പഭോക്താക്കൾക്ക് സൗകര്യപ്രദമാകുന്ന വിധത്തിൽ ഉൽപന്നങ്ങളുടെ വില പ്രദർശിപ്പിക്കുവാൻ സാമ്പത്തിക മന്ത്രാലയത്തിന്റെ തീരുമാനം. വൻകിട സൂപ്പർ മാർക്കറ്റുകളിലും 400 സ്‌ക്വയർ മീറ്ററിൽ വലുതുമായ വ്യാപാര സ്ഥാപനങ്ങളിൽ പ്രൈസ് ടാഗുകളിൽ ഇവ പ്രദർശിപ്പിക്കണമെന്നാണ് നിർദ്ദേശം.

ഓരോ സാധനത്തിനും ഗ്രാമിലോ കിലോഗ്രാമിലോ ഉള്ള വിലയും ഓരോ യൂണിറ്റിലും രേഖപ്പെടുത്തണം. കൂടാതെ ലിറ്ററിലോ മില്ലി ലിറ്ററിലോ അളക്കപ്പെടുന്ന വസ്തുവിന്റെ വില ആ രീതിയിലും നീളത്തിൽ അളക്കുന്ന വസ്തുവിന്റെ വില മീറ്ററിലും രേഖപ്പെടുത്തണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

യൂണിറ്റ് വില പ്രദർശിപ്പിക്കാതെയാണ് വൻകിട കച്ചവട കേന്ദ്രങ്ങൾ ഓരോ സാധനങ്ങളുടെയും വില ഈടാക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഒരു ഉൽപന്നത്തിന്റെ വിവിധ അളവിലുള്ളത് ലഭ്യമാകുമ്പോൾ എതാണ് തെരഞ്ഞെടുക്കേണ്ടത് എന്ന കാര്യത്തിൽ ഉപഭോക്താക്കൾക്ക് ആശയക്കുഴപ്പം ഉണ്ടാകുന്നു. ഇതു പരിഹരിക്കുന്നതിനായി വിൽപ്പന വിലക്ക് പുറമെ യൂണിറ്റ് വില കൂടിയിനി മുതൽ പ്രദർശിപ്പിക്കേണ്ടി വരും.

പുതിയ സംവിധാനം നടപ്പാക്കുന്നതിനായി ആറ് മാസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. ഈ നിർദ്ദേശം ലംഘിക്കുന്നതായി കണ്ടാൽ അധികൃതരെ വിവരമറിയിക്കണമെന്ന് ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.