കുവൈറ്റിലുണ്ടായ ഇന്ധന വിലവർധനയുടെ അടിസ്ഥാനത്തിൽ ബസ്, ടാക്‌സി നിരക്കുകൾ വർധിപ്പിക്കുവാൻ സാധ്യതയെന്ന് റിപ്പോർട്ട്. എണ്ണവിലയിലുണ്ടായ വർധനവ് എല്ലാ വിഭാഗങ്ങളേയും ബാധിക്കുവാനാണ് സാധ്യത. ചരക്കു നീക്കത്തിന് ചെലവേറുന്നതോടെ നിത്യോപയോഗ സാധനങ്ങൾക്കും വില വർധനയുണ്ടാകും. അതകകൊണ്ടുതന്നെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ മലയാളികളടക്കമുള്ളവരെയാണ് നിരക്ക് വർധന പ്രതികൂലമായി ബാധിക്കുക.

ടാക്‌സി നിരക്കും വർധിക്കുമെന്നാണ് സൂചന. ആ സാഹചര്യത്തിൽ ശമ്പളത്തിന്റെ നല്ലൊരു ഭാഗവും ദൈനംദിന കാര്യങ്ങൾക്കായി ഇവിടെത്തന്നെ ചെലവഴിക്കേണ്ട സഅവസ്ഥയായിരിക്കും പ്രവാസികൾക്കുണ്ടാവുക. കുവൈത്ത് പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനി (കെ.പി.ടി.സി), സ്വകാര്യ ട്രാൻസ്‌പോർട്ടിങ് കമ്പനികളായ സിറ്റി ബസ്, കെ.ജി.എൽ എന്നിവയാണ് കുവൈത്തിൽ ബസ് സർവ്വീസ് നടത്തുന്നത്.

കഴിഞ്ഞ ദിവസം ചേർന്ന കാബിനറ്റ് യോഗത്തിൽ 40 മുതൽ 80 ശതമാനം വരെയാണ് വർദ്ധന നടപ്പാക്കാൻ തീരുമാനിച്ചത്. അന്താരാഷ്ട്ര വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ചു മൂന്നു മാസത്തിലൊരിക്കൽ പെട്രോൾ വില പുനർനിർണയിക്കാനും തീരുമാനമായിട്ടുണ്ട്. അരനൂറ്റാണ്ടിന് ശേഷം ആദ്യമായാണ് കുവൈത്ത് പെട്രോൾ വില പരിഷ്‌കരിക്കുന്നതെങ്കിലും ഇതു നൽകുന്ന ആഘാതം വലുതാകുമോയെന്ന ആശങ്കയിലാണ് പ്രവാസികൾ.