വിതുര: മൂന്ന് ദിവസമായി വിതുര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നുവന്ന പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയുടെ പൊതുജനസമ്പർക്ക പരിപാടി സമാപിച്ചു.  മൂന്നാം ദിവസം രാവിലെ നടന്ന മെഡിക്കൽ ക്യാമ്പ് ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  വിവിധ വിഭാഗങ്ങളിലായി നൂറോളം രോഗികൾ ചികിത്സ തേടി.  തുടർന്ന് ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ ബോർഡിന്റെ ആഭിമുഖ്യത്തിൽ അംഗൻവാടി ഹെൽപ്പർമാർക്കായി നടന്ന ക്വിസ്സ് മത്സരം നടത്തി.

അംഗൻവാടി ഹെൽപ്പർമാർക്കുള്ള ബോധവൽക്കരണ പരിപാടി ഐ.സി.ഡി.എസ് വെള്ളനാട് അഡീഷണൽ സി.ഡി.പി.ഒ  അനിതാ ദീപ്തി ഉദ്ഘാടനം ചെയ്തു.  ഉച്ചയ്ക്ക് ശേഷം നടന്ന  സമാപനസമ്മേളനം വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുമാരി ശോഭനാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.  ജവഹർ നവോദയ വിദ്യാലയം പാലോട് പ്രിൻസിപ്പാൾ ഡോ. രത്‌നാകരൻ കെ. ഒ മുഖ്യാതിഥിയായിരുന്നു.

പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ തിരുവനന്തപുരം ജോയിന്റ് ഡയറക്ടർ  എസ്. സുബ്രഹ്മണിയൻ സംസാരിച്ചു.  പൊതുജനസമ്പർക്ക പരിപാടിയിലെ മികച്ച പ്രദർശന  സ്റ്റാളിനുള്ള പുരസ്‌ക്കാരം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് കരസ്ഥമാക്കി.  സർവ്വശിക്ഷാ അഭിയാൻ പാലോട് രണ്ടാം സ്ഥാനം നേടി.  വിവിധ മത്സര വിജയികൾക്കും മികച്ച സ്റ്റാളുകൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.  അസിസ്റ്റന്റ് ഡയറക്ടർ  നിജോ വർഗ്ഗീസ് സ്വാഗതവും, ഡെപ്യൂട്ടി ഡയറക്ടർ എം. ജേക്കബ് ഏബ്രഹാം നന്ദിയും പറഞ്ഞു.  മൂന്ന് ദിവസങ്ങളിലായി നടന്ന പൊതുജനസമ്പർക്ക പരിപാടിയിൽ വിവിധ കേന്ദ്ര-സംസ്ഥാന സർക്കാർ ഡിപ്പാർട്ടുമെന്റുകൾ, പൊതുമേഖലാ ബാങ്കുകൾ, സന്നദ്ധസംഘടനകൾ എന്നിവർ പങ്കെടുത്തു.