ദുബായ്: വീട്ടുസാധനങ്ങൾ വാങ്ങാൻ ഈ മാസം ചെലവ് ചുരുക്കേണ്ട. ഈ മാസം കൈ നിറയെ സാധനങ്ങൾ വാങ്ങാൻ അവസരം. രാജ്യത്ത് ഉപഭോക്തൃ ഉത്പന്നങ്ങൾക്ക് ഈ മാസം വിലകുറച്ചിരിക്കുകയാണ്. ആയിരത്തോളം ഉത്പന്നങ്ങൾക്ക് 10 മുതൽ 30 ശതമാനം വരെയാണ് വിലയിളവനുവദിക്കുക. പത്താമത് ഉപഭോക്തൃസംരക്ഷണദിനാചരണത്തിന്റെ ഭാഗമായി മാർച്ച് മാസം മുഴുവൻ ആനുകൂല്യം ലഭ്യമാകും.

മാർച്ച് ആരംഭത്തോടെ മിക്ക കടകളിലും നിശ്ചിത ഉത്പന്നങ്ങൾക്ക് പുതിയ വിലനിലവാരം നിലവിൽവന്നു. അഞ്ഞൂറോളം സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളിലും ചെറുകിട കടകളിലും വിലയിളവനുവദിക്കുന്നുണ്ട്. നിരവധി വില്പനകേന്ദ്രങ്ങൾ കുറഞ്ഞനിരക്കിൽ ഉത്പന്നങ്ങൾ നൽകി ത്തുടങ്ങിയതായി സാമ്പത്തികമന്ത്രാലയം ഉപഭോക്തൃസംരക്ഷണവിഭാഗം മേധാവി ഹാഷിം അൽ നുഐമി വ്യക്തമാക്കി.

ഗൾഫ് മേഖലയിൽ ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് വർഷംതോറും ഉപഭോക്തൃദിനാചരണം സംഘടിപ്പിക്കുന്നത്. യു.എ.ഇ.യിൽ മാർച്ച് ഒന്നിലെ ദിനാചരണത്തിന്റെ ഭാഗമായി ഒരുമാസംനീളുന്ന കാമ്പയിനാണ് സംഘടിപ്പിക്കാറ്.