- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമ്മു കശ്മീരിൽ വീരമൃത്യു വരിച്ച ഹെഡ് കോൺസ്റ്റബിൾ അബ്ദുൽ റഷീദ് ഖലാസിന് കീർത്തി ചക്ര; എയർഫോഴ്‌സ് വിങ് കമാൻഡർ വിശാഖ് നായർക്ക് ശൗര്യ ചക്ര; ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളിക്ക് നാലു വർഷത്തിന് ശേഷം പൊലീസ് മെഡൽ: രാഷ്ട്രപതിയുടെ മെഡൽ പട്ടികയിൽ കേരളത്തിന് അകത്തും പുറത്തും തിളങ്ങി മലയാളികൾ
ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ മികച്ച ഉദ്യോഗസ്ഥർക്ക് നൽകുന്ന മെഡലുകൾക്ക് 926 പേർ അർഹരായി. ധീരതയ്ക്കും വിശിഷ്ട സേവനത്തിനും സ്തുത്യർഹ സേവനത്തിനുമുള്ള മെഡലുകളാണ് ആഭ്യന്തരമന്ത്രാലയം വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. ധീരതയ്ക്കുള്ള കീർത്തിചക്ര പുരസ്‌കാരം ജമ്മു കശ്മീരിൽ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച ഹെഡ് കോൺസ്റ്റബിൾ അബ്ദുൽ റഷീദ് ഖലാസിന് മരണാനന്തര ബഹുമതിയായി ലഭിക്കും.
കരസേനയിൽ നിന്ന് മൂന്ന് പേർക്ക് ശൗര്യ ചക്ര പുരസ്‌കാരങ്ങളുണ്ട്. എയർഫോഴ്‌സ് വിങ് കമാൻഡർ വിശാഖ് നായർക്കും ശൗര്യ ചക്ര ലഭിച്ചു. ലഫ്. കേണൽ കൃഷ്ണൻ സിങ് റാവത്ത് (പാരഷൂട്ട് റെജിമെന്റ് ഒന്നാം ബറ്റാലിയൻ), മേജർ അനിൽ അർസ് (മറാഠാ ലൈറ്റ് ഇൻഫൻട്രി നാലാം ബറ്റാലിയൻ), ഹവിൽദാർ അലോക് കുമാർ ദുബെ (രാഷ്ട്രീയ റൈഫിൾസ് 44ാം ബറ്റാലിയൻ) എന്നിവർക്കാണ് കരസേനയിൽ നിന്ന് ശൗര്യചക്ര ലഭിച്ചത്. ജമ്മു കശ്മീർ പൊലീസിലെ ഡിഐജി അമിത് കുമാർ, മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സിഐഎസ്എഫിലെ മഹാവീർ പ്രസാദ് ഗോദാര, എറണ്ണ നായക, മഹേന്ദ്ര കുമാർ പാസ്വാൻ, സതിഷ് ഖുഷ്വാഹ എന്നിവർക്കും ശൗര്യചക്ര പുരസ്‌കാരമുണ്ട്.
അഞ്ച് പേർ രണ്ടാമതും സേനാ പുരസ്‌കാരങ്ങൾക്ക് (ബാർ ടു സേനാ മെഡൽ) അർഹരായി. പഞ്ചാബ് റെജിമെന്റിലെ കേണൽ അമിത് കൻവർ, അസം റെജിമെന്റിലെ ലഫ്. കേണൽ അമരേന്ദ്ര പ്രസാദ് ദ്വിവേദി, രാഷ്ട്രീയ റൈഫിൾസിലെ (ഗഡ്വാൾ റൈഫിൾസ്) മേജർ അമിത് സാഹ്, രാഷ്ട്രീയ റൈഫിൾസ് രജ്പുത് റെജിമെന്റിലെ മേജർ അഖിൽകുമാർ ത്രിപാഠി, പാരഷൂട്ട് റെജിമെന്റ് ഒമ്പതാം ബറ്റാലിയനിലെ നായിബ് സുബേദാർ അനിൽകുമാർ എന്നിവരാണ് അവർ.
ലിജുവിന് മരണാനന്തര ബഹുമതിയായി പൊലീസ് മെഡൽ
ന്യൂഡൽഹി: ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ബാലരാമപുരം സ്വദേശിക്ക് മരണാനന്തര ബഹുമതിയായി പൊലീസ് മെഡൽ. ഐത്തിയൂർ വാറുവിളാകത്ത് പുതുവൽ പുത്തൻവീട്ടിൽ എൻ.എസ്. ലജുവിനാണ് മരിച്ച് നാലു വർഷത്തിനുശേഷം മരണാനന്തര ബഹുമതിയായി രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചത്.
ഈ വിവരം ലജുവിന്റെ അമ്മ എ. സുലോചനയും സഹോദരി എൻ.എസ്. ലിനിയും അറിയുന്നത് പള്ളിപ്പുറം സിആർപിഎഫിലെ ഡിഐജി മാത്യു എ. ജോൺ ഇന്നലെ രാവിലെ ലജുവിന്റെ പ്രതിമയിൽ പുഷ്പചക്രം അർപ്പിക്കാൻ എത്തുമ്പോഴാണ്. അമ്മ സുലോചനയെ പൊന്നാട അണിയിക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു. 19-ാം വയസ്സിൽ ജോലിയിൽ പ്രവേശിച്ച ലജു 24ാമത്തെ വയസ്സിലാണ് വെടിയേറ്റ് മരിക്കുന്നത്. പള്ളിപ്പുറം സിആർപിഎഫ് 208 കോബ്ര യൂണിറ്റിലെ അംഗമായിരുന്നു.
പിഎൻ മോഹന കൃഷ്ണന് രാഷ്ട്രപതിയുടെ മെഡൽ
മലപ്പുറം: രാഷ്ട്രപതിയുടെ സ്തുത്യർഹ സേവനത്തിനുള്ള മെഡലിന് മലപ്പുറം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി.എൻ. മോഹനകൃഷ്ണൻ അർഹനായി. പുഴക്കാട്ടിരി സ്വദേശിയാണ്. 2012 മുതൽ പെരിന്തൽമണ്ണ ക്രൈം സ്‌ക്വാഡിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച മോഹനകൃഷ്ണൻ 2017-ലാണ് മലപ്പുറം വിജിലൻസിലെത്തുന്നത്.
മുഖ്യമന്ത്രിയുടെ മെഡലും രണ്ടുതവണ ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്‌കാരവും നേടിയിട്ടുണ്ട്. ഭാര്യ: ബീന (രാമപുരം ചൊവ്വാണ ജി.എൽ.പി. സ്‌കൂൾ അദ്ധ്യാപിക). മക്കൾ: ഗോപിക, ഗിരിധർ.
വി മധുസൂദനന് രാഷ്ട്രപതിയുടെ മെഡൽ
കാഞ്ഞങ്ങാട്: പൊലീസ് സേവനത്തിൽനിന്ന് വിരമിച്ച വി. മധുസൂദനന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ. ജീവിതത്തിൽ കാക്കിവേഷത്തോട് വിടപറഞ്ഞ് വക്കീൽക്കുപ്പമായമണിഞ്ഞ് മറ്റൊരധ്യായത്തിലേക്കുള്ള ചുവടുവയ്പിനിടയിലാണ് ഇപ്പോൾ രാഷ്ട്രപതിയുടെ പൊലീസ് മെഡൽ തേടിയെത്തിയത്. കണ്ണൂർ വിജിലൻസ് ഡിവൈ.എസ്‌പി. ആയിരിക്കെ കെ.എം. ഷാജി എംഎൽഎ.യ്‌ക്കെതിരെയുള്ള കേസ് അന്വേഷണത്തിനിടെ മെയ് 31-നാണ് മധുസൂദനൻ സർവീസിൽനിന്ന് വിരമിച്ചത്. പത്തനംതിട്ട, വയനാട്, മലപ്പുറം, കാസർകോട് ജില്ലകളിലും ജോലി ചെയ്തിരുന്നു.
കൂത്തുപറമ്പിൽ ഇൻസ്പെക്ടറായിരിക്കെ മയൂഖം സിനിമയിൽ ഒരു വേഷം കിട്ടി. സിനിമാനടനാകാനുള്ള ആഗ്രഹസാഫല്യത്തിന്റെ തുടക്കം. അമ്പല ഭാരവാഹിയുടെ റോളിൽ കലാഭവൻ മണിയെ അടിക്കുന്ന മധുസൂദനന്റെ അഭിനയപാടവം മലയാളികൾ ശരിക്കും തിരിച്ചറിഞ്ഞത് തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്ന സിനിമയിറങ്ങിയപ്പോഴാണ്. പിന്നീടിങ്ങോട്ട് 10-ലധികം സിനിമകളിൽ ശ്രദ്ധേയമായ റോൾ. കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയിൽ കുടുംബകോടതി മജിസ്ട്രേറ്റായിരുന്നു. നിവിൻ പോളിയുമൊത്ത് അഭിനിയിച്ച തുറമുഖം എന്ന സിനിമ വരാനിരിക്കുതേയുള്ളൂ. ഇതിൽ കളക്ടറുടെ വേഷമാണ്.
രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും എന്ന സിനിമയിലാണ് വീണ്ടും ഡിവൈ.എസ്‌പി. ആകുന്നത്. ആസിഫലിയാണ് നായകൻ. സിനിമാനടൻ കൂടിയായ കാസർകോട്ടെ മറ്റൊരു പൊലീസുദ്യോഗസ്ഥൻ സിബി തോമസ് ആണ് ഈ സിനിമയുടെ തിരക്കഥാകൃത്ത്. കുണ്ടംകുഴിയിലെ ഒരു മോഷണക്കേസിനെ ആസ്പദമാക്കിയുള്ളതാണ് കഥ.
തൃക്കരിപ്പൂർ ഈയ്യക്കാട് സ്വദേശിയാണ് മധുസൂദനൻ. കാസർകോട് ഡി.സി.ആർ.ബി. ഡിവൈ.എസ്‌പി. ആയിരിക്കെ, സ്തുത്യർഹ സവനത്തിന് 2012-ൽ മുഖ്യമന്ത്രിയുടെ പൊലീസ് മേഡലും കിട്ടിയിരുന്നു. പൊലീസ് ജീവിതത്തിൽനിന്ന് വിടപറഞ്ഞ ഈ നിയമബിരുദധാരി വീണ്ടും വക്കീൽക്കുപ്പായവുമണിഞ്ഞു. ഇപ്പോൾ ഹൊസ്ദുർഗ് ബാറിലെ അഭിഭാഷകനാണ്. ഭാര്യ: കെ. ഷീബ (അദ്ധ്യാപിക). മക്കൾ: എം.എസ്സി. രസതന്ത്രവിദ്യാർത്ഥിനി ആതിര, ബിസിനസ് മാനേജ് വിദ്യാർത്ഥി അരവിന്ദ്.
കേരളത്തിന് അകത്തും പുറത്തും തിളങ്ങി മലയാളികൾ
മെഡലിന് അർഹരായ കേരള പൊലീസിലെ ഉദ്യോഗസ്ഥർക്ക് പുറമേയുള്ള മലയാളികൾ ഇവരാണ്:
വിശിഷ്ട സേവനം
കെ.പി. മുരളീധരൻ, അസിസ്റ്റന്റ് സബ്ബ് ഇൻസ്‌പെക്ടർ (വയർലെസ് ഓപ്പറേറ്റർ), ലക്ഷദ്വീപ് പൊലീസ് സ്‌പെഷൽ ബ്രാഞ്ച് യൂണിറ്റ്, വെല്ലിങ്ടൺ ദ്വീപ്, കൊച്ചി.
സ്തുത്യർഹസേവനം
സിആർപിഎഫ്: ആനി അബ്രഹാം - ഡി.ഐ.ജി., സിആർപിഎഫ്., ന്യൂഡൽഹി., ന്യൂഡൽഹി. ബി.എസ്.എഫ്.: അനിൽകുമാർ-ലോ ഓഫീസർ, ഡി.ജി. ആസ്ഥാനം, ന്യൂഡൽഹി, മുഹമ്മദ് ഇബ്രാഹിം-അസി. കമാൻഡന്റ്, 43 ബറ്റാലിയൻ, സുരേഷ് കുമാർ-എസ്‌ഐ. കോസ്റ്റ് ബി.എസ്.എഫ്. അക്കാദമി, ഗ്വാളിയർ.
എൻ.ഡി.ആർ.എഫ്.: കെ. ചന്ദ്രശേഖരൻ-ഇൻസ്‌പെക്ടർ, എൻ.ഡി.ആർ.എഫ്. ആസ്ഥാനം സിഐ.എസ്.എഫ്.: പ്രകാശ് ആന്റണി-അസി. കമാൻഡന്റ്, വെല്ലൂർ, ആർ. മുരളീധരൻ-അസി. കമാൻഡന്റ്, ചെന്നൈ ആസ്ഥാനം, വി. ജയകുമാർ-ഇൻസ്‌പെക്ടർ, ബെംഗളൂരു, ജെ. മോഹനൻ-എഎസ്ഐ., നെല്ലൂർ, സി. ഗണേശൻ-എഎസ്ഐ., ബെംഗളൂരു ഇൻഫോസിസ് യൂണിറ്റ്, കെ.ഐ. മാത്യു-എഎസ്ഐ. കൊച്ചി. എസ്.എസ്.ബി.: ജോസ് കുട്ടി ജോൺ-എസ്‌ഐ. (മെഡിക്), ഭിലായ്, ഛത്തീസ്‌ഗഢ്. റെയിൽവേ: സന്തോഷ് നമ്പി ചന്ദ്രൻ, ഡി.ഐ.ജി., ന്യൂഡൽഹി. എം. മുഹമ്മദ് റാഫി-ഹെഡ് കോൺസ്റ്റബിൾ, ബെംഗളൂരു. നാഷണൽ ക്രിമിനോളജി ആൻഡ് ഫൊറൻസിക് ലാബ് കെ. സേതുമാധവൻ (ന്യൂഡൽഹി)
മറുനാടന് മലയാളി ബ്യൂറോ