തൃക്കരിപ്പൂർ: അങ്ങനെ ഞാനും ഭാര്യയും മല കയറാൻ മാലയിട്ട് ഒരുസെൽഫി...പ്രേംജി തൃക്കരിപ്പൂർ എന്ന വ്യക്തി ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റ് ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിർക്കുന്നവരെ ചൊടിപ്പിച്ചിരുന്നു. പോസ്റ്റിനെതിരെ ശക്തമായ പ്രതികരണങ്ങളാണ് ഫേസ്‌ബുക്കിലുണ്ടായത്. ശക്തമായ അസഭ്യവർഷവും കമന്റുകളുടെ രൂപത്തിൽ വന്നു. പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി പ്രേംജി തന്നെ വിശദീകരണവുമായി ഫേസ്‌ബുക്ക് ലൈവിലെത്തി. തന്റെ പോസ്റ്റിന് ഒരു ലക്ഷ്യമുണ്ടായിരുന്നുവെന്നും അത് മലയാളികളുടെ പ്രതികരണശേഷിയെ ഉണർത്തുക എന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താനും ഭാര്യയും ശബരിമലയിൽ പോകുന്നുവെന്നല്ല പഴനിമലയിൽ കയറുന്നുവെന്നാണ് ഉദ്ദേശിച്ചത്. താൻ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ ശക്തമായി എതിർക്കുന്ന വ്യക്തിയാണെന്നും പ്രേംജി വിശദീകരിച്ചു.

ഫേസ്‌ബുക്ക് ലൈവിലെ പ്രസക്തഭാഗങ്ങൾ:

' എന്റെ പോസ്റ്റ് വിവാദമായപ്പോൾ ഡിലീറ്റ് ചെയ്യണമെന്ന് ഒരുപക്ഷം ആവശ്യപ്പെട്ടു. എന്നാൽ, അതിന്റെ ആവശ്യമില്ലെന്ന് മറ്റുചില സുഹൃത്തുക്കൾ പറഞ്ഞു. എന്റെ പോസ്റ്റിന് ഒരുലക്ഷ്യമുണ്ടായിരുന്നു. രണ്ടാം തീയതിയാണ് ഞാൻ പോസ്റ്റിട്ടത്. അങ്ങനെ ഞാനും ഭാര്യയും മല കയറാൻ മാലയിട്ട് ഒരുസെൽഫി എന്നായിരുന്നു പോസ്റ്റ്. മലകയറുക എന്ന് പറഞ്ഞാൽ ഒരുപാട് മലകളുണ്ട്. ഞാൻ ഉദ്ദേശിച്ചത് പഴനിമലയാണ്. ഞാൻ ശബരിമലയിൽ മാലയിട്ട് പോകുന്ന വ്യക്തിയാണ്. ആർക്കെങ്കിലും തെറ്റായ ഇൻഫൊർമേഷൻ കിട്ടിയെങ്കിൽ അങ്ങനെ വിചാരിക്കരുത്.

എന്റെ നിലപാടറിയാൻ ഫേസ്‌ബുക്കിലെ പഴയ പോസ്റ്റുകൾ നോക്കിയാൽ മതി. ഞാൻ ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന വ്യക്തിയാണ്. ഞാൻ ഈ പോസ്റ്റ് ഇടാൻ കാരണം നമുക്ക് പ്രതികരണശേഷി വേണം. രാഷ്ട്രീയഭേദമെന്യേ, ജാതിമതഭേദമെന്യേ ശബരിമല സ്ത്രീപ്രവേശനത്തിലെ കോടതി വിധിക്കെതിരെ എല്ലാവരും പ്രതികരിക്കണം.

ഫേസ്‌ബുക്കിൽ അസഭ്യം പറഞ്ഞ് പ്രതികരിച്ചാൽ പോരാ. സമൂഹത്തിൽ ആക്ടീവായി ഇറങ്ങി പ്രതികരിക്കണം. ജനങ്ങളെ അറിയിക്കണം. ഞാനും എന്റെ ഭാര്യയും ഫോട്ടോ പോസ്റ്റ് ചെയ്ത് മല കയറുന്നുവെന്ന് പറയുമ്പോൾ നിങ്ങളുടെ മനസ്സിലുള്ള ഉള്ളിലുള്ള ആ ചിന്താഗതി പുറത്തേക്കെടുക്കണം. അതാണ് ഉദ്ദേശിക്കുന്നത്. നമ്മുടെ കേരളത്തിൽ തന്നെ എത്ര ഫെമിനിച്ചികൾ മെൻസസായിട്ട് അമ്പലത്തിൽ പോകുന്നുവെന്ന് പറയുന്നു..നിങ്ങൾ അവിടെ പോയിട്ട് തെറി പറയണം.

ശരിക്കും പറഞ്ഞാൽ സർക്കാരാണ് ഇതിന്റെ കാരണക്കാർ. സർക്കാരാണ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത്. ഡിജിപി പറയുകയാണ് സ്ത്രീകൾക്ക് ശബരിമലയിൽ ദർശനം നടത്താനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന്. നമ്മുടെ പ്രതികരണശേഷി വീണ്ടെടുക്കുകയാണ് വേണ്ടത്. ഫേസ്‌ബുക്കിൽ ചെലച്ചിട്ട് കാര്യമില്ല. നമ്മൾ വോട്ടുകൊടുത്ത രാഷ്ട്രീയക്കാർക്കെതിരെയാണ് പ്രതികരിക്കേണ്ടത്, പ്രേംജി ഇല്ലത്ത് പറഞ്ഞു.

പ്രേംജിയുടെ പഴയ പോസ്റ്റുകളിൽ തൃപ്തിദേശായി,രഹന ഫാത്തിമ തുടങ്ങിയവർക്കെതിരെയുള്ള പ്രതികരണങ്ങൾ കാണാം.