ദോഹ: ജിസിസിയിലെ മരുന്ന് വില ഏകീകരിക്കുന്നതിനു വേണ്ടി ഘട്ടം ഘട്ടമായി ഏപ്രിൽ 17 മുതൽ രാജ്യത്തെ ഫാർമസികളിൽ വിൽക്കുന്ന 400ഓളം മരുന്നുകളുടെ വില കുറയുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ആർത്രൈറ്റിസ്, ത്വക് രോഗങ്ങൾ, രക്ത സമ്മർദ്ദം, പ്രമേഹം തുടങ്ങിയവയുമായി ബന്ധപ്പെട്ട മരുന്നുകളുടെ വിലയാണ് പ്രധാനമായും കുറയുന്നത്.

ഖത്തറിൽ സർക്കാരാണ് മരുന്നുകളുടെ വില നിശ്ചയിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു മരുന്ന് രാജ്യത്ത് എവിടെ നിന്ന് വാങ്ങിയാലും ഒരേ വില തന്നെയാവും കൊടുക്കേണ്ടി വരിക. അഞ്ച് ശതമാനം മുതൽ 80 ശതമാനം വരെ വിവിധ മരുന്നുകൾക്ക് വ്യത്യസ്ത രീതിയിലാണ് വില കുറയുക.

ഉദാഹരണമായി ഉയർന്ന രക്ത സമ്മർദ്ദത്തിന്റെ ചികിൽസയ്ക്ക് സാധാരണമായി നിർദേശിക്കുന്ന എക്‌സോർജിന് 20 ടാബ്‌ലറ്റുകൾക്ക് 274 റിയാലിൽ നിന്ന് 156 റിയാലായി കുറയും. റ്യൂമാറ്റോയ്ഡ്
ആർത്രൈറ്റിസിനുള്ള മരുന്നായ അക്രോസിയ 28 ടാബലറ്റുകൾക്ക് 43.50 റിയാലാണ് പുതിയ വില. നേരത്തേ ഇത് 49.25 ആയിരുന്നു. പ്രമേഹത്തിനുള്ള ഡിമിക്രോൺ(60 എംജി) ആണ് കാര്യമായി വിലക്കുറവ് വന്ന മരുന്നുകളിലൊന്ന്. 30 ടാബ്‌ലറ്റിന് 93 റിയാലുണ്ടായിരുന്നത് ഏപ്രിൽ 17 മുതൽ
26 റിയാലായി മാറും.

ഗൾഫ് രാജ്യങ്ങളിലെ മരുന്ന് വില ഏകീകരിക്കുന്നതിന് വേണ്ടി 2014 സപ്തംബറിലാണ് ആദ്യഘട്ട വില കുറക്കൽ നടപ്പാക്കിയത്. മൂന്ന് മാസം കഴിഞ്ഞ് വീണ്ടും കൂടുതൽ മരുന്നുകളുടെ വില കുറച്ചു. ഇതിനകം രാജ്യത്ത് വിൽപ്പനയിലുള്ള 4,600 മരുന്നുകളിൽ 2,873 എണ്ണത്തിന്റെ വില
പുതുക്കി നിശ്ചയിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഫാർമസി ആൻഡ് ഡ്രഗ് കൺേട്രാൾ ഡിപാർട്ട്‌മെന്റ് ഡയറക്ടർ ഡോ. ഐഷ ഇബ്‌റാഹിം അൽഅൻസാരി പറയുന്നു.