ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായുള്ള സേനാ മെഡലുകൾ പ്രഖ്യാപിച്ചു. ഒരു അശോക ചക്രയും ഒരു കീർത്തിചക്രയും ഉൾപ്പടെ 144 മെഡലുകളാണ് പ്രഖ്യാപിച്ചത്. ജമ്മുകശ്മീർ പൊലീസിൽ എഎസ്‌ഐയായിരുന്ന ബാബുറാമിന് മരണാന്തര ബഹുമതിയായി അശോക ചക്ര നൽകും.

ജമ്മുകശ്മീർ പൊലീസിലെ കോൺസ്റ്റബിളായിരുന്ന അൽത്താഫ് ഹുസൈൻ ഭട്ടിന് മരണാനന്തര ബഹുമതിയായി കീർത്തി ചക്രയും പ്രഖ്യാപിച്ചു. ഇത്തവണ 15 പേർക്കാണ് ശൗര്യചക്ര.



മഹർ റെജിമെന്റിലെ മേജർ രാഹുൽ ബാലമോഹൻ ധീരതക്കുള്ള രണ്ടാം സേനാമെഡലിന് അർഹനായി. മേജർ അതുൽ ജയിംസ്, ക്യാപ്റ്റൻ സ്‌നേഹാഷിഷ് പോൾ, എൻജിനീയറിങ് വിഭാഗത്തിലെ വിബിൻ സി, ശിവകുമാർ ജി എന്നിവരും മെഡലിന് അർഹരായി. കമ്മാന്റർ വിപിൻ പണിക്കറിന് ധീരതക്കുള്ള നാവികസേന മെഡൽ ലഭിക്കും. സ്‌ക്വാഡ്രൻ ലീഡർ ദീപക് മോഹനൻ വ്യോമസേന മെഡലിനും അർഹനായി.

എഡിജിപി യോഗേഷ് ഗുപ്തയ്ക്ക് വിശിഷ്ട സേവനത്തിനുള്ള മെഡൽ ഉൾപ്പെടെ കേരളത്തിൽനിന്ന് 11 പൊലീസ് ഉദ്യോഗസ്ഥർ രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹരായി. ഐജി ജി.സ്പർജൻ കുമാർ, എസ്‌പിമാരായ ബി.കൃഷ്ണകുമാർ, ടോമി സെബാസ്റ്റ്യൻ (റിട്ട), ഡിവൈഎസ്‌പിമാരായ എ.അശോകൻ (റിട്ട), എസ്.അരുൺ കുമാർ, ഇൻസ്‌പെക്ടർ ബി.സജി കുമാർ, ആംഡ് പൊലീസ് സബ് ഇൻസ്‌പെക്ടർ കിഴക്കേ വീട്ടിൽ ഗണേശൻ, സബ് ഇൻസ്‌പെക്ടർ പി.വി സിന്ധു, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ സന്തോഷ് കുമാർ സദാശിവൻ, എം.സതീശൻ എന്നിവർക്കാണ് സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചത്.

യോഗേഷ് ഗുപ്ത നിലവിൽ ബിവറേജസ് കോർപറേഷൻ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറാണ്. ഏഴു വർഷത്തോളം ഡൽഹിയിലും കൊൽക്കത്തയിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ (ഇഡി) സേവനമനുഷ്ഠിച്ചു. വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിച്ച് തെളിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ എസ്‌പിയായും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, റോഡ് സേഫ്റ്റി ട്രാഫിക്, ഇന്റലിജൻസ്, അഡ്‌മിനിസ്‌ട്രേഷൻ എന്നിവിടങ്ങളിൽ ഐജിയുമായിരുന്നു. സപ്ലൈകോ, കേരള ഫിനാൻഷ്യൽ കോർപറേഷൻ എന്നിവിടങ്ങളിൽ സിഎംഡി ആയിരുന്നു. സിബിഐയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഐജി ജി.സ്പർജൻ കുമാർ നിലവിൽ ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐജിയാണ്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായി പ്രവർത്തിച്ചിട്ടുണ്ട്. ട്രാഫിക് സൗത്ത് സോൺ വിഭാഗം എസ്‌പിയായ ബി.കൃഷ്ണകുമാർ ക്രൈംബ്രാഞ്ചിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൊലീസ് ആസ്ഥാനത്തെ സ്‌പെഷൽ സെൽ എസ്‌പിയുടെ അധിക ചുമതലയും വഹിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിൽ ഡിവൈഎസ്‌പിയായും ജോലി ചെയ്തു.

എറണാകുളം ക്രൈംബ്രാഞ്ച് എസ്‌പിയായി വിരമിച്ച ടോമി സെബാസ്റ്റ്യൻ ട്രാഫിക് സൗത്ത് സോൺ എസ്‌പി, സിവിൽ സപ്ലൈസ് കോർപറേഷൻ വിജിലൻസ് ഓഫിസർ എന്നീ നിലകളിലും പ്രവർത്തിച്ചു. 2000ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചിരുന്നു. കൊല്ലം ഡിവൈഎസ്‌പിയായി വിരമിച്ച എ.അശോകൻ വിജിലൻസ്, ജില്ലാ ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2016 ലും 2021 ലും മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചിരുന്നു.

ഡിവൈഎസ്‌പി എസ്.അരുൺ കുമാർ ഇപ്പോൾ പൊലീസ് ട്രെയിനിങ് കോളജ് വൈസ് പ്രിൻസിപ്പലാണ്. ഇക്കൊല്ലത്തെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചിരുന്നു. വിജിലൻസ്, ക്രൈംബ്രാഞ്ച്, പൊലീസ് ആസ്ഥാനം എന്നിവിടങ്ങളിൽ ജോലി ചെയ്തു. ഇൻസ്‌പെക്ടറായ ബി.സജികുമാർ നിലവിൽ തിരുവനന്തപുരം വിജിലൻസ് സ്‌പെഷൽ സെല്ലിൽ ജോലി ചെയ്യുന്നു. 2012ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചിരുന്നു.

കണ്ണൂർ ആസ്ഥാനമായുള്ള കേരള ആംഡ് പൊലീസ് നാലാം ബറ്റാലിയനിലെ ആംഡ് പൊലീസ് സബ് ഇൻസ്‌പെക്ടറാണ് കിഴക്കേ വീട്ടിൽ ഗണേശൻ. 2017 ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചിരുന്നു. നിലവിൽ തൃശൂർ സിറ്റി വനിതാ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടറാണ് പി.വി സിന്ധു. 2017ൽ മുഖ്യമന്ത്രിയുടെ പി.വി. മെഡൽ ലഭിച്ചിരുന്നു.

അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറായ എസ്.സന്തോഷ് കുമാർ നിലവിൽ വിജിലൻസ് തിരുവനന്തപുരം മരുതംകുഴി യൂണിറ്റിൽ സേവനമനുഷ്ഠിക്കുന്നു. 2009ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചു. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറായ എം.സതീശൻ തൃശൂർ റൂറലിലെ കൊരട്ടി പെലീസ് സ്റ്റേഷനിൽ ആണ്. 2013ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചിരുന്നു.