ന്യൂഡൽഹി: ഫെയ്‌സ് ബുക്കിൽ സ്ത്രീകളുടെ പ്രൊഫൈൽഫോട്ടോ കണ്ടാൽമതി ചിലർക്ക് ഇളക്കംതുടങ്ങാൻ. അശ്ളീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചും ചാറ്റിംഗിലൂടെ വീഴ്‌ത്താൻ ശ്രമിച്ചുമെല്ലാം മുന്നേറുന്നവർ നൂറുകണക്കിനുണ്ട്.

ഇത്തരക്കാരിലൊരാൾ കഴിഞ്ഞദിവസം ശല്യപ്പെടുത്തിയത് രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജിയെയാണ്. രാജ്യത്തെ പ്രഥമ പൗരന്റെ മകൾ ആ സ്ഥാനത്തിന് യോജിച്ച രീതിയിൽതന്നെയാണ് ഈ ഞരമ്പുരോഗിയെ കൈകാര്യം ചെയ്തത്.

വെള്ളിയാഴ്ചയാണ് പാർത്ഥ മണ്ഡലെന്ന് പരിചയപ്പെടുത്തി ഫേസ്‌ബുക്കിലെത്തിയ ആൾ ശർമ്മിഷ്ഠയ്ക്ക് അശ്‌ളീല സന്ദേശം അയച്ചത്. ശല്യം ചെയ്ത ആളുടെ അക്കൗണ്ടിന്റെ വിവരങ്ങളും അയാൾ നടത്തിയ അശ്ലീല ചാറ്റിന്റെയും സ്‌ക്രീൻ ഷോട്ട് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്താണ് ശർമ്മിഷ്ഠ പകരം വീട്ടിയത്. ഇതോടൊപ്പം ഇയാൾക്കെതിരെ ഡൽഹി സൈബർ പൊലീസിലും ഫേസ്‌ബുക്കിനും ശർമ്മിഷ്ഠ പരാതി നൽകുകയും ചെയ്തു. 

'പാർത്ഥ മണ്ഡൽ എന്ന ഈ ലൈംഗിക വൈകൃതമുള്ളയാൾ, എനിക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുകയാണ്. ഞാൻ ആദ്യം അത് അവഗണിച്ചു. എന്നിട്ട് അയാളെ ബ്ലോക്ക് ചെയ്തു. എന്നാൽ ഇത് ഇങ്ങനെ വിട്ടാൽ ഇനിയും ഇത്തരത്തിൽ ഇരകളെ കണ്ടെത്താൻ തേടിയിറങ്ങുമെന്ന് എനിക്ക് തോന്നി. ഇത്തരം ആളുകളെ പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കരുതി ഇയാളെ ഞാൻ സോഷ്യൽ മീഡിയിയിലൂടെതന്നെ തുറന്നുകാട്ടുകയാണ്.

തനിക്കയച്ച സന്ദേശങ്ങളുൾപ്പെടെ പോസ്റ്റുചെയ്ത് ഡൽഹി പ്രദേശ് കോൺഗ്രസിന്റെ മുഖ്യ വക്താവ് കൂടിയായ ഷർമിഷ്ഠ പ്രതികരിച്ചു. അയാളുടെ അക്കൗണ്ടിന്റെയും സന്ദേശങ്ങളുടെയും സ്‌ക്രീൻ ഷോട്ട് അടക്കം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. സംഭവം പുറത്ത് വന്നതോടെ നിരവധി പേർ ശർമ്മിഷ്ഠയ്ക്ക് പിന്തുണയറിയിച്ച് രംഗത്തെത്തി.

നിങ്ങൾ വളരെ സെക്‌സിയാണെന്നും, ബ്രായുടെ സൈസ് എത്രയാണെന്നുമെല്ലാം ചോദിച്ചായിരുന്നു ഞരമ്പുരോഗിയുടെ പോസ്റ്റ്. ഇയാളെ സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടാൻ തന്റെ പോസ്റ്റ് ഷെയർചെയ്യാനും ശർമ്മിഷ്ഠ അഭ്യർത്ഥിച്ചതോടെ വൻ പ്രതികരണമാണുണ്ടായത്. വെസ്റ്റ് ബംഗാളിലെ ഹൂഗഌയിൽ നൗഹതിയിൽ താമസിക്കുന്നയാളാണ് ഇയാളെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്.

ഇ്ത്തരക്കാരെ വെറുതെവിടരുതെന്നും ഇവരെ സമൂഹം തുറന്നുകാട്ടണമെന്നും അപഹസിക്കണമെന്നും ശർമിഷ്ഠ പ്രതികരിച്ചു. അയാളുടെ തന്നെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മുന്നിൽ അയാളുടെ സ്വഭാവം തുറന്നുകാട്ടണം. നിയമപരമായ നടപടി മാത്രമല്ല ഇത്തരക്കാരെ ശരിയാക്കാൻ വേണ്ടെതെന്നും ശർമ്മിഷ്ഠ അഭിപ്രായപ്പെടുന്നു. സന്ദേശം പരിശോധിച്ച് ഐപി അഡ്രസ് കണ്ടെത്തി കുറ്റക്കാരനെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് ഡൽഹി പൊലീസ്.