ഡബ്ലിൻ: 2007-ൽ സാമ്പത്തിക മാന്ദ്യം ആരംഭിച്ചതിനു ശേഷം വീട്ടുസാമഗ്രികളുടെ വില വർധിച്ചത് 79 ശതമാനമാണെന്ന് റിപ്പോർട്ട്. പാലും ബ്രെഡ്ഡും ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില ഇപ്പോഴും വർധിച്ചുകൊണ്ടിരിക്കുകയാണെന്നും നിത്യചെലവ് കണ്ടെത്താൻ സാധാരണക്കാർ ഏറെ ബുദ്ധിമുട്ടുകയാണെന്നുമാണ് വിലയിരുത്തൽ.

സാമ്പത്തിക മാന്ദ്യം തുടങ്ങിയതിനു ശേഷം ഇന്നു വരെയുള്ള നാളുകളിൽ നിത്യോപയോഗ സാധനങ്ങൾക്ക് അടിക്കടി വില കൂടി വരികയാണെന്നും ചില സാധനങ്ങൾക്ക് 79 ശതമാനം വരെയാണ് വില വർധന നേരിട്ടതെന്നുമാണ് കൺസ്യൂമർ അസോസിയേഷൻ ഓഫ് അയർലണ്ട് (സിഎഐ) കണ്ടെത്തിയിരിക്കുന്നത്. സിഎഐ നടത്തിയ ഒരു സൂപ്പർമാർക്കറ്റ് ബാസ്‌ക്കറ്റ് സർവേയിലാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. നിത്യോപയോഗ വസ്തുക്കളായി വാങ്ങുന്ന 19 സാധനങ്ങളുടെ ശരാശരി വില ഇപ്പോൾ 42.89 യൂറോയായി നിലനിൽക്കുകയാണെന്നും സിഎഐ കണ്ടെത്തി.

ഇതേ വസ്തുക്കളുടെ വില 2007-നു മുമ്പ് 33.30 യൂറോയായിരുന്നു. അതേസമയം 2000-ൽ ഇതേ വസ്തുക്കളുടെ വില 29.84 യൂറോയായിരുന്നത്രേ. അവശ്യ വസ്തുക്കളിൽ ഏറ്റവും കൂടുതൽ വില വർധന ഉണ്ടായിരിക്കുന്നത് ഹെയ്ൻസ് കെച്ചപ്പിനാണ്. 2000 മുതൽ ഇന്നു വരെ 1.16 യൂറോ കൂടി ഇപ്പോൾ 2.63 യൂറോയിലെത്തി നിൽക്കുന്നു ഇതിന്റെ വില. കൂടാതെ ഡാനി ഗോൾഡ് മെഡൽ സോസേജിനും വൻ വില വർധനയാണ് ഉണ്ടായിരിക്കുന്നത്. 74 ശതമാനത്തോളം വിലയാണ് ഇതിന് ഉയർന്നത്. കൂടാതെ ബാച്ചിലേഴ്‌സ് ബേക്ക്ഡ് ബീൻസിനും 65 ശതമാനം വില വർധിച്ചിട്ടുണ്ട്.

ഒരു ലിറ്റർ Avonmore പാലിന്റെ വില 1.24 യൂറോയും കൂടി. അതേസമയം ലിയോൺസ് ടീ ബാഗുകൾക്ക് 15 വർഷം കൊണ്ട് 1.45 യൂറോയാണ് വില കൂടിയിട്ടുള്ളത്. ഒരു സാധാരണ ഐറീഷ് കുടുംബം പതിവായി വാങ്ങുന്ന 19 നിത്യോപയോഗ സാധനങ്ങളുടെ വിലയാണ് വില വർധന കണക്കാക്കാൻ സ്വീകരിച്ചത്. ചില സാധനങ്ങളുടെ വിലവർധന ശരാശരി ഐറീഷ് കുടുംബത്തിന് മുന്നോട്ടു പോകാൻ ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചുവെന്നും സിഎഐ പോളിസി അഡൈ്വസർ ഡെർമെറ്റ് ജൂവൽ പറയുന്നു. ചിലരാകട്ടെ ചെലവുകൾ താങ്ങാൻ വയ്യാതായപ്പോൾ ഭക്ഷണം തന്നെ കുറച്ചിട്ടുണ്ട്.

അതേസമയം 2014-ൽ നിന്നു വ്യത്യസ്തമായി ഈ വർഷം ചില സാധനങ്ങളുടെ വിലയിൽ വൻ വർധനയാണ് വന്നിട്ടുള്ളത്. അഞ്ച് സാധനങ്ങളുടെ വിലയാകട്ടെ കഴിഞ്ഞ 12 മാസത്തിൽ വ്യത്യാസപ്പെട്ടിട്ടുമില്ല. ആറ് ഐറ്റങ്ങൾക്ക് വില വർധിക്കുകയും ചെയ്തു. ഈ വർഷം ഫുൾ ബാസ്‌ക്കറ്റ് വസ്തുക്കളുടെ വില കഴിഞ്ഞ വർഷത്തേതിലും 2.24 ശതമാനമാണ് വർധിച്ചിട്ടുള്ളത്. ഹെഡ് ആൻഡ് ഷോൾഡേഴ്‌സ് ഷാമ്പൂ, ഫെയറി വാഷിങ് ലിക്വിഡ് എന്നിവയുടെ വിലയിലും വൻ വർധനയാണ് ഉണ്ടായത്.