ദുബായ്: ജിസിസി രാജ്യങ്ങളിൽ അവശ്യമരുന്നുകളുടെ വില കുറയ്ക്കുന്നതിന്റെ ഭാഗമായി യുഎഇയിൽ 762 മരുന്നുകളുടെ വില കുറയ്ക്കാൻ തീരുമാനമായി.  657 മരുന്നുകളുടെ വില അടുത്തമാസവും 105 മരുന്നുകളുടെ വില അടുത്തവർഷം ജനുവരിയിലും കുറയും.

രണ്ട് ശതമാനം മുതൽ 63 ശതമാനം വരെയാണ് മരുന്നുകളുടെ വില വെട്ടിക്കുറക്കുക. മരുന്ന് വില നിർണയസമിതി വൈസ്‌ചെയർമാനും ആരോഗ്യമന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയുമായ ഡോ. അമീൻ ഹുസൈൻ അൽ ആമിറിയാണ് ഇക്കാര്യം അറിയിച്ചത്. മരുന്നുകളുടെ വില കുറക്കാൻ 2011 ൽ ആരംഭിച്ച നടപടികളുടെ തുർച്ചായായി ഇത് ഏഴാം തവണയാണ് യു എ ഇയിൽ മരുന്നുകളുടെ വില വെട്ടിക്കുറക്കുന്നത്. അഞ്ച് വർഷത്തിനിടെ 8725 മരുന്നുകളുടെ വില കുറക്കാൻ സാധിച്ചുവെന്ന് മന്ത്രാലയം അറിയിച്ചു.

39 ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ സഹകരണത്തോടെയാണു മരുന്നുകളുടെ വില കുറയ്ക്കുന്ന നടപടി പ്രാബല്യത്തിലാക്കുന്നത്. ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള 135 മരുന്നുകൾ, നാഡീവ്യൂഹവുമായി ബന്ധപ്പെട്ട രോഗങ്ങൾക്കു 115, ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് 72, ഗൈനക്കോളജി, മൂത്രാശയം തുടങ്ങിയവയുമായി ബന്ധപ്പെട്ട് 35, ത്വക് സംബന്ധമായതിനു 35, കുടൽസംബന്ധമായതിനു 32 തുടങ്ങിയതിനാണു വിലക്കുറവ് ഏർപ്പെടുത്തുന്നത്.