ഷിക്കാഗോ: നവംബർ 11 മുതൽ 14 വരെ ഷിക്കാഗോയിൽ നടക്കുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര കോൺഫറൻസിനോടനുബന്ധിച്ച് അമേരിക്കയിലെ മികച്ച മലയാളി സംഘടനാ നേതാവിന്/ചാരിറ്റി പ്രവർത്തകന് അവാർഡ് നൽകുന്നു.

മലയാളികളിലെ നന്മയും കാരുണ്യവും എടുത്തു കാട്ടിയ കാലമായിരുന്നു കോവിഡ് മരണം വിതച്ച നാളുകൾ. അന്ന് സ്വന്തം കാര്യവുമായി വീട്ടിൽ ഒതുങ്ങി പോകാതെ സമൂഹത്തിനായി പ്രവർത്തന നിരതരായി ഒട്ടേറെ പേരുണ്ട്.

സാമ്പത്തിക സഹായം ആവശ്യമുള്ളവർക്ക് കൈയയച്ച് സഹായിക്കാൻ മലയാളി സമൂഹവും മുന്നോട്ടു വന്നത് അഭൂതപൂർവമായിരുന്നു. ഗോ ഫണ്ട് മീയിലും മറ്റും ഇത്രയധികം തുക നൽകിയ കാലമില്ല. അതിനൊക്കെ നേതൃത്വം നൽകിയവരെ ആദരിക്കുന്നത് നമ്മുടെ കടമ തന്നെയാണ്.

കൂടുതൽ മെഡിക്കൽ പ്രൊഫഷണലുകൾ ഉള്ളതിനാൽ കോവിഡ് കാലത്ത് മലയാളി സമൂഹം അധികം സാമ്പത്തിയമായി തകരുകയുണ്ടായില്ല. തങ്ങളുടെ നേട്ടങ്ങൾ പങ്കു വയ്ക്കാൻ മലയാളികൾ മടി കാണിച്ചില്ല എന്നതും മലയാളി സമൂഹത്തിന് അഭിമാനം പകരുന്നു.

സംഘടനാ ഭാരവാഹികൾക്കും വ്യക്തികൾക്കും മികച്ച വ്യക്തികളെ നോമിനേറ്റ് ചെയ്യാം. പ്രസ് ക്ലബ് നിയോഗിക്കുന്ന വിദഗ്ധ സമിതി വിജയിയെ തെരഞ്ഞെടുക്കും. നിർദേശങ്ങൾ indiapressclubofna@gmail.com എന്ന ഇമെയിൽ വഴി ഒക്ടോബര് 31 നു മുൻപായി അറിയിക്കണം.

ഇത്തരമൊരു സംരംഭം പ്രസ് ക്ലബ് നടത്തുന്നത് ഇതാദ്യമാണ്. മികച്ച വ്യക്തികളെ ആദരിക്കുക എന്നത് തങ്ങളുടെ കടമയായി കരുതുന്നുവെന്നു പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, ട്രെഷറർ ജീമോൻ ജോർജ് എന്നിവർ ചൂണ്ടിക്കാട്ടി.

നിർദേശങ്ങൾ ഒക്ടോബർ 31 നു മുൻപ് ലഭിക്കണം. നിർദേശങ്ങൾ അയക്കാനുള്ള ഈമെയിൽ: indiapressclubofna@gmail.com അല്ലെങ്കിൽ സംഘടനാ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്