ദോഹ: ജിസിസി രാജ്യങ്ങളിൽ മരുന്നു വില ഏകീകരിക്കുന്നതിന്റെ ഭാഗമായി ഖത്തറിൽ മരുന്നുവില കുറഞ്ഞു. ഇതിന്റെ ഭാഗമായി 350ഓളം മരുന്നുകളുടെ വിലയിലാണ് വൻ കുറവുണ്ടായിട്ടുള്ളത്. ഇതുസംബന്ധിച്ച് ലോക്കൽ ഫാർമസികൾക്ക് നേരത്തെ തന്നെ സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് 27 പേജുള്ള മെമോ വിതരണം ചെയ്തിട്ടുണ്ട്. വിവിധയിനം മരുന്നുകളുടെ പുതിയ റീട്ടെയ്ൽ, ഹോൾസെയിൽ വില വ്യക്തമായിക്കാണിക്കാനും സെപ്റ്റംബർ 22 വില പ്രാബല്യത്തിൽ വരുന്ന തീയതിയാക്കാനും മെമോയിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം നേരത്തെ വൻ വിലയ്ക്കു വാങ്ങിയ മരുന്നുകൾ ഇപ്പോൾ വില കുറച്ചു നൽകുന്നതു സംബന്ധിച്ച് ഫാർമസികൾക്ക് വ്യക്തമായ നിർദ്ദേശം സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് നൽകുമെന്ന പ്രതീക്ഷയിലാണ് ഫാർമസികൾ. എന്നിരുന്നാലും ഇന്നലെ മുതൽ തന്നെ മരുന്നുകൾ വില കുറച്ചു നൽകാൻ മിക്ക ഫാർമസികളും തയാറായി. പല മരുന്നുകൾക്കും പല രീതിയിലാണ് വില വ്യത്യാസം വരുന്നത്. ചില മരുന്നുകളുടെ വിലയിൽ നേരിയ തോതിൽ വില കുറവുണ്ടാകുമ്പോൾ മറ്റു ചില മരുന്നുകളുടെ വിലയിൽ 75 ശതമാനത്തോളം വിലക്കുറവ് ഉണ്ടാകും.

ജിസിസി രാഷ്ട്രങ്ങളിൽ മരുന്നു വില ഏകീകരിക്കുന്നതിന്റെ ആദ്യഘട്ടമാണ് ഖത്തറിൽ പ്രാബല്യത്തിലായത്. മരുന്നു വില ഏകീകരണം പൂർണതോതിൽ നടപ്പായാൽ ഏതാണ്ട് 2500 ഓളം ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളുടെ വിലയിൽ വ്യത്യാസമുണ്ടാകും.