ന്യൂഡൽഹി: ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ മറക്കാൻ പറ്റാത്ത സുദിനങ്ങളിലൊന്നായാണ് ഈ ജൂലായ് 21 ന് ചരിത്രം അടയാളപ്പെടുത്തുക.ഗോത്ര വർഗത്തിൽ നിന്നും ആദ്യമായി അതും ഒരു വനിതാ രാഷ്ട്രപതി രാജ്യത്തിന് ലഭിച്ചിരിക്കുന്നു.രാജ്യത്തിന്റെ ഇത്രയും നാളത്തെ ചരിത്രത്തിൽ രണ്ടാമത്തെ മാത്രം വനിതാ രാഷ്ട്രപതിയായാണ് ദ്രൗപതി മുർമു അധികാരമേൽക്കുന്നത് എന്നതും എടുത്തുപറയേണ്ട സവിശേഷതയാണ്.

അനലിസ്റ്റുകളുടെ കണക്കുകളെപ്പോലും അപ്രസക്തമാക്കിയാണ് മുർമുവിന്റെ അവിശ്വസനീയ കുതിപ്പ്.വോട്ടെണ്ണലിന് മുന്നെ തന്നെ വിജയം ഏതാണ്ട് ഉറപ്പിച്ച നിലയായിരുന്നുവെങ്കിലും ഇത്രയും അപ്രമാദിത്യമായ വിജയം ആരും സ്വപനം കണ്ടുകാണില്ല. വോട്ടുമൂല്യത്തിന്റെ കണക്കുകൾ വച്ച് വിദഗ്ദ്ധർ വിലയിരുത്തിയിരുന്നത് ദ്രൗപദിക്ക് 61.1% വോട്ട് ഉറപ്പായും ലഭിക്കുമെന്നായിരുന്നു. എന്നാൽ അതും മറികടന്നാണ് വോട്ടുശതമാനം 64ൽ എത്തിയത്. 64 ാം പിറന്നാൾ ആഘോഷിച്ച ദ്രൗപതിക്ക് 64 ശതമാനം വോട്ടുകൾ ലഭിച്ചതും കൗതുകമായി.

64% വോട്ടാണ് ദ്രൗപദിക്കു ലഭിച്ചതെന്നതും കൗതുകമായി. യശ്വന്ത് സിൻഹയ്ക്ക് 36 ശതമാനവും. ബിജെപിയുടെയും സഖ്യകക്ഷികളുടെയും മാത്രം വോട്ടല്ല ദ്രൗപദിക്ക് ലഭിക്കുകയെന്നതും നേരത്തേതന്നെ വ്യക്തമായിരുന്നു. 'ക്രോസ് വോട്ടിങ്' വ്യാപകമായി നടന്നുവെന്നതും വ്യക്തമാണ്.

ബിജെപിയെക്കൂടാതെ വൈഎസ്ആർസിപി, ബിഎസ്‌പി, അണ്ണാഡിഎംകെ, ടിഡിപി, ജെഡി(എസ്), ശിരോമണി അകാലിദൾ, ശിവ സേന, ജെഎംഎം എന്നിങ്ങനെ എൻഡിഎയിൽ പങ്കാളിത്തമുള്ളതും ഇല്ലാത്തതുമായ പാർട്ടികളിൽനിന്നു ലഭിച്ച വോട്ടാണ് ദ്രൗപദിയെ വിജയത്തിലേക്കു നയിച്ചത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എഎപി, എൻസിപി, ഡിഎംകെ, സിപിഎം, സിപിഐ, ടിആർഎസ്, എസ്‌പി, ആർജെഡി, ആർഎൽഡി, മുസ്ലിം ലീഗ്, കേരള കോൺഗ്രസ് (മാണി) തുടങ്ങിയ പാർട്ടികളാണ് പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയെ പിന്തുണച്ചത്. അതിൽത്തന്നെ പല എംപിമാരും എംഎൽഎമാരും 'ക്രോസ് വോട്ടും' ചെയ്തു!

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇതുവരെ ഏറ്റവും കൂടുതൽ വോട്ടു ലഭിച്ചത് 1957ൽ ഡോ.രാജേന്ദ്ര പ്രസാദിനാണ്98.99%. രണ്ടാം സ്ഥാനത്ത് എസ്.രാധാകൃഷ്ണനാണ്98.25%, മൂന്നാമത് കേരളത്തിന്റെ സ്വന്തം കെ.ആർ.നാരായണനും94.97.ലോക്സഭ, രാജ്യസഭ എന്നിങ്ങനെയുള്ള പാർലമെന്റിന്റെ ഇരുസഭകളിലെയും സംസ്ഥാനകേന്ദ്രഭരണപ്രദേശങ്ങളിലെ (ഡൽഹി, പുതുച്ചേരി) നിയമസഭകളിലെയും അംഗങ്ങളും ചേരുന്ന ഇലക്ടറൽ കോളജാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. നാമനിർദ്ദേശം ചെയ്യപ്പെട്ടവർ ഒഴികെയാണിത്.

776 എംപിമാരും 4033 നിയമസഭാംഗങ്ങളും ഉൾപ്പെടെ 4809 പേരടങ്ങുന്നതായിരുന്നു ഇത്തവണത്തെ ഇലക്ടറൽ കോളജ്. ഇവർ എല്ലാവരുടെയും ആകെ വോട്ടുകളുടെ മൂല്യം 10,86,431. പാർലമെന്റിലെ 63ാം നമ്പർ മുറിയിലായിരുന്നു ഇന്ത്യൻ ചരിത്രത്തിലെ നിർണായക ഏടായി മാറിയ, ഇത്തവണത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ.കഴിഞ്ഞ മാസം 20നായിരുന്നു ദ്രൗപദി മുർമുവിനു പ്രായം 63ൽനിന്ന് 64ലേക്കു കടന്നത്. ഗോത്ര വിഭാഗത്തിൽനിന്നുള്ള ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റായി ദ്രൗപദി തിരഞ്ഞെടുക്കപ്പെടുമ്പോൾ അത് കുറച്ചു വൈകിയെത്തിയ, പിറന്നാൾ സ്‌നേഹസമ്മാനം കൂടിയാകുന്നു.