ദോഹ: ഇടനിലക്കാരെ ഒഴിവാക്കി വ്യാപാരികൾക്ക് നേരിട്ട് ഇറക്കുമതി ചെയ്യാനുള്ള അധികാരം നൽകിയതോടെ രാജ്യത്ത് 35 ഇനം അവശ്യവസ്തുക്കളുടെ വില കുറഞ്ഞു. അരി, പാൽ, ഇറച്ചി ഉൾപ്പെടെയുള്ള വസ്തുക്കളുടെ വിലയിലാണ് കുറവു വരുന്നത്. 35 വസ്തുക്കളുടെ കുത്തക എടുത്തുകളഞ്ഞതോടെ ഇനി മുതൽ ഇവ ആർക്കും ഇറക്കുമതി ചെയ്യാനും വിപണനം ചെയ്യാനും സാധിക്കും. ഇതാണ് വില കുറയാൻ കാരണമായിരിക്കുന്നത്.

പുതിയ വിതരണക്കാർക്കും വിപണിയിൽ ഇടമുണ്ടാക്കാനും ഗാർഹിക ചെലവ് കുറയ്ക്കാനും ഉദ്ദേശിച്ചാണ് നടപടി. പാലുല്പന്നങ്ങൾ, മാംസം, ബേബി ഫുഡ്,തേയില, കാപ്പിപ്പൊടി, അരി, പാസ്ത, ഫ്രോസൺ ഫുഡ്, ബിസ്‌ക്കറ്റ്, ചോക്ക്ലേറ്റ്, ഐസ്‌ക്രീം, തുടങ്ങിയവയെയാണ് കുത്തകകളിൽ നിന്ന് ഒഴിപ്പിച്ചത്.

420 കമ്പനികൾക്കാണ് നേരത്തെ ഇവ ഇറക്കുമതി ചെയ്യാൻ അനുമതി ഉണ്ടായിരുന്നത്. രാജ്യത്ത് ജീവിത ചെലവ് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത് ഒഴിവാക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ മാസം പണപ്പെരുപ്പ നിരക്ക് 2.9ശതമാനത്തിലെത്തിയിരുന്നു. പുതിയ തീരുമാനത്തിലൂടെ മികച്ച ഉത്പന്നങ്ങൾ ലഭ്യമാകുമെന്നും ഇവർ പ്രതീക്ഷിക്കുന്നു.