കോഴിക്കോട്: നിയമാനുസൃതം അഖില എന്ന പേര് മാറ്റിയോ എന്ന ചോദ്യത്തിന് താൻ മുസ്ലീമാണെന്നും ഞാൻ ഇഷ്ടപ്പെട്ട് സ്വീകരിച്ച പേര് 'ഹാദിയ' എന്നാണെന്നും മറുപടി. ഇനിയും എന്നെ അഖില എന്നേ വിളിക്കുമെന്നുണ്ടോയെന്നും ചോദ്യം. ആടുമെയ്‌ക്കാൻ സിറിയയിലേക്ക് പോകാൻ താൽപര്യമുണ്ടെന്ന് മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് ആ ഓഡിയോ ക്‌ളിപ്പുകൾ ഒരിക്കൽ കൂടി കേട്ടുനോക്കൂ എന്ന് മറുപടി. പത്രലേഖകരുടെ ചോദ്യങ്ങൾക്കെല്ലാം ഉരുളയ്ക്കുപ്പേരി പോലെ മറുപടി നൽകി ഹാദിയയും ഭർത്താവ് ഷെഫിൻ ജഹാനും

ഷെഫിനുമൊത്തുള്ള വിവാഹം സുപ്രീംകോടതി സാധുവാക്കിയ വിധിക്കുശേഷം തങ്ങൾ നേരിട്ട വിഷയങ്ങളിൽ വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു ഇരുവരും. വിവാഹം സാധുവാക്കിയതിനു പിന്നാലെ ഭർത്താവ് ഷെഫിൻ ജഹാനുമായി കേരളത്തിലെത്തിയ ഹാദിയ മൂന്ന് ദിവസത്തെ അവധിക്കു ശേഷം നാളെ സേലത്തേക്ക് തിരിക്കും. കോളേജ് പഠനം തുടരുമെന്നും ഇനി വിവാദങ്ങളിൽ വലിച്ചിഴക്കരുതെന്നും കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ ഹാദിയ പറഞ്ഞു.

കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് ആസ്ഥാനമായ യൂണിറ്റി ഹൗസിലെത്തിയ ഹാദിയയും ഷെഫിൻ ജഹാനും പോപ്പുലർ ഫ്രണ്ടിന് നന്ദി പറയുകയും ജമാഅത്തേ ഇസ്ലാമിയും കോഴിക്കോട് തർബിയത്തുൽ ഇസ്ലാം സഭയും സഹായം നൽകിയില്ലെന്നും പറഞ്ഞിരുന്നു. ഇത് പോപ്പുലർ ഫ്രണ്ട് ഒഴികെയുള്ള സംഘടനകളെ ചൊടിപ്പിച്ചിരുന്നു. ഇതോടെ എല്ലാവരും സഹായം ചെയ്തുവെന്ന നിലപാടിലായിരുന്നു ഇരുവരും ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.