ദോഹ: റംസാൻ നോമ്പുകാലത്ത് ഉയർന്നു നിന്നരുന്ന പച്ചക്കറി വില കുത്തനെ ഇടിഞ്ഞു. വരും ആഴ്ചകളിൽ ഇനിയും വിലക്കുറവ് പ്രതീക്ഷിക്കാമെന്ന് റീട്ടെയ്ൽ- ഹോൾസെയിൽ ഡീലർമാർ വ്യക്തമാക്കി. കഴിഞ്ഞ വേനൽക്കാലത്തേക്കാളും വിലക്കുറവാണ് ഇപ്പോൾ വിപണിയിൽ അനുഭവപ്പെടുന്നത്.

ജോർദാൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പച്ചക്കറിയുടെ വരവ് ഏറിയതാണ് വിപണിയിൽ വില കുറയാൻ കാരണമെന്ന് സെൻട്രൽ മാർക്കറ്റിലെ കച്ചവടക്കാർ പറയുന്നു. അതേസമയം ഈദുൽ ഫിത്തർ നാളുകളിലും സമ്മറിലും പച്ചക്കറിക്ക് പൊള്ളുന്ന വിലയായിരുന്നു. അയൽരാജ്യങ്ങളിൽ നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞതായിരുന്നു വില വർധിക്കാൻ കാരണമായത്.

ശനിയാഴ്ച മുതൽ പച്ചക്കറി വില വീണ്ടും കുറയാനാണ് സാധ്യത. സാധാരണയായി ഡിസംബർ- ഫെബ്രുവരി മാസങ്ങളിലാണ് പച്ചക്കറികളുടേയും പഴങ്ങളുടേയും വിലയിൽ കുറവുണ്ടാകുന്നത്. ഈ സമയം ആഭ്യന്തര വിപണിയിൽ നിന്നുള്ള സാധനങ്ങളും എത്തുമ്പോഴാണ് വില കുറയുക. മറ്റു മാസങ്ങളിൽ വില ഏറിയാണ് നിൽക്കുക. അയൽരാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയെ മാത്രം ആശ്രയിക്കുന്നതുകൊണ്ടാണിത്. 

ഈദ് അവധി ദിനങ്ങൾ കഴിയുന്നതോടെ അബുസമ്രയിലെ ചെക്ക് പോസ്റ്റിന്റെ പ്രവർത്തനം സാധാരണ ഗതിയിലാകുന്നതോടെ കൂടുതൽ പച്ചക്കറികൾ സെൻട്രൽ മാർക്കറ്റിലെത്തും. അതോടെ ഇവയുടെ വില ഏറെ കുറയുകയും ചെയ്യും.