വാഷിങ്ടൺ: 2018 ലെ അമേരിക്കൻ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ഇസ്രയേലി-അമേരിക്കൻ ഡോക്ടർ മിറിയം അഡൽസൻ.നവംബർ 10 ശനിയാഴ്ച വൈറ്റ് ഹൗസ് പുറത്തിറക്കിയ പത്രകുറിപ്പിലാണ് പുതിയ പ്രഖ്യാപനം.

2017 ൽ അധികാരത്തിലെത്തിയതിനുശേഷം പ്രസിഡന്റ് ട്രമ്പ് ആദ്യമായാണ് പരമോന്നത സിവിലിയൻ ബഹുമതി നൽകുന്നത്.നവംബർ 16ന് വൈറ്റ്ഹൗസിൽ ചേരുന്ന പ്രത്യേക സദസ്സിൽ അവാർഡ് വിതരണം ചെയ്യും.
മയക്കു മരുന്നിനടിമയായവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് ഡോക്ടർ മിറിയം നടത്തിയ പ്രവർത്തനങ്ങളെ മാനിച്ചാണ് അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടത്.

1945 ൽ ടെൽഅവിവിൽ ജനിച്ച മിറിയം(73) ജെറുശലേം ഹിബ്രു യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും, ടെൽ അവീവ് യൂണിവേഴ്സിറ്റി മെഡിക്കൽ സ്‌ക്കൂളിൽ നിന്നും മെഡിക്കൽ ബിരുദവും നേടി ടെൽഅവീവ് ഹോസ്പിറ്റലിൽ സേവനം അനുഷ്ഠിച്ചിരുന്നു.

റോക്ക് ഫെല്ലർ യൂണിവേഴ്സിറ്റിയിൽ നിന്നും ഡ്രഗ് അഡിക്ഷനിൽ പ്രത്യേക പരിശീലനം നേടിയ മിറിയം ലാസ് വേഗസിൽ മിറിയം ആൻഡ് ഷെൽഡൻ റിസെർച്ച് ക്ലിനിക്ക് ആരംഭിച്ചു. തുടർന്ന് മയക്കുമരുന്നിനടിമകളായവരെ പുനരുദ്ധരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് തന്റെ ജീവിതം ഉഴിഞ്ഞുവെച്ചത്.

മനുഷ്യാവകാശ പ്രവർത്തക, സമർപ്പിതയായ ഡോക്ടർ, തുടങ്ങിയ വിശേഷങ്ങളാണ് വൈറ്റ് ഹൗസ് ഇവർക്കു നൽകിയത്.ഇങ്ങനെ ഒരവാർഡിന് തന്നെ തിരഞ്ഞെടുത്തതിന് പ്രസിഡന്റ് ട്രമ്പിനോട് ഇവർ നന്ദി അറിയിച്ചു. ലഭിച്ച അംഗീകാരത്തിൽ അഭിമാനിക്കുന്നതായും ഇവർ പറഞ്ഞു.