ദുബായ്: എമിറേറ്റിൽ 4500-ലധികം വസ്തുക്കൾക്ക് കുത്തനെ വില കുറയ്ക്കാൻ പദ്ധതിയിടുന്നതായി സാമ്പത്തിക മന്ത്രാലയത്തിലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ്. വിപണിയിൽ അവശ്യവസ്തുക്കൾക്ക് അമ്പതു ശതമാനത്തോളം വില കുറയ്ക്കുന്നതിലൂടെ ജനങ്ങൾക്കുള്ള അമിത ഭാരം ഒഴിവാക്കാനാവുമെന്ന് മന്ത്രാലയം വിശദീകരിക്കുന്നു. ഇതു സംബന്ധിച്ച് കോ ഓപ്പറേറ്റീവ് സൊസൈറ്റികളുമായും കൺസ്യൂമർ കോ ഓപ്പറേറ്റീവ് യൂണിയനുമായും ചർച്ച നടത്തി വരികയാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

ദുബായി ഡൗൺടൗൺ സോഫിടെൽ ഹോട്ടലിൽ നടന്ന പന്ത്രണ്ടാമത് ജിസിസി കൺസ്യൂമർ പ്രൊട്ടക്ഷൻ ഡേയിലാണ് വിലകുറയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. ഉപയോക്താക്കളുടെ സംതൃപ്തിയാണ് വലുതെന്നും അതുകൊണ്ടു തന്നെ വസ്തുക്കളുടെ വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഉടൻ തന്നെ തീരുമാനമെടുക്കുമെന്നും കൺസ്യൂമർ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഹാഷിം സയ്യിദ് അൽ ന്യവമി വ്യക്തമാക്കി. ഡിപ്പാർട്ട്‌മെന്റിന് സോഷ്യൽ മീഡിയയിലൂടെയും മറ്റു വെബ് സൈറ്റുകളിലൂടെയും 1230 പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഡയറക്ടർ ചൂണ്ടിക്കാട്ടി.