കൊച്ചി: നിരവധി രാഷ്ട്രീയ ചർച്ചകൾക്കും ക്യാമ്പുകൾക്കും വേദിയായിട്ടുള്ള ആലുവ വൈ.എം.സി.എ ക്യാമ്പ് സൈറ്റ് ഫെബ്രുവരി 18ന് അത്യപൂർവ്വ കൂട്ടായ്മക്ക് വേദിയാകും. ഒരുകൊടിക്കീഴിൽ ഒന്നിച്ച് പ്രവർത്തിച്ച് പലയിടത്തായി ചിതറിയവർ പഴയ സൗഹൃദം പുതുക്കാൻ ഒത്ത് ചേരുകയാണ് 18ന്. 1982 മുതൽ 87വരെ കോൺഗ്രസ് (എസ്)ലും പോഷക സംഘടനകളിലും സംസ്ഥാനതലത്തിൽ പ്രവർത്തിച്ചവരാണ് മൂന്ന് പതിറ്റാണ്ടിന് ശേഷം അക്കാലത്തെ ഓർമ്മകളുമായി ഒത്ത് ചേരുന്നത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായിരിക്കെ, എ.കെ.ആന്റണി അടക്കമുള്ളവർ കോൺഗ്രസ് (എസ്)ൽ നിന്നും വിട്ട് പോയതിന് ശേഷമുള്ള കാലഘട്ടത്തിൽ ഒന്നിച്ച് പ്രവർത്തിച്ചവരാണ് 'ഓർമ്മകൾക്കൊപ്പം' എന്ന പേരിൽ സംഗമിക്കുന്നത്. പിളർപ്പിന് ശേഷം രാഷ്ട്രീയ കക്ഷികളും പ്രവർത്തകരും ശത്രുക്കളെ പോലെ പെരുമാറുമ്പോഴാണ് ഇപ്പോൾ വിവിധ പാർട്ടികളിലുള്ളവർ രാഷ്ട്രീയം മറന്ന് സൗഹൃദം പുതുക്കാൻ എത്തുന്നത്. അന്നത്തെ കോൺഗ്രസ് (എസ്)ലുണ്ടായിരുന്നവർ പിന്നിട് കോൺഗ്രസ് ഐ, എൻ.സി.പി എന്നിങ്ങനെയായി മാറി.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കോൺഗ്രസ് എസ് പുനഃജീവിപ്പിച്ച് ഇപ്പോഴും ആ പേരിൽ തുടരുന്നു. അന്നത്തെ ഭാരവാഹികളിൽ ചിലർ രാഷ്ട്രീയം അവസാനിപ്പിച്ചു, മറ്റ് മേഖലകളിലേക്ക് പോയി. മറ്റ് ചിലർ ഇപ്പോഴും വിവിധ പാർട്ടികളിലായി സജീവമായി തുടരുന്നു. ചിലർ അസുഖ ബാധിതരായി വിശ്രമത്തിലും.

എ.െഎ.സി.സി വക്താവ് പി.സി.ചാക്കോ, മന്ത്രി എ.കെ.ശശീന്ദ്രൻ, മുൻ മന്ത്രിമാരായ കെ.ശങ്കരനാരായണ പിള്ള, വി സി.കബീർ, അവിഭക്ത കെ.എസ്.യു പ്രസിഡന്റ് പി.എം.സുരേഷ് ബാബു, മുൻ എംഎ‍ൽഎമാരായ ഡി.സുഗതൻ, മാമ്മൻ ഐപ്പ്, പി.എ.മാധവൻ,പി.പി.സുലൈമാൻ റാവുത്തർ, കെ.ടി.കുഞ്ഞഹമദ്,വി് കെ ബാബു, യൂത്ത് കോൺഗ്രസ് എസ് ദേശിയ പ്രസിഡന്റായിരുന്ന വി.എൻ.ജയരാജ് തുടങ്ങി അറുപതോളം പേരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

മന്ത്രി കടന്നപ്പള്ളി കണ്ണുരിലായതിനാൽ എത്തില്ല. അടുത്ത നാളിൽ ചില വിവാഹ ചടങ്ങുകളിൽ കൂടിചേരലുകളാണ് ഇത്തരമൊരു സംഗമത്തിന് ആലോചനയിട്ടത്. ഇപ്പോൾ രാഷ്ട്രിയത്തിൽ ഇല്ലാത്ത കെ.എസ്.യു ഭാരവാഹികളായിരുന്ന അഡ്വ പി.നാരായണൻ,കെ.ആർ.രാജൻ, എം.ജെ.ബാബു എന്നിവരാണ് ഓർമ്മകൾക്കൊപ്പം എന്ന ആശയവുമായി പഴയ സഹപ്രവർത്തകരെ സമിപിച്ചത്...