തിരുവനന്തപുരം: ബിജെപിയെ പിടിച്ചുകുലുക്കിയ മെഡിക്കൽ കോഴ വെറും വ്യക്തിനിഷ്ഠമായ ഒരു കുറ്റകൃത്യമാണെന്നും ഇതിന് കാരണക്കാരനായ ആർഎസ് വിനോദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തുവെന്നും അയാൾക്ക് ചെയ്ത കുറ്റത്തിന് തക്കതായ ശിക്ഷ ലഭിക്കണമെന്നും ബിജെപി നേതൃയോഗം. ഇന്ന് ചേർന്ന കോർ കമ്മിറ്റി യോഗ തീരുമാനങ്ങൾ വ്യക്തമാക്കി ബിജെപി നേതാവ് പിഎസ് ശ്രീധരൻ പിള്ളയാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം ഈ വിഷയം മാധ്യമങ്ങളാണ് തെറ്റായ പ്രചരണത്തിലേക്ക് നയിച്ചതെന്നും ഭാഷ്യം നൽകിയതെന്നും ശ്രീധരൻപിള്ള കുറ്റപ്പെടുത്തി. ഇത് അഴിമതിയാണെന്നും ഏത് അന്വേഷണവുമായും സഹകരിക്കാനും ബിജെപി തയ്യാറാണെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.

കോഴ ആരോപണത്തിൽ അടിസ്ഥാനമില്ലെന്നാണ് പാർട്ടി ദേശീയ എക്‌സിക്യുട്ടീവ് അംഗമായ ശ്രീധരൻപിള്ള പത്രസമ്മേളനത്തിൽ പറഞ്ഞത്. വിനോദ് ഒരു ക്രിമിനിൽ കുറ്റമാണ് ചെയ്തത്. അത് അറിഞ്ഞതോടെ അയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടി സംരക്ഷിക്കാൻ ശ്രമിച്ചില്ല. ബിജെപി ഇക്കാര്യത്തിൽ നല്ലൊരു മാതൃക സൃഷ്ടിക്കുകയാണ് ചെയ്തത്്. - അദ്ദേഹം പറഞ്ഞു.

അതേസമയം, കോർ കമ്മിറ്റിയിൽ ഇക്കാര്യത്തിൽ വിശദമായ ചർച്ച നടന്നുവെങ്കിലും വിനോദിനെ മാത്രം കുറ്റക്കാരനെന്ന് വ്യക്തമാക്കി തൽക്കാലം പാർട്ടിയുടെ മുഖം രക്ഷിക്കാനാണ് ശ്രമം നടന്നതെന്നാണ്  വിവരം. എംടി രമേശിനെതിരെയും ആരോപണത്തിന്റെ മുന നീളുകയും അതേസമയം അന്വേഷണ കമ്മിഷൻ അംഗങ്ങളായ നസീറും ശ്രീശനും രമേശിനെ കൂടി കോഴ വിവാദത്തിൽ ഉ്ൾപ്പെടുത്താൻ ശ്രമം നടത്തിയെന്നുമെല്ലാം തിരിച്ചുംമറിച്ചും ആരോപണ പ്രത്യാരോപണങ്ങളുണ്ടായി. എന്നാൽ കൂടുതൽ നടപടികളിലേക്ക് നീണ്ടാൽ അത് പാർട്ടിക്ക് തൽക്കാലം ക്ഷീണമാകുമെന്ന് വ്യക്തമാക്കി ഒരു അനുനയത്തിലേക്ക് കാര്യങ്ങളെത്തിക്കുകയായിരുന്നു എന്നാണ് വിവരം.

സംശുദ്ധ ജീവിതത്തിന്റെ ഉടമയായ, ഒരു കാപട്യവും കാട്ടാത്ത ബിജെപി സംസ്ഥാന നേതാവിന് നേരേയും ആക്ഷേപും ഉയർന്നുവെന്നാണ് എംടി രമേശിന്റെ പേരുപറയാതെ ശ്രീധരൻ പിള്ള പത്രസമ്മേളനത്തിൽ പരാമർശം നടത്തിയത്. ഒരു മാധ്യമത്തേയും രാഷ്ട്രീയ പാർട്ടിയേയും കുറ്റപ്പെടുത്തുന്നില്ല. റിപ്പോർട്ട് ചോർന്ന സംഭവം ഗൗരവത്തോടെ കാണുന്നു. ഇക്കാര്യം കേന്ദ്രത്തിനെ അറിയിക്കും. അഖിലേന്ത്യാ തലത്തിൽ ഭരണഘടന അനുസരിച്ചാവും നടപടി സ്വീകരിക്കുക. - ശ്രീധരൻ പിള്ള പറഞ്ഞു.

ബിജെപിയുടെ രാഷ്ട്രീയ എതിരാളികൾ ഒരു ചെറിയ തെളി തെറിച്ചപ്പോൾ വളരെയധികം പ്രചരണവുമായി എത്തിയെന്ന് പറഞ്ഞാണ് ശ്രീധരൻപിള്ള പത്രമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിച്ചു തുടങ്ങിയത്. സത്യത്തേക്കാൾ മാറിയാണ് ആ പ്രചരണം മുന്നോട്ടുപോയത്. ബിജെപിയെ സംബന്ധിച്ച് അഴിമതിയുടെ കറപുരണ്ട ഒരു കാര്യത്തിലും കൂടെ നിൽക്കില്ല. വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ കേരള സർക്കാർ നിയമ നടപടികൾ കർശനമായി നടപ്പാക്കണമെന്നാണ് യോഗത്തിന്റെ തീരുമാനമെന്ന് ശ്രീധരൻപിള്ള വ്യക്തമാക്കി.

ഞാനിതിനെ കുപ്രചരണമെന്ന് പറയില്ലെന്നും തെറ്റായെ പ്രചരണമാണെന്നാണ് പറയുകയെന്നും യോഗാനന്തരം പത്രസമ്മേളനത്തിൽ പിഎസ് ശ്രീധരൻപിള്ള പറഞ്ഞു. ഒരു സെല്ലിന്റെ കൺവീനറെ പാർട്ടി പാവങ്ങളെ സഹായിക്കാനാണ് നിയോഗിച്ചത്. നിയമം അനുശാസിക്കുന്ന നടപടികളിലൂടെ തന്നെ കുറ്റം ചെയ്തയാള് ശിക്ഷ അനുഭവിക്കണം. പാർട്ടി പ്രസിഡന്റിന്റെ ശ്രദ്ധയിൽ അതു പെട്ടതോടെ അക്കാര്യത്തിൽ പാർട്ടി നടപടിയുമുണ്ടായി - സഹകരണ സെൽ കൺവീനറായ ആർ എസ് വിനോദിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഉണ്ടായ നടപടികളെ ശ്രീധരൻപിള്ള വിശദീകരിച്ചത് ഇങ്ങനെ.

അതേസമയം, മെഡിക്കൽ കോഴ വിവാദത്തിൽ തന്റെ പേര് ഉൾപ്പെടുത്തിയതിന് പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന് ബിജെപി ജനറൽ സെക്രട്ടറി എം ടി.രമേശ് കോർ കമ്മിറ്റി യോഗത്തിൽ ആരോപിച്ചുവെന്നാണ് വ്യക്തമാകുന്നത്. എ.കെ.നസീറിനെ കൂടാതെ അന്വേഷണ റിപ്പോർട്ട് ചോർന്ന സംഭവത്തിൽ വേറെ ചില നേതാക്കൾക്ക് പങ്കുണ്ടെന്ന തരത്തിൽ യോഗത്തിൽ സംസാരിച്ച രമേശ് തന്നെ ചില സെക്രട്ടറിമാർ ഉൾപ്പടെയുള്ള നേതാക്കളുടെ പേരടക്കം അദ്ദേഹം പറഞ്ഞെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ പലരും ചേർന്ന് കെട്ടിച്ചമച്ചതാണെന്നും പാർട്ടിക്കകത്തുനിന്നു തന്നെ ഇക്കാര്യത്തിൽ ഗൂഢാലോചനയുണ്ടായെന്നും ആരോപിച്ച രമേശ് ചോയഗത്തിൽ പൊട്ടിക്കരയുകയും വികാരാധീനനാകുകയും ചെയ്തു.

തനിക്ക് നേരെയുണ്ടായ ആരോപണങ്ങളും അതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും വിശദമായും വൈകാരികമായും എംടി രമേശ് യോഗത്തിൽ സംസാരിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം. എ.കെ.നസീർ വഴിയാണ് അന്വേഷണറിപ്പോർട്ട് ചോർന്നതെന്ന് വ്യക്തമായ സാഹചര്യത്തിൽ അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാൻ കോർകമ്മിറ്റി യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഏത് രീതിയിലുള്ള നടപടിയാണ് വേണ്ടതെന്ന കാര്യം പാർട്ടി നേതൃയോഗത്തിൽ തീരുമാനിക്കും എന്നാണ് വിവരം. ഇക്കാര്യത്തിൽ കേന്ദ്രനേതൃത്വത്തിന്റെ നിലപാടും പ്രധാനമാണ്.

മെഡിക്കൽ കോഴ ആരോപണത്തിൽ കടുത്ത ശിക്ഷാ നടപടികൾ ഉണ്ടാവുമെന്ന് കേന്ദ്ര നേതൃത്വത്തിന്റെ പ്രതിനിധിയായി യോഗത്തിൽ പങ്കെടുക്കുന്ന ആർഎസ്എസ് നേതാവ് ബിഎൽ സന്തോഷ് യോഗത്തെ അറിയിക്കുകയും ചെയ്തിരുന്നു. പാർട്ടി ദേശീയാധ്യക്ഷൻ അമിത് ഷായുടെ നിർദ്ദേശപ്രകാരം ബി.എൽ.സന്തോഷും എച്ച്.രാജയും യോഗത്തിൽ പങ്കെടുത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലേക്ക് പാർട്ടി കടക്കുമ്പോൾ ഉണ്ടാവുന്ന വിവാദങ്ങൾ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ദേശീയനേതാക്കൾ യോഗത്തിൽ വ്യക്തമാക്കി. ഇതോടെയാണ് തൽക്കാലം ആർഎസ് വിനോദിനെതിരെ നടപടി സ്വീകരിച്ചതിൽ ഉറച്ചുനിൽക്കാനും മറ്റുകാര്യങ്ങൾ വിജിലൻസ് അന്വേഷണത്തിലെ കണ്ടെത്തലിലേക്ക് വിടാനും തീരുമാനിച്ചതെന്നാണ് സൂചന.

നേരത്തെ അന്വേഷണ കമ്മീഷനെ നിയമിക്കുന്ന കാര്യം നേതാക്കളെ അറിയിക്കാത്തതിന് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെതിരെ യോഗത്തിൽ വിമർശനമുയർന്നിരുന്നു. എന്നാൽ അതീവരഹസ്യമായി സൂക്ഷിക്കേണ്ട കാര്യമായതിനാലാണ് ഇക്കാര്യം കൂടുതൽ ചർച്ചയാക്കാതിരുന്നതെന്ന് കുമ്മനം യോഗത്തെ അറിയിച്ചു. കോർകമ്മിറ്റി പൂർത്തിയാക്കിയ ശേഷം ബിജെപി നേതൃയോഗമാണ് ഇപ്പോൾ നടന്നത്.

അതേസമയം കുമ്മനം രാജശേഖരനെ ഫോണിൽ ബന്ധപ്പെട്ട് ദേശീയ അധ്യക്ഷൻ അമിത് ഷാ സംസ്ഥാനത്തുണ്ടായ വിവാദങ്ങളിൽ കടുത്ത അതൃപ്തി അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. പുതിയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ കുമ്മനത്തെ ദേശീയനേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചേക്കും എന്നാണ് വിവരം. പാർട്ടി ജനറൽ സെക്രട്ടറി എം ടി.രമേശും സ്വന്തം ഭാഗം വ്യക്തമാക്കാൻ അമിത്ഷായെ നേരിൽ കണ്ടേക്കും.