- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ബഹളം കേട്ട് ഓടിയെത്തിയവർ കാഴ്ചക്കാരായി നോക്കി നിന്നപ്പോൾ ചങ്കുറപ്പോടെ കനാലിലേക്ക് എടുത്തുചാടി; രക്ഷിച്ചത് സുഹൃത്തിന്റെ ജീവൻ; കോതമംഗലത്തെ അൽഫാസ് ബാബുവിന് രാഷ്ട്രപതിയുടെ ജീവൻരക്ഷാ പുരസ്‌കാരം
കോതമംഗലം: മലയാളി ബാലന്റെ ധീരതയ്ക്ക് രാജ്യത്തിന്റെ അംഗീകാരം. നെല്ലിക്കുഴി കുറ്റിലഞ്ഞി പുതുപ്പാലം ഓലിപ്പാറ ഒ എച്ച് ബാബു-സൽമ ദമ്പതികളുടെ മകൻ അൽഫാസ് ബാബുവിന് രാഷ്ട്രപതിയുടെ ജീവൻരക്ഷാ പുരസ്‌കാരം ലഭിച്ചു. പ്രഖ്യാപനം പുറത്തുവന്നതോടെ അൽഫാസ് നാട്ടിലെ താരമായിരിക്കുകയാണ്.
കുടുംബക്കാരും സഹപാഠികളും അദ്ധ്യാപകരും ജനപ്രതിനിധികളും എന്നുവേണ്ട വിവരമറിഞ്ഞവരെല്ലാം അൽഫാസിന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടിരിക്കുകയാണ്. പെരിയാർവാലി കനാലിൽ ഒഴുക്കിൽപ്പെട്ട സുഹൃത്തുകൂടിയായ ഇബ്രാഹിം ബാദുഷയുടെ ജീവനാണ് അൽഫാസിന്റെ തക്കസമയത്തുള്ള ഇടപെടൽ മൂലം രക്ഷപെട്ടത്.അൽഫാസ് 5 ക്ലാസിൽ പഠിച്ചിരുന്ന സമയത്താണ് തന്നെക്കാൾ ഒരു വയസ് മൂപ്പുള്ള ഇബ്രാഹീമിന്റെ ജീവൻ അടിയൊഴുക്കുള്ള കനാലിന്റെ അഗാധതയിൽ നിന്നും കരയ്ക്കെത്തിച്ചത്.
സംഭവം മാധ്യമങ്ങളിൽ വാർത്ത ആയതോടെ അൽഫാസ് നാട്ടിലെ ഹീറോ അയി മാറിയിരുന്നു. ജനപ്രതിനിധികളും പ്രമുഖ വ്യക്തികളും അൽഫാസിന്റെ ധീരപ്രവർത്തിയെ അഭിനന്ദിക്കാൻ എത്തിയിരുന്നു. 2020 ഫെബ്രുവരി 22ന് മേതല ഹൈലെവൽ കനാലിന്റെ ഭാഗമായ കുറ്റിലഞ്ഞി പാലത്തിന് സമീപമാണ് കുറ്റിലഞ്ഞി പുതീക്കപ്പറമ്പിൽ ഹസൈനാരിന്റെ മകനായ ഇബ്രാഹിം ബാദുഷ ഒഴുക്കിൽപ്പെട്ടത്. കാൽവഴുതി വെള്ളത്തിൽ പതിക്കുകയായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയവർ കാഴ്ചക്കാരായി നോക്കിനിൽക്കുമ്പോൾ അൽഫാസ് ഒട്ടും ഭയപ്പാട് പ്രകടിപ്പിക്കാതെ കനാലിലേയ്ക്ക് എടുത്തുചാടി ഇബ്രാഹീമിനെ രക്ഷിക്കുകയായിരുന്നു.ഈ സംഭവം നടക്കുമ്പോൾ അൽഫാസിന് 10 വയസും ഇബ്രാഹീമിന് 11 വയസുമായിരുന്നു പ്രായം.
കിസാൻസഭ കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അൽഫാസിനെ വീട്ടിലെത്തി ആദരിച്ചു. ജില്ലാ പ്രസിഡന്റ് ഇ കെ ശിവൻ അൽഫാസ് ബാബുവിന് ഉപഹാരം നൽകി.എം എസ് അലിയാർ,പി എം അബ്ദുൾ സലാം, പ്രസിഡന്റ് നൗഷാദ് പരുത്തിക്കാട്ടുകുടി, യൂസഫ് കാമ്പത്ത്,ഗഫൂർ കെ എ എന്നിവർ പങ്കെടുത്തു
മറുനാടന് മലയാളി ലേഖകന്.