മസ്‌ക്കറ്റ്: രാജ്യത്ത് നാലായിരത്തോളം അവശ്യമരുന്നുകളുടെ വില കുറയുമെന്ന് ഫാർമസിസ്റ്റുകൾ. അടുത്ത മാസം മുതൽ മരുന്നുകളുടെ പുതുക്കിയ വില പ്രാബല്യത്തിൽ വരുത്തണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടർ ജനറൽ ഓഫ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫാർമസ്യൂട്ടിക്കൽ അഫേഴ്‌സ് ആൻഡ് ഡ്രഗ് കൺട്രോൾ പുറപ്പെടുവിച്ച ഉത്തരവ് എല്ലാ സ്വകാര്യ ഫാർമസികൾക്കും ഡ്രഗ് സ്റ്റോറുകൾക്കും ലഭിച്ചു കഴിഞ്ഞു.

അവശ്യമരുന്നുകളുടെ വിലയിൽ കുറവ് വരുമെങ്കിലും പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ നേരിട്ട് കൗണ്ടറുകളിലെത്തി വാങ്ങുന്ന മരുന്നുകൾ, ഹെർബർ ഉത്പന്നങ്ങൾ, ഫുഡ് സപ്ലിമെന്റുകൾ എന്നിവയുടെ വിലയിൽ കുറവ് വരില്ല. ഇവയുടെ വിലയുടെ മേൽ മിനിസ്ട്രി നിയന്ത്രണം ഏർപ്പെടുത്താത്തതാണ് ഇതിനു കാരണം. മരുന്നുകളുടെ മേൽ 45 ശതമാനം പ്രോഫിറ്റ് കാപ് ഏർപ്പെടുത്തിയതിനു ശേഷമാണ് മിനിസ്ട്രി ഓഫ് ഹെൽത്ത് വില കുറയ്ക്കാൻ തീരുമാനിക്കുന്നത്. ഈ വിലയ്ക്കു മേൽ പ്രോഫിറ്റ് മാർജിൻ എടുക്കാൻ പാടില്ലെന്നും നിബന്ധനയുണ്ട്.

നേരത്തെ മരുന്നുകളുടെ പ്രോഫിറ്റ് മാർജിൻ 55 ശതമാനമായിരുന്നു. ആന്റിബയോട്ടിക്കുകൾ, കാർഡിയാക് മരുന്നുകൾ, ആന്റി ഡിപ്രസന്റുകൾ, ആന്റാസിഡുകൾ തുടങ്ങിയവയുടെ വിലയിൽ വൻ കുറവ് വരുമെന്നാണ് വിലയിരുത്തുന്നത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഒമാനിൽ ചില മരുന്നുകളുടെ വില ഏറെയായിരുന്നുവെന്ന് പൊതുവേ പരാതിയുണ്ട്. അതുകൊണ്ടു തന്നെ രാജ്യത്ത് മരുന്നുകളുടെ വിലയിൽ കുറവ് വരുത്തേണ്ടത് അത്യാവശ്യമായിരുന്നുവെന്നാണ് പൊതുവേയുള്ള അഭിപ്രായം. ചിലയിനം മരുന്നുകളുടെ വില കുറയ്ക്കാനുള്ള നടപടികൾ 2013 മുതൽ സ്വീകരിച്ചുവരുന്നുണ്ടായിരുന്നു.