തിരുവനന്തപുരം: കോവളത്ത് ലാത്വിയൻ വനിത ലിഗയുടെ മരണത്തിൽ പിണറായി സർക്കാരിന് മാപ്പില്ലെന്ന് വിദേശ വനിതയുടെ കുടുംബം. ലിഗയെ കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്‌റ്റേഷനിലെത്തിയപ്പോൾ ബോയ് ഫ്രണ്ടിനൊപ്പം പോയിരിക്കാമെന്ന കഥപോലും പൊലീസുണ്ടാക്കിയെന്നാണ് ആരോപണം. സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത് ക്രൂരമായ അവഹേളനമാണെന്നും പട്ടിയെ പോലെ ഓടിച്ചെന്നും വിദേശവനിതയുടെ ബന്ധുക്കൾ ആരോപിക്കുന്നു. മുഖ്യമന്ത്രി കാണാൻ അനുവദിച്ചില്ലെന്ന ഗുരുതരമായ ആരോപണവും ഉണ്ട്. പൊലീസിന്റെ പെരുമാറ്റം വേദനാജനകമാണെന്നും അവർ പറയുന്നു. ഉത്തരേന്ത്യൻ വിഷയങ്ങളിൽ മാത്രം ഇടപെടുന്ന സമൂഹവും സർക്കാരുമായി കേരളം മാറുന്നുവോ എന്ന ചോദ്യമാണ് ഇതോടെ സജീവമാകുന്നത്. കേരളത്തിന് ലജ്ജിച്ച് തലതാഴ്‌ത്തേണ്ട സാഹചര്യമാണ് ഈ വിദേശികളുടെ വാർത്താ സമ്മേളനം ഉണ്ടാക്കുന്നത്. ഈ വിഷയത്തിൽ മറുനാടൻ നടത്തുന്ന ലൈവ് ചർച്ച കാണാം.

ലിഗയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ച് സഹോദരി ഇലിസും ഭർത്താവ് ആൻഡ്രൂസും തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനം നടത്തി. സർക്കാരിനെതിരെ ഗുരുതരമായ ആരോപണമാണ് ഇരുവരും ഉയർത്തുന്നത്. ഉത്തരേന്ത്യൻ കൊലപാതകത്തിലും പീഡനത്തിലും കണ്ണീരൊഴുക്കുന്ന സർക്കാർ എന്തുകൊണ്ട് കോവളത്തെ തിരോധാനത്തെ വേണ്ട വിധം പരിഗണിക്കുന്നില്ലെന്ന ചോദ്യമാണ് ഉയരുന്നത്. കേരളത്തിന് ലജ്ജിച്ച് തലതാഴ്‌ത്തേണ്ട സാഹചര്യമാണ് ഇതിലൂടെ ഉയരുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും ഈ പ്രതികരണങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഇതോടെ ടൂറിസം മേഖലയിൽ കേരളത്തിന് കറുത്ത പാടായി ഇത് മാറും. നീതി കിട്ടും വരെ കേരളത്തിൽ തുടരുമെന്നും അവർ പറയുന്നു.

മനുഷ്യത്വം നശിച്ചതാണ് കേരളപൊലീസെന്നാണ് ലിഗയുടെ ബന്ധുക്കളുടെ പ്രധാന ആരോപണം. ഡിജിപിയും മോശമായി പെരുമാറി. സർക്കാരിൽ നിന്ന് നേരിട്ടത് പുച്ഛവും അവഹേളനവുമെന്ന് ലിഗയുടെ ബന്ധുക്കൾ പറയുന്നു. കോവളം, പോത്തൻകോട് സ്റ്റേഷനുകളിൽ നിന്ന് വലിയ ദുരിതം നേരിട്ടു. ലിഗ ബോയ്ഫ്രണ്ടിനൊപ്പം പോയതായിരിക്കുമെന്ന് കഥയുണ്ടാക്കിയെന്നും അവർ ആരോപിക്കുന്നു. ലീഗ കൊല്ലപ്പെട്ടതു തന്നെയാണെന്നു കുടുംബം പറയുന്നു. സാഹചര്യ തെളിവുകളെല്ലാം അതിലേക്കാണ് വിരൽചൂണ്ടുന്നത്. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കണമെന്ന് സഹോദരി ഇലീസ് ആവശ്യപ്പെട്ടു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്കു ലിഗയ്ക്കു തനിച്ച് എത്താനാകില്ല. ആരെങ്കിലും ലിഗയെ ഇവിടെ എത്തിച്ചതാകാം. പൊലീസ് അന്വേഷണം തുടക്കത്തിൽ ഫലപ്രദമായില്ലെന്നും അവർ കുറ്റപ്പെടുത്തി.

അന്വേഷണത്തിൽ പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന ആരോപണമാണ് . ലിഗയെ കാണാതായി പത്താം ദിവസമാണ് കേസ് ഗൗരവമായെടുത്തത്. ആദ്യദിവസങ്ങളിൽ കരഞ്ഞുപറഞ്ഞിട്ടും ഔദ്യോഗികതലത്തിൽ സഹായം ലഭിച്ചില്ലെന്നും അവർ ആരോപിച്ചു. അതേസമയം, അന്വേഷണത്തിൽ എല്ലാ പിന്തുണയും നൽകിയ മലയാളികൾക്കു ലിഗയുടെ ഭർത്താവ് ആൻഡ്രൂസ് നന്ദി പറഞ്ഞു. ഇതിന്റെ പേരിൽ കേരളത്തെ ആരും പഴിക്കരുത്. ഇത്തരമൊരു സംഭവം ലോകത്ത് എവിടെ വേണമെങ്കിലും സംഭവിക്കാം. ലിഗയെ അന്വേഷിക്കുമ്പോൾ ഇതിലേറെ സ്‌നേഹവും നന്മയുമൊന്നും വേറെ എവിടെനിന്നും ഞങ്ങൾക്കു പ്രതീക്ഷിക്കാനാകില്ല. അത്രയേറെ പിന്തുണയാണു കേരളത്തിൽനിന്നു ലഭിച്ചതെന്നും ആൻഡ്രൂസ് പറഞ്ഞു.

'ജനങ്ങളോട്, പ്രത്യേകിച്ച് തിരുവല്ലത്തിനു സമീപത്തുള്ളവരോട് ഒരു അഭ്യർത്ഥനയുണ്ട്. ലിഗയുടെ മരണം സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ അതു പൊലീസിനെ അറിയിക്കണം. പേടിച്ചു മാറി നിൽക്കരുത്. ഞങ്ങൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വായിച്ചു. അതിൽ അസ്വാഭാവിക മരണമെന്നതു വ്യക്തമാണ്. അതിനാൽത്തന്നെ പെട്ടെന്നുള്ള തീരുമാനങ്ങളിലേക്കു പോകരുത്. എങ്ങനെയാണ് കണ്ടൽക്കാട്ടിൽ ലിഗ എത്തിയതെന്നതിൽ ഉൾപ്പെടെ പ്രത്യേക അന്വേഷണം വേണം. കുറ്റവാളിയെ നിയമത്തിനു മുന്നിലെത്തിക്കണം ആൻഡ്രൂസ് പറഞ്ഞു.