ന്യൂഡൽഹി: സംസ്ഥാനത്ത് ഭരണപ്രതിസന്ധി രൂക്ഷമാണെന്ന ഗവർണറുടെ റിപ്പോർട്ടിനെ തുടർന്ന് ഉത്തരാഖണ്ഡിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തി. റിപ്പോർട്ടിനെ തുടർന്ന് രാഷ്ട്രപതി ഭരണത്തിന് കേന്ദ്രസർക്കാർ രാഷ്ട്രപതിയോടു ശുപാർശ ചെയ്തിരുന്നു. ഈ ശുപാർശ അംഗീകരിച്ചാണ് രാഷ്ട്രപതി ഉത്തരവിറക്കിയത്.

ഗവർണറുടെ റിപ്പോർട്ട് ചെയ്യാൻ ഇന്നലെ രാത്രി കേന്ദ്രമന്ത്രിസഭ അടിയന്തരയോഗം ചേർന്നിരുന്നു. നാളെയാണ് സർക്കാരിന് ഭൂരിപക്ഷം തെളിയിക്കേണ്ടിയിരുന്നത്. ഇതിനിടെയാണു രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയിരിക്കുന്നത്.

ഗവർണറുടെ റിപ്പോർട്ടിൽ, സംസ്ഥാനത്ത് ക്രമസമാധാന നില തകരാറിലായതായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അസം സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി ഡൽഹിയിൽ എത്തുകയും ചെയ്തിരുന്നു. തുടർന്ന് പ്രധാനമന്ത്രി അടിയന്തര മന്ത്രിസഭായോഗം വിളിച്ചു ചേർത്തു. തുടർന്നാണു രാഷ്ട്രപതിക്കു ശുപാർശ സമർപ്പിച്ചത്.

ഇതിനിടെ ഉത്തരാഖണ്ഡിലെ ഒൻപത് വിമത കോൺഗ്രസ് എംഎൽഎമാരെ സ്പീക്കർ ഗോവിന്ദ് സിങ് കുഞ്ജ്വൽ അയോഗ്യരാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തിങ്കളാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ ഇത് മുഖ്യമന്ത്രി ഹരീഷ് റാവത്തിന് അനുകൂലമാകുമായിരുന്നു. മുഖ്യമന്ത്രിയെ ഔദ്യോഗിക വസതിയിൽ സന്ദർശിച്ചതിന് പിന്നാലെ ആയിരുന്നു സ്പീക്കറുടെ നടപടി.

70 അംഗ നിയമസഭയിൽ 36 അംഗങ്ങളുടെയും ആറു പ്രോഗ്രസീവ് ഡെമോക്രാറ്റിക് ഫ്രണ്ട് അംഗങ്ങളുടെയും പിന്തുടയോടെയായിരുന്നു കോൺഗ്രസ് ഭരണം നടത്തിയിരുന്നത്. ഇതിനിടെ 9 കോൺഗ്രസ് എംഎൽഎമാർ കൂറുമാറിയതോടെയാണ് സംസ്ഥാനത്ത് ഭരണപ്രതിസന്ധി രൂക്ഷമായത്. ഇതിനിടെ വിമതരെ വശത്താക്കാൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് പണം വാഗ്ദാനം ചെയ്യുന്ന ഒളികാമറ ദൃശ്യങ്ങളുമായി വിമത എംഎൽഎമാർ രംഗത്തെത്തിയിരുന്നു. ഇതോടെ അരുണാചൽ പ്രദേശിനു പിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസിന് ഭരണം നഷ്ടമായി.