ന്യൂഡൽഹി: നടൻ സുരേഷ് ഗോപിയുടെ രാജ്യസഭാ പ്രവേശനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം. കേന്ദ്രസർക്കാർ നൽകിയ ശുപാർശാ പട്ടിക രാഷ്ട്രപതി പ്രണബ് മുഖർജി അംഗീകരിച്ചു.

ബിജെപിയുടെ സുബ്രമണ്യൻ സ്വാമി, പത്രപ്രവർത്തകനും ബിജെപി സഹയാത്രികനുമായ സ്വപൻ ദാസ് ഗുപ്ത, സാമ്പത്തിക ശാസ്ത്രജ്ഞനും ദേശീയ ഉപദേശക സമിതി മുൻ അംഗവുമായ നരേന്ദ്ര ജാദവ്, ബോക്സിങ് താരം മേരി കോം എന്നിവരാണ് പുതുതായി നാമനിർദ്ദേശം ലഭിച്ചവർ.

മുൻ ക്രിക്കറ്റ് താരവും ലോക്സഭയിൽ ബിജെപി മുൻ എംപിയുമായ നവജ്യോത് സിങ് സിദ്ദുവിനെയും സർക്കാർ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.

രാജ്യസഭയിലേക്ക് ആറു പേരെയാണ് പുതുതായി നാമനിർദ്ദേശം ചെയ്തത്. നാമനിർദേശത്തിലൂടെ അംഗങ്ങളാകുന്നവരുടെ ഏഴ് ഒഴിവുകളാണ് ഇപ്പോഴുള്ളത്. ബിജെപിയുമായി അടുപ്പമുള്ളവരാണ് നാമനിർദ്ദേശം ചെയ്യപ്പെട്ടവരിൽ അധികപേരും. കല, സാഹിത്യം, കായികം, ശാസ്ത്രം, സാമൂഹ്യപ്രവർത്തനം എന്നീ മേഖലകളിലുള്ളവരെയാണ് രാജ്യസഭയിലേക്ക് പരിഗണിക്കുന്നത്.

വ്യവസായ വിദഗ്ധൻ അശോക് ഗാംഗുലി, പത്രപ്രവർത്തകൻ എച്ച്.കെ ദുവ, കോൺഗ്രസിന്റെ മണിശങ്കർ അയ്യർ, ഗാനരചയിതാവ് ജാവേദ് അഖ്തർ, മുതിർന്ന നാടക നടി ബി. ജയശ്രീ, വിദ്യാഭ്യാസ പ്രവർത്തകൻ മൃണാൾ മിരി, സാമ്പത്തിക ശാസ്ത്രജ്ഞൻ ഭൽചന്ദ്ര മുംഗേകർ എന്നിവരുടെ കാലാവധി തീർന്നതോടെയാണ് രാജ്യസഭയിൽ ഒഴിവുവന്നത്.