തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ എത്തുമെന്നും തമിഴ്‌നാട്ടിൽ ഭരണമാറ്റം ഉണ്ടാകുമെന്നും പ്രവചിച്ച് മാതൃഭൂമി സിവോട്ടർ സർവേ ഫലം. പുതുച്ചേരിയിൽ എൻഡിഎ സർക്കാർ രൂപവത്കരിക്കുമെന്നാണ് സർവെയുടെ വിലയിരുത്തൽ.

ബംഗാളിൽ തൃണമുൽ കോൺഗ്രസ് 162 മുതൽ 168 സീറ്റുകൾ നേടി മമത ബാനർജി വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് എത്തുമെന്നും ബിജെപി 120 സീറ്റ് വരെ നേടി വൻ പ്രകടനം കാഴ്ചവെയ്ക്കുമെന്നും സർവേയിൽ പറയുന്നു. ബിജെപി 104 മുതൽ 120 വരെ സീറ്റ് നേടുമെന്നും കോൺഗ്രസ് ഇടത് സഖ്യം 18 മുതൽ 26 സീറ്റുകളിൽ ഒതുങ്ങുമെന്നും സർവേ പ്രവചിക്കുന്നു.

17890 പേരാണ് സർവേയുടെ ഭാഗമായത്. മമത സർക്കാരിന്റെ ഭരണം മികച്ചതാണ് എന്ന് 48.4 ശതമാനവും ശരാശരി എന്ന് 20.8 ശതമാനവും മോശം എന്ന് 30.8 ശതമാനവും ആളുകൾ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി എന്ന നിലയിൽ മമതയുടെ പ്രകടനം മികച്ചത് എന്ന് 58.7 ശതമാനവും ശരാശരി എന്ന് 15.1 ശതമാനവും മോശം 26.2 ശതമാനവും അഭിപ്രായപ്പെട്ടു.

പുതിയ മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന് 54.9 ശതമാനം പേരുടെ പിന്തുണയുമായി മമത ബാനർജി മുൻപിലെത്തി. ബിജെപി അധ്യക്ഷൻ ദിലിപ് ഘോഷ് 32.3 ശതമാനവും മുകുൾ റോയി 6.5 ശതമാനവും ആധിർ രഞ്ജൻ ചൗദരി (കോൺഗ്രസ്) 1.2 ശതമാനവും സുചോൻ ചക്രവർത്തി (സിപിഎം) 1.3 ശതമാനവും പിന്തുണ നേടി.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെ സഖ്യം അധികാരത്തിലെത്തുമെന്നാണ് മാതൃഭൂമി- സി വോട്ടർ സർവ്വേ പ്രവചിക്കുന്നത്. 234 സീറ്റുകളിൽ 177 സീറ്റ് എം.കെ സ്റ്റാലിൻ നേതൃത്വം നൽകുന്ന ഡി.എം.കെ സഖ്യം സ്വന്തമാക്കുമെന്നാണ് സർവ്വേ പറയുന്നത്. എ.ഐ.എ.ഡി.എം.കെയ്ക്ക് 49 സീറ്റ് മാത്രമേ ലഭിക്കൂ എന്നും സർവ്വേ പറയുന്നു. കമൽ ഹാസന്റെ മക്കൾ നീതി മയ്യത്തിന് 3 സീറ്റും ടി.ടി.വി ദിനകരന്റെ എ.എം.എം.കെയ്ക്ക് 5 സീറ്റും മറ്റുള്ള പാർട്ടികൾക്ക് 2 സീറ്റുമാണ് പ്രവചിക്കുന്നത്.

234 നിയമസഭ സീറ്റുകളാണ് തമിഴ്‌നാട്ടിൽ ഉള്ളത്. 118 സീറ്റുകളാണ് കേവല ഭൂരിപക്ഷം നേടി വിജയിക്കുന്നതിനായി വേണ്ടത്. നിലവിലെ നിയമസഭയിൽ ഭരണകക്ഷിയായ അണ്ണാഡി.എം.കെയ്ക്ക് 124 സീറ്റുകളാണ് ഉള്ളത്.

കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ആറിന് തന്നെയാണ് തമിഴ്‌നാട്ടിലും തെരഞ്ഞെടുപ്പ്. ഫല പ്രഖ്യാപനം മെയ് 2 ന് നടക്കും.

എടപ്പാടി പളനിസ്വാമി എന്ന മുഖ്യമന്ത്രിയുടെ പ്രകടനം വിലയിരുത്തപ്പെട്ടപ്പോൾ മികച്ചതെന്ന് അഭിപ്രായപ്പെട്ടത് 33.6 ശതമാനമാണ്. 37 ശതമാനം ശരാശരിയെന്നും 29.4 ശതമാനം മോശമെന്നും അഭിപ്രായപ്പെട്ടു.

ആരാകണം മുഖ്യമന്ത്രി എന്ന ചോദ്യത്തിന് കൂടുതൽ പേരും സ്റ്റാലിന് അനുകൂലമായ അഭിപ്രായമാണ് പങ്കുവെച്ചത്.

സ്റ്റാലിൻ- 43.1, പളനിസാമി 29.7, ശശികല 8.4, കമൽഹാസൻ -4.8, രജനികാന്ത്--1.9 ശതമാനം, എന്നിങ്ങനെ പോകുന്നു അടുത്ത മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നവരുടെ സാധ്യതയുടെ ശതമാനകണക്കുകൾ.

തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രധാനമായും നാല് മുന്നണികൾ ആണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അണ്ണാ ഡി.എം.കെ നേതൃത്വം നൽകുന്ന എൻ.ഡി.എ സഖ്യം, ഡി.എം.കെ നേതൃത്വം നൽകുന്ന സെക്കുലർ പ്രോഗ്രസീവ് അലയൻസ്, കമൽഹാസന്റെ മക്കൾ നീതി മയ്യം നേതൃത്വം നൽകുന്ന മൂന്നാം മുന്നണി, ടി.ടി.വി ദിനകരന്റെ എ.എം.എം.കെ നേതൃത്വം നൽകുന്ന നാലാം മുന്നണി എന്നിവയാണിത്.

ഇതിന് പുറമെ ഒരു സംഖ്യത്തിലും ചേരാതെ സീമാൻ നേതൃത്വം നൽകുന്ന നാം തമിലർ കച്ചി, ബി.എസ്‌പി, പി.ടി.കെ, ആർ.പി.ഐ തുടങ്ങിയ പാർട്ടികളും സംസ്ഥാനത്ത് മത്സരിക്കുന്നുണ്ട്.

പുതുച്ചേരിയിൽ എൻഡിഎ 21 സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നാണ് മാതൃഭൂമി സീ-വോട്ടർ അഭിപ്രായ സർവെ പറയുന്നത്. യുപിഎ ഒൻപത് സീറ്റുകളിൽ ഒതുങ്ങുമെന്നും അഭിപ്രായ സർവെ പ്രവചിക്കുന്നു. എൻഡിഎ 19 മുതൽ 23 സീറ്റുകൾ വരെ നേടുമെന്നാണ് സർവെ പ്രവചിക്കുന്നത്. യുപിഎ ഏഴ് മുതൽ 11 വരെ സീറ്റുകൾ നേടും. മറ്റുള്ളവർ 0-1 സീറ്റുകൾ നേടും.

ആരാകണം മുഖ്യമന്ത്രി എന്ന ചോദ്യത്തിന് സർവെയിൽ പങ്കെടുത്ത 49.8 ശതമാനം പേരും എൻ. രംഗസ്വാമി എന്നാണ് ഉത്തരം നൽകിയത്. ഇത്തവണ മത്സര രംഗത്തില്ലാത്ത മുഖ്യമന്ത്രി വി. നാരായണ സ്വാമി മുഖ്യമന്ത്രിയാകണമെന്ന് 20 ശതമാനം പേർ അഭിപ്രായപ്പെട്ടു. ഈ ചോദ്യത്തിന് ഉത്തരം പറയാനാകില്ലെന്ന് 15.9 ശതമാനം പേരും മറ്റാരെങ്കിലും മുഖ്യമന്ത്രിയാകണമെന്ന് 14.3 ശതമാനം പേരും അഭിപ്രായപ്പെട്ടു.

നിലവിലെ കോൺഗ്രസ് മുഖ്യമന്ത്രി വി. നാരായണസ്വാമിയുടെ പ്രകടനം മികച്ചതാണെന്ന് 9.7 ശതമാനം പേർ മാത്രമാണ് അഭിപ്രായപ്പെട്ടത്. 27.4 ശതമാനം പേർ ശരാശരിയെന്ന് വിലയിരുത്തി. 62.9 ശതമാനം പേരാണ് വി. നാരായണ സ്വാമിയുടെ പ്രകടനം മോശമായിരുന്നുവെന്ന് വിലയിരുത്തിയത്. പുതുച്ചേരിയിലെ കോൺഗ്രസ് സർക്കാരിന്റെ പ്രകടനം മികച്ചതാണെന്ന് 9.7 ശതമാനം പേർ മാത്രം വിലയിരുത്തി. 34.4 ശതമാനംപേർ സർക്കാരിന്റെ പ്രകടനം ശരാശരിയെന്ന് വിലയിരുത്തിയപ്പോൾ 55.9 ശതമാനം പേരാണ് പുതുച്ചേരിയിലെ കോൺഗ്രസ് സർക്കാരിന്റെ പ്രകടനം മോശമെന്ന് വിലയിരുത്തിയത്. 1265 പേരാണ് സർവെയിൽ പങ്കെടുത്തത്.