സ്ത്രീവിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ദൗർബല്യങ്ങൾ ലോകപ്രശസ്തമാണ്. മോസ്‌കോയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ സുന്ദരിമാർക്കൊപ്പം ട്രംപ് ചെലവിട്ടതിന്റെ ദൃശ്യങ്ങളും മറ്റും റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പക്കലുണ്ടെന്ന അഭ്യൂഹവും ശക്തമാണ്. സുന്ദരിമാരോടുള്ള അമേരിക്കൻ പ്രസിഡന്റിന്റെ പ്രത്യേക താത്പര്യം ഏറ്റവുമൊടുവിൽ അനുഭവിക്കേണ്ടിവന്നത് അയർലൻഡിൽനിന്നുള്ള ഈ പത്രപ്രവർത്തകയാണ്.

അടുത്തിടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ലിയോ വരദ്കറുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് അയർലൻഡിൽനിന്നുള്ള സുന്ദരിയായ ജേണലിസ്റ്റ് ട്രംപിന്റെ കണ്ണിലുടക്കിയത്. ആർ.ടി.ഇ റിപ്പോർട്ടർ കൈട്രിയോണ പെറിയെ നോക്കിയ ട്രംപ്, താങ്കളുടെ രാജ്യത്തുനിന്ന് സുന്ദരിമാരുടെ പറ്റംതന്നെ എത്തിയിട്ടുണ്ടല്ലോ എന്ന് വരദ്കറിനോട് പറയുകയും ചെയ്തു. 'പെറി നിങ്ങളെ നന്നായി സേവിക്കു'മെന്ന് വരദ്കറിനോട് ട്രംപ് പറഞ്ഞതായും റിപ്പോർട്ടുണ്ട്.

വരദ്കറിനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ കൈകൊണ്ട് ആംഗ്യം കാട്ടി പെറിയെ അടുത്തേക്ക് വിളിച്ച ട്രംപ്, എവിടെനിന്നാണ് വരുന്നതെന്ന് ആവർത്തിച്ച് ചോദിക്കുകയും ചെയ്തു. പെറിയുടെ പുഞ്ചിരി വളരെ ആകർഷകമാണെന്ന് വരദ്കറിനോട് ട്രംപ് പറഞ്ഞു. ഇരുരാഷ്ട്രനേതാക്കളും തമ്മിൽ തന്നെക്കുറിച്ച് സംസാരിക്കുന്നത് കേട് സ്തബ്ധയായി നിൽക്കാനോ പെറിക്ക് ആ സമയത്ത് കഴിഞ്ഞുള്ളൂ.

ട്രംപും താനുമായുള്ള കൂടിക്കാഴ്ച പെറിതന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. എന്നാൽ, ട്രംപിന്റെ സ്വഭാവവൈകല്യമാണ് ഈ വീഡിയോയിലൂടെ പുറത്തുവരുന്നതെന്ന് ട്വിറ്ററിലൂടെ ആളുകൾ പ്രതികരിച്ചു. അമേരിക്കക്കാരിയായ വനിതയെന്ന നിലയ്ക്ക് തന്റെ ക്ഷമാപണം സ്വീകരിക്കുകയെന്നാണ് ഒരു യുവതി പ്രതികരിച്ചത്. ഞങ്ങളുടെ പ്രസിഡന്റ് ഇത്തരത്തിലൊരാളായി പോയതിൽ ക്ഷമചോദിക്കുന്നുവെന്ന് മറ്റൊരാളും ട്വിറ്ററിൽ കുറിച്ചു.

അമേരിക്കയിലെ മുഴുവൻ സ്ത്രീകൾക്കും അപമാനകരമാണ് പ്രസിഡന്റിന്റെ പ്രവർത്തിയെന്നാണ് മറ്റൊരു ട്വീറ്റ്. ട്രംപിന്റെ നടപടി രാജ്യത്തെയൊന്നാകെ അപമാനിച്ചുവെന്ന് നടൻ കെവിൻ ചേംബർലൈൻ അഭിപ്രായപ്പെട്ടു. ആർ.ടി.ഇയുടെ ലേഖികയായി 2018 വരെ അമേരിക്കയിൽ തങ്ങുന്ന പെറി, സംഭവത്തെക്കുറിച്ച് വിവരിച്ചതിങ്ങനെ.

സാധാരണ വൈറ്റ് ഹൗസിന്റെ ജനാലയ്ക്ക് പുറത്തുനിന്ന് ചിത്രീകരിക്കുന്ന ഞങ്ങൾ, ഒരുനിമിഷം കൊണ്ടാണ് അകത്തെത്തിയത്. ട്രംപിനരികിലെത്തി വർത്തമാനം പറയാനും എനിക്കവസരം ലഭിച്ചു. പ്രസിഡന്റും ലിയോയുമായുള്ള ഫോൺസംഭാഷം നേരിട്ട് ചിത്രീകരിക്കാനാണ് ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചത്. എന്നെ അതിനിടെ ട്രംപ് അരികിലേക്ക് വിളിക്കുകയായിരുന്നു വെന്നും പെറി പറഞ്ഞു.