തിരുവനന്തപുരം: മന്ത്രിമാരുടെ ഓഫീസിൽ നിന്നും വാർത്താക്കുറിപ്പ് പുറത്തിറക്കുമ്പോൾ അക്ഷര തെറ്റുകൾ ഉണ്ടാകുക സ്വാഭാവികമാണ്. ഇതിൽ എന്തിരിക്കുന്നു കാര്യം എന്ന് ചോദിച്ച് വെറുതേ വേണമെങ്കിൽ തള്ളിക്കളയാം. എന്നാൽ, വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ നിന്നും പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ സംസ്ഥാന ഭരിക്കുന്ന മുഖ്യമന്ത്രിയുടെ പേര് തെറ്റിയാൽ എങ്ങനെയിരിക്കും? നിസ്സാരമായ തെറ്റാണെങ്കിലും ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് ഇടയാക്കിയിരിക്കയാണിപ്പോൾ.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ ഒരക്ഷരം തെറ്റി 'ഉമ്മർ ചാണ്ടി' ആക്കിയതാണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്താൻ കാരണമായത്. ക്രൈസ്തവനായ ഉമ്മൻ ചാണ്ടി മുസ്ലീമായി മതം മാറിയോ എന്ന തുടങ്ങി രസകരമായ ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ഉയരുന്നത്. മനോരമ ന്യൂസിലെ മാദ്ധ്യമ പ്രവർത്തകനായ രാജീവ് ദേവരാജ് ആണ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ നിന്നും പുറത്തുവന്ന അക്ഷര തെറ്റ് സഹിതമുള്ള വാർത്താക്കുറിപ്പ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്.

വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നടക്കുന്ന യാത്രയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് ഉമ്മൻ ചാണ്ടി 'ഉമ്മർ ചാണ്ടിയായി' മാറിയത്. രാജീവ് ദേവരാജ് ഫേസ്‌ബുക്കിൽ ഇതിട്ടതോടെ പലരും അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തി. നിലവിളക്ക് കൊളുത്തുന്നത് അടക്കമുള്ള വിഷയങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടുള്ള മന്ത്രിയാണ് പി കെ അബ്ദുറബ്് എന്നതിനാൽ ഇക്കാര്യമൊക്കെ ചൂണ്ടിക്കാട്ടിയാണ് കമന്റുകൾ.

സാധാരണ നിലയിൽ ഇത് ഒരു അക്ഷരത്തെറ്റായി കാണാമെന്ന് പറയുന്നവർ തന്നെ മന്ത്രിയുടെ മതതാൽപ്പര്യമാണോ എന്ന വിധത്തിലും പറഞ്ഞാണ് പരിഹസിക്കുന്നത്. അബ്ദുറബ്ബ് ആയതുകൊണ്ട് പരിഹാസം അർഹിക്കുന്നുണ്ടെന്നും ചിലർ പറയുന്നു. ഔദ്യോഗിക വസതിയുടെ പേര് ഗംഗ എന്ന് മാറ്റി ഗ്രേസ് ആക്കിയ മഹാനായ വിദ്യാഭ്യാസ പരിഷ്‌കർത്താവാണ് അബ്ദുറബ്ബെന്നും ചിലർ ഓർമ്മപ്പെടുന്നു. എന്തായാലും ഫേസ്‌ബുക്കിൽ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ നിന്നും പുറത്തിറക്കിയ വാർത്താക്കുറിപ്പിന്മേൽ ഫേസ്‌ബുക്കിൽ പരിഹാസങ്ങളുടെ പെരുമഴയാണ്.

സാധാരണ നിലയിൽ ഇത് ഒരു അക്ഷരത്തെറ്റായി കാണാം. എന്നാൽ അബ്ദുറബ്ബ് ആയതുകൊണ്ട് പരിഹസിക്കാം. ഔദ്യോഗിക വസതിയുടെ പേര് ഗംഗ എന്ന് മാറ്റി ഗ്രേസ് ആക്കിയ മഹാനായ വിദ്യാഭ്യാസ പരിഷ്കർത്താവാണ്.

Posted by Raghu Mattummal on Thursday, November 12, 2015