മലപ്പുറം: ഡീസലിലെ ജലാംശം മൂലം വാഹനത്തിന് ഗുരുതര കേടുപാട് സംഭവിച്ചെന്ന പരാതിയിൽ ചെലവും നഷ്ടപരിഹാരവും നൽകാൻ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്. മലപ്പുറം മൈലപ്പുറം തിരൂർ റോഡിലുള്ള അമാന പെട്രോൾ പമ്പിൽ നിന്നും അടിച്ച ഡീസലിലാണ് ജലംശം കലർന്നത്. വാഹനം നന്നാക്കുന്നതിനുള്ള ചെലവും നഷ്ടപരിഹാരവും അടക്കം 3,77, 391രൂപ പലിശ സഹിതം നൽകാൻ കമ്മീഷൻ ഉത്തരവിട്ടു. മലപ്പുറം വെസ്റ്റ് കോഡൂർ സ്വദേശി വിജേഷ് കൊളത്തായി നൽകിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്.

2018 ഏപ്രിൽ 10നാണു സംഭവം നടന്നത്. കുമരകത്തുള്ള ജോലി സ്ഥലത്തേക്ക് പോകുന്നതിനായി രാത്രി തന്നെ 4500 രൂപയുടെ ഡീസൽ കാറിൽ നിറച്ചിരുന്നുവെന്നും അതിരാവിലെ കുറച്ച് ദൂരം മാത്രം സഞ്ചരിച്ചപ്പോഴേക്കും തന്റെ കാർ പ്രവർത്തന രഹിതമായെന്നും തുടർന്ന് വർക്ക് ഷോപ്പിൽ പരിശോധിച്ചപ്പോൾ ഡീസലിൽ വെള്ളം കലർന്നതാണ് വാഹനത്തിന് കേടുപാട് പറ്റാൻ കാരണമെന്ന് കണ്ടെത്തിയെന്നും പരാതിക്കാരൻ കമ്മീഷൻ മുമ്പാകെ ഉന്നയിച്ചു. പമ്പുടമയെ കാര്യം ധരിപ്പിച്ചെങ്കിലും പരാതിക്ക് പരിഹാരം കാണാൻ തയാറാവാത്തതിനെ തുടർന്നാണ് ഇദ്ദേഹം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. ജലാംശവും മാലിന്യവും ഡീസലിൽ കലർന്നിരുന്നതായി ലബോറട്ടറി പരിശോധനയിലൂടെ സ്ഥിരീകരിച്ചതിനെ തുടർന്ന് പരാതിക്കാരന് അനുകൂലമായി കമ്മീഷൻ വിധി പറയുകയായിരുന്നു.

വാഹനം നന്നാക്കുന്നതിന് വന്ന ചെലവ് 1,57,891 രൂപയും നഷ്ടപരിഹാരമായി 2,00,000 രൂപയും കോടതി ചെലവായി ഈടാക്കിയ 15,000 രൂപയും ഡീസൽ അടിച്ച 4500 രൂപയും അടക്കം 3,77,391രൂപ പലിശ സഹിതം നൽകുന്നതിനാണ് കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷൻ വിധിച്ചത്. ഒരു മാസത്തിനകം വിധി സംഖ്യ നൽകാത്ത പക്ഷം വിധി സംഖ്യയിമേൽ 12 ശതമാനം പലിശയ്്ക്കും പരാതിക്കാരന് അർഹതയുണ്ടാകുമെന്ന് വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

മലപ്പുറം മൈലപ്പുറം തിരൂർ റോഡിലുള്ള അമാന പെട്രോൾ പമ്പ് ഉടസ്ഥനോടും ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയോടുമാണ് ഉത്തരവ്. പരാതിക്കാരനുവേണ്ടി അഡ്വ. എ.കെ.ഷിബുവാണ് ഹാജരായത്. നഷ്ടപരിഹാരം ഒരുമാസത്തിനകം നൽകാനാണു ഉത്തരവെന്നും ഇക്കാര്യത്തിൽ
അമാന പെട്രോൾ പമ്പ് ഉടസ്ഥനും ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിക്കും തുല്യ ഉത്തരവാദിത്വമുണ്ടെന്നും പരാതിക്കാരന്റെ അഭിഭാഷകനായ അഡ്വ. എ.കെ.ഷിബു പറഞ്ഞു.

പ്രശ്നം രമ്യമായി പരിഹരിക്കാനായി ആദ്യം തന്നെ പെട്രോൾ പമ്പ് അധികൃതരോട് സംസാരിച്ചെങ്കിലും ഇവർ ആദ്യം വേണ്ടത് ചെയ്യാമെന്ന രീതിയിൽ സംസാരിക്കുകയും പിന്നീട് ധിക്കാരപരമായി ഇടപെടുകയും അവഗണിക്കുകയും ചെയ്തതോടെയാണ് വിജേഷ് കൊളത്തായി നിയമപോരാട്ടത്തിനിറങ്ങിയത്. ഇത്തരത്തിൽ ഉപഭോക്താക്കളെ വഞ്ചിക്കുന്നവർക്കുള്ള മറുപടിയാണിതെന്നും വിജേഷ് കൊളത്തായി പറഞ്ഞു.