ദോഹ: വിശുദ്ധ റമദാനെ വരവേൽക്കാൻ ഒരുങ്ങുന്ന വേളയിൽ 50,000 ഉത്പന്നങ്ങൾക്ക് പ്രൈസ് കാപ്പ് ഏർപ്പെടുത്തിക്കൊണ്ട് മിനിസ്ട്രി ഓഫ് ഇക്കണോമി ആൻഡ് കൊമേഴ്‌സ് ഉത്തരവിറക്കി. ഭക്ഷ്യ- ഭക്ഷ്യേതര ഉത്പന്നങ്ങൾക്കാണ് നിലവിൽ ഒരു മാസത്തേക്ക് പ്രൈസ് കാപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. ഷോപ്പിങ് മാളുകളുടേയും വൻകിട റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളുടേയും സഹകരണത്തോടെയാണ് മന്ത്രാലയം ഉത്പന്നങ്ങൾക്ക് പ്രൈസ് കാപ്പ് പ്രാബല്യത്തിൽ വരുത്തിയിട്ടുള്ളത്.

പോൾട്രി, മുട്ട, ശീതീകരിച്ച ഇറച്ചി ഉത്പന്നങ്ങൾ, പാൽ, പാലുത്പന്നങ്ങൾ, ടീ, കോഫീ ഉത്പന്നങ്ങൾ, പഞ്ചസാര തുടങ്ങിയ ഉത്പന്നങ്ങൾ ഇതിൽപ്പെടും. എട്ടുതരം ഫ്രൂട്ട് ജാമുകൾ, രണ്ടുതരം തേൻ, രണ്ടുതരം പനീർ, നാലുതരം ഹോട്ട് സോസുകൾ, അഞ്ചുതരം കസ്റ്റാർഡ് പൗഡറുകൾ, സ്ട്രോബറി ജല്ലികൾ, അൽ അലി പൈനാപ്പിൾ സിറപ്പുകൾ, സ്ലൈസുകൾ, കാരമൽ ക്രീം, വിവിധ കമ്പനികളുടെ നെയ്യ്, കെലോഗ്സ് കോൺഫ്ലേക്സ്, കൂണുകൾ, പായ്ക്കറ്റിലാക്കിയ ട്യൂണ മൽസ്യം, വിവിധ കമ്പനികളുടെ കുടിവെള്ളം, ഹാൻഡ് വാഷുകൾ, പാത്രങ്ങൾ കഴുകാനുള്ള ലോഷനുകൾ, ഗാർബേജ് ബാഗുകൾ, മേശവിരിപ്പുകൾ, ഭക്ഷണം പൊതിയുന്നതിനുള്ള അലൂമിനിയം ടിഷ്യൂ, കൈ തുടയ്ക്കാനുള്ള ടിഷ്യൂ പേപ്പറുകൾ, വിവിധതരം പീസ്തകൾ എന്നിവയ്ക്കെല്ലാം വില കുറച്ചിട്ടുണ്ട്.

കടയുടമകൾ അധികവില ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ റമദാൻ മാസം തീരുംവരെ പരിശോധനകൾ തുടരും. അമിതവില ഈടാക്കുന്നതായി പരാതിയുള്ളവർക്ക് 16001 എന്ന കോൾ സെന്റർ നമ്പറിലോ മന്ത്രാലയത്തിന്റെ ട്വിറ്റർ, ഫേസ്‌ബുക്, സ്നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെയോ അക്കാര്യം അധികൃതരെ അറിയിക്കാം.