മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ നാട്ടങ്കത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്. ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന മാഞ്ചെസ്റ്റർ ഡെർബിയുടെ ആദ്യ പകുതിയിൽ തുടക്കത്തിലെ എറിക് ബെയ്ലിയുടെ സെൽഫ് ഗോളിൽ പിന്നിലായിപ്പോയ യുണൈറ്റഡിന് പിന്നീട് തിരിച്ചുവരാനായില്ല.

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഗോൾ കീപ്പർ ഡേവിഡ് ഡി ഗിയയുടെ പിഴവിൽ നിന്നും ബെർണാഡോ സിൽവ സിറ്റിയുടെ ലീഡുയർത്തി. മത്സരത്തിലുടനീളം ആധിപത്യം പുലർത്താൻ പെപ് ഗാർഡിയോളയ്ക്കും സംഘത്തിനും സാധിച്ചു.

ഈ തോൽവിയോടെ മാഞ്ചെസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷ്യർക്ക് മേലുള്ള സമ്മർദ്ദം ഇരട്ടിയായി. സോൾഷ്യറെ ഉടൻ തന്നെ പരിശീലകസ്ഥാനത്തുനിന്ന് പുറത്താക്കിയേക്കും.

രണ്ടാം പകുതിയിൽ ഗോൾ തിരിച്ചടിക്കാനുള്ള യുണൈറ്റഡ് ശ്രമങ്ങളെല്ലാം പാഴായിപ്പോയതോടെ സീസണിലെ ആദ്യ ഡാർബിയിൽ സിറ്റി വിജയികളായി തിരിച്ചുകയറി. സീസണിൽ മോശം ഫോമിലാണെങ്കിലും സിറ്റിക്കെതിരെ കഴിഞ്ഞ നാലു മത്സരങ്ങളിലും തോൽവി അറിഞ്ഞിട്ടില്ലെന്ന ആത്മവിശ്വാസത്തിലിറങ്ങിയ യുണൈറ്റഡിനെ പൊരുതാൻ പോലുമാകാതെ കീഴടക്കുന്ന പ്രകടനമാണ് പെപ് ഗ്വാർഡിയോളയുടെ സംഘം പുറത്തെടുത്തത്.

യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ഏഴാം മിനിട്ടിൽ തന്നെ സിറ്റി ലീഡെടുത്തു. കാൻസലോയുടെ ക്രോസ് തടയാൻ ശ്രമിച്ച ബെയ്ലിയുടെ കാലിൽ തട്ടി പന്ത് വലയിൽ കയറുകയായിരുന്നു.

പിന്നാലെ സമനില ഗോൾ നേടാനുള്ള സുവർണാവസരം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പാഴാക്കി. ആദ്യ പകുതി അവസാനിക്കാൻ മിനിട്ടുകൾ ബാക്കിനിൽക്കെ സിറ്റി ലീഡുയർത്തി. 45-ാം മിനിട്ടിൽ ബെർണാഡോ സിൽവയാണ് സിറ്റിക്ക് വേണ്ടി വല ചലിപ്പിച്ചത്.

ഇത്തവണയും കാൻസലോയാണ് ഗോളിന് വഴിയൊരുക്കിയത്. കാൻസലോയുടെ ക്രോസ് തടയുന്നതിൽ ലൂക്ക് ഷോ പരാജയപ്പെട്ടു. പാസ് സ്വീകരിച്ച സിൽവ പന്ത് അനായാസം വലയിലെത്തിച്ചു. രണ്ടാം പകുതിയിൽ മാറ്റങ്ങൾ ഒരുപാട് നടത്തിയിട്ടും യുണൈറ്റഡിന് വിജയം നേടാനായില്ല.

എഡിൻസൺ കവാനി, റാഫേൽ വരാനെ എന്നിവർ പരിക്കുമൂലം കളിക്കാതിരുന്ന മത്സരത്തിൽ യുണൈറ്റഡിനുവേണ്ടി ബെയ്ലിയും ഗ്രീൻവുഡുമാണ് ആദ്യ ഇലവനിൽ ഇടം നേടിയത്. 3-5-2 ശൈലിയിൽ കളിച്ച യുണൈറ്റഡ് പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തു. ഇതാണ് ഗോളവസരങ്ങൾ കുറയാൻ കാരണമായത്. മറുവശത്ത് സിറ്റി 4-3-3 ശൈലിയിലാണ് കളിച്ചത്. സിറ്റി ആദ്യം മുതൽ അവസാനം വരെ ആക്രമണ ഫുട്ബോളാണ് കാഴ്ചവെച്ചത്.

സിറ്റി ഗോൾപോസ്റ്റിലേക്ക് അഞ്ചുഷോട്ടുകൾ ഉതിർത്തപ്പോൾ യുണൈറ്റഡ് ആകെ ഒരേയൊരു ഷോട്ട് മാത്രമാണ് തൊടുത്തത്. 68 ശതമാനം സമയവും സിറ്റിയാണ് പന്ത് കൈവശം വെച്ചത്.

ഈ തോൽവിയോടെ ഒലെ ഗുണ്ണാർ സോൾഷ്യറിനെതിരേ ആരാധകർ പ്രതിഷേധമുയർത്താൻ തുടങ്ങി. ക്രിസ്റ്റ്യാനോ റൊണാൾഡോ, ജേഡൻ സാഞ്ചോ, റാഫേൽ വരാനെ, മഗ്വയർ, ബ്രൂണോ ഫെർണാണ്ടസ് തുടങ്ങിയ പ്രതിഭാധനരായ ഒട്ടേറെ കളിക്കാരുണ്ടായിട്ടും യുണൈറ്റഡിന് വിജയം സമ്മാനിക്കാൻ സോൾഷ്യർക്ക് സാധിക്കുന്നില്ല. സോൾഷ്യർക്ക് പകരം സിനദിൻ സിദാനെ പരിശീലകനാക്കണമെന്നാണ് ആരാധകരുടെ ആവശ്യം.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തിരിച്ചെത്തിയശേഷം ആദ്യമായിട്ടാണ് സിറ്റിക്കെതിരെ യുണൈറ്റഡ് ഇറങ്ങിയത്. എന്നാൽ കഴിഞ്ഞ മത്സരങ്ങളിലെല്ലാം അവസാന നിമിഷം രക്ഷകനായി അവതരിച്ച റൊണാൾഡോക്കും സിറ്റിക്കെതിരെ കാര്യമായി ഒന്നും ചെയ്യാനായില്ല.

ജയത്തോടെ 11 കളികളിൽ 23 പോയന്റുമായി സിറ്റി പോയന്റ് പട്ടികയിൽ ലിവർപൂളിനെ പിന്തള്ളി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഒരു മത്സരം കുറച്ചുകളിച്ച ചെൽസി 25 പോയന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. ചെൽസിക്ക് ഇന്ന് ബേൺലിയുമായി മത്സരമുണ്ട്. 10 മത്സരങ്ങളിൽ 22 പോയന്റുള്ള ലിവർപൂളാണ് മൂന്നാം സ്ഥാനത്ത്. 11 മത്സരങ്ങളിൽ 17 പോയന്റ് മാത്രമുള്ള യുണൈറ്റഡ് പോയന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.