ലഖ്നൗ: ശ്രീരാമനില്ലാതെ അയോധ്യ ഇല്ലെന്നും രാമനുള്ള സ്ഥലത്താണ് അയോധ്യ എന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. തന്റെ പേരും രാമഭക്തിയിൽ നിന്നും പിറന്നതാണെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു. അയോധ്യയിൽ രാമായണ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'രാമനില്ലാതെ അയോധ്യ അയോധ്യയാവില്ല. എവിടെയാണോ രാമൻ, അയോധ്യ അവിടെയാണ്. ശ്രീരാമൻ ഈ നഗരത്തിലാണ് വസിക്കുന്നത്. അതുകൊണ്ട് ഈ സ്ഥലം അയോധ്യയാണ്. ശ്രീരാമനോടും രാമകഥകളോടുമുള്ള ഭക്തിയും സ്നേഹവും കാരണമാകും എന്റെ കുടുംബം എനിക്ക് ഈ പേരു നൽകിയത്.' രാഷ്ട്രപതി പറഞ്ഞു.

അയോധ്യ എന്നാൽ ആർക്കും യുദ്ധം ചെയ്യാൻ സാധിക്കാത്തത് എന്നാണ് അർഥമെന്നും രാഷ്ട്രപതി പറഞ്ഞു. രാമായണ കോൺക്ലേവിന്റെ തപാൽ കവർ രാഷ്ട്രപതി അനാവരണം ചെയ്തു.