടനം കാഴ്ച്ച വയ്ക്കുന്ന ഈ ക്ലബ്ബിനെ ഇന്ത്യൻ ഫുട്ബോളിന്റെ സാധ്യമായത്ര ഉയരങ്ങളിലേക്ക് എത്തിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്നും പത്രക്കുറിപ്പിൽ പറയുന്നു.ഇന്ത്യൻ ഫുട്ബോളിന്റെ ഹൃദയം എന്നുതന്നെ അറിയപ്പെടുന്ന കേരളത്തിലെ ജനങ്ങളുടെ ഫുട്ബോൾ കമ്പം ലോക പ്രസിദ്ധമാണെന്ന് പറഞ്ഞ യുണൈറ്റഡ് വേൾഡ് ഗ്രൂപ്പ് സി ഇ ഒ അബ്ദുള്ള അൽ-ഘംഡി, ക്ലബ്ബിന്റെ അടിത്തറ ശക്തമാക്കുക എന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും പറഞ്ഞു.ഫുട്ബോൾ അക്കാദമി ആരംഭിക്കുവാനും പദ്ധതിയുണ്ട്.
കേരളത്തിന്റെ ദേശീയ പക്ഷിയായ വേഴാമ്പലാണ് ക്ലബ്ബിന്റെ പുതിയ ലോഗോയിൽ ഉള്ളത്. സൗദി രാജകുമാരനായ അബ്ദുള്ള ബിൻ മുസ അഡ് ബിൻ ആണ് ഷെഫീൽഡ് യുണൈറ്റഡിന്റെ ഉടമ. ഇതുകൂടാതെ ഹിലാൽ യുണൈറ്റഡ് ക്ലബ്ബ് ഓഫ് യു എ ഇ, ബൽജിയത്തിലെ ബീർഷോട്ട് വി എ, അൽ ഹിലാൽ ഓഫ് സൗദി അറേബ്യ എന്നിവയിലും അദ്ദേഹത്തിന് പങ്കാളിത്തമുണ്ട്. യുണൈറ്റഡ് ഗ്രൂപ്പിന്റെ നയപരിപാടികൾക്ക് അനുസരിച്ച്, പ്രാദേശികമായി നിയമിക്കുന്ന ജീവനക്കാരായിരിക്കും ക്ലബ്ബിന്റെ നടത്തിപ്പിന്റെ ചുമതല വഹിക്കുക എന്നും പത്രക്കുറിപ്പിൽ പറയുന്നു.
സംസ്ഥാനത്തെക്ക് ഒരു പ്രീമിയർ ലീഗ്ക്ലബ്ബ് കടന്നു വരുന്നത് തീർച്ചയായും കേരളത്തിലെ ഫുട്ബോളിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ സഹായിക്കുമെന്ന് കാലിക്കറ്റ് ക്വാർട്ട്സ് എഫ്. സിയുടെ നിലവിലെ ഉടമയായ പി. ഹരിദാസ് പറയുന്നു. സംസ്ഥാനത്ത്, പ്രത്യേകിച്ച് മലബാറിൽ ഫുട്ബോൾ രംഗത്ത് ഒരു സമ്പൂർണ്ണ വികസനമാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്ന് ഡയറക്ടർമാരിൽ ഒരാളായ അക്ഷയ് ദാസും പറഞ്ഞു.1977 ൽ സ്ഥാപിതമായ ക്വാർട്ട്സ് എഫ്. സി 2011 വരെ ഒരു അമേച്ചർ ക്ലബ്ബായി തുടർന്നു. പിന്നീട് 2012-ൽ ഐ ലീഗ് സെക്കൻഡ് ഡിവിഷൻ മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. 2018-ലെ കേരള പ്രീമിയർ ലീഗിൽ റണ്ണർ അപ്പായിരുന്നു കാലിക്കറ്റ് ക്വാർട്ട്സ്.
മറുനാടന് ഡെസ്ക്