ലണ്ടൻ: തങ്ങളുടെ സ്വാതന്ത്യവും അവകാശങ്ങളും ഉയർത്തിപ്പിടിക്കുന്നതിനും ഉറപ്പാക്കുന്നതിനുമായി ഇന്നലെ ട്രാൻസ്ജെൻഡേർസ് ലണ്ടനിൽ നടത്തിയ പ്രൈഡ് പരേഡ് പൂർവാധികം ഭംഗിയായെന്ന് റിപ്പോർട്ട്. പരേഡിൽ പങ്കെടുക്കാനായി റെയിൻബോ തൊപ്പികളും പതാകകളുമേന്തി ലണ്ടൻ തെരുവിൽ നിറഞ്ഞത് പത്ത് ലക്ഷത്തിൽ അധികം പേരാണ്. മാർച്ചിന് സകല പിന്തുണയുമായി മേയറും പൊലീസും ഹോളിവുഡ്-ഒളിമ്പിക് താരങ്ങളും രംഗത്തിറങ്ങുകയും ചെയ്തിരുന്നു. ട്രാൻസ്ജെൻഡേർസിനെ അവസരം കിട്ടിയാൽ ഒക്കെ തല്ലിച്ചതയ്ക്കുന്ന കേരളത്തിലെ പൊലീസുകാർ ലണ്ടനിലെ ഈ പ്രൈഡ് പരേഡിനെ കുറിച്ച് കേട്ടിട്ടുണ്ടോ...? എന്ന ചോദ്യത്തിന് ഈ വേളയിൽ പ്രസക്തിയുണ്ട്...

ലെസ്‌ബിയൻ, ഗ്വേ, ബൈ സെക്ഷ്വൽ, ട്രാൻസ്ജെൻഡർ (എൽജിബിടി) സമൂഹത്തിന്റെ അവകാശങ്ങളെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് വർഷം തോറും ഈ പരിപാടി നടത്തുന്നത്. ലണ്ടനിലെ പ്രൈഡ് പരേഡ് യുകെയിൽ ഈ വകയിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ മാർച്ചാണ്. ഈ വർഷം ഇതിന്റെ 45ാം വാർഷികമായിരുന്നു ആഘോഷിച്ചത്. ഇംഗ്ലണ്ടിലും വെയിൽസിലും സ്വവർഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കി തീർത്തതിന്റെ 50ാം വാർഷികവും പരേഡിന്റെ ഭാഗമായി ആഘോഷിച്ചിരുന്നു. ഇപ്രാവശ്യത്തെ പരേഡിന് അമേരിക്കൻ ഫാഷൻ മോഡലും ടെലിവിഷൻ താരവുമായ കെൻഡാൽ ജെന്നർ, പ്രമുഖ അമേരിക്കൻ ഫാഷൻ മോഡലായ ബെല്ല ഹാഡിഡ് തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു.

ഇതിന് പുറമെ ഒളിമ്പിക് ഡൈവർ ടോം ഡാലെ,ടിവി പ്രസന്ററായ ഗോക്ക് വാൻ, എമർഡെയിൽ താരങ്ങളായ ജെമ്മ ഓട്ടെൻ, സ്‌കാർലെറ്റ് ആർച്ചർ, സ്‌കോട്ട് വാക്കർ, തുടങ്ങിയവും ഇന്നലത്തെ പരിപാടിക്ക് നിറം പകരാനെത്തിയിരുന്നു.100ൽ അധികം ഫയർ ആം ഓഫീസർമാരായിരുന്നു പരേഡിന് അകമ്പടി സേവിച്ചിരുന്നത്. ലണ്ടനിലും മാഞ്ചസ്റ്ററിലും അടുത്ത കാലത്തുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലായിരുന്നു പ്രൈഡ് പരേഡ് നടന്നത്. അതിനെ കുറിച്ച് പൊലീസ് മുന്നറിയിപ്പുമുണ്ടായിരുന്നു. വാർഷിക പ്രൈഡ് വീക്കെൻഡിനോട് അനുബന്ധിച്ച് വെസ്റ്റ്മിൻസ്റ്റർ പാലസിന് മേൽ ഒരു റെയിൻബോ പതാക ഇതാദ്യമായി ഉയർത്തിയിരുന്നുവെന്നത് ഈ വർഷത്തെ പരിപാടിയുടെ സവിശേഷതയാണ്.

പരിപാടിയോടനുബന്ധിച്ച് ലണ്ടനിൽ ഉടനീളമുള്ള സ്റ്റോറുകൾ, ട്യൂബ് സ്റ്റേഷനുകൾ തുടങ്ങിയവയും എൽജിബിടി പതാകയിലെ റെയിൻബോ കളറിനാൽ അലംകൃതമാക്കിയിരുന്നു. മെട്രൊപൊളിറ്റൻ പൊലീസ്, ലണ്ടൻ ആംബുലൻസ് സർവീസ്, ലണ്ടൻ ഫയർ ബ്രിഗേഡ്, എന്നിവയിൽ നിന്നുമുള്ള സ്റ്റാഫുകൾ പരേഡിൽ അണിനിരന്നിരുന്നു. തീവ്രവാദ ആക്രമണങ്ങൾ, ഗ്രെൻഫെൽ ടവർ തീപിടിത്തം തുടങ്ങിയ സംഭവങ്ങളോടുള്ള പ്രതികരണവും മുൻകരുതലുമെന്ന നിലയിലായിരുന്നു പരേഡിൽ ഇത്തരത്തിൽ സുരക്ഷ നടപ്പിലാക്കിയത്. റീജന്റ് സ്ട്രീറ്റിലെ ഓക്സ്ഫോർഡ് സർക്കസിൽ നിന്നും ആരംഭിച്ച മാർച്ച് 2.3 കിലോമീറ്റർ പിന്നിട്ട് ട്രാഫാൽഗർ സ്‌ക്വയറിൽ വച്ച് നടന്ന വലിയ പാർട്ടിയോടെയായിരുന്നു സമാപിച്ചിരുന്നത്.

സെൻട്രൽ ലണ്ടനിലെ നിരവധി റോഡുകൾ പരേഡിനോട് അനുബന്ധിച്ച് അടച്ചിരുന്നു. റീജന്റ് സ്ട്രീറ്റ്, പാൾ മാൾ, പാൾ മാൾ ഈസ്റ്റ്, കോക്ക്സ്പുർ, വൈറ്റ് ഹാൾ എന്നിവ അതിൽ ഉൾപ്പെടുന്നു. ലണ്ടൻ മേയർ സാദിഖ് ഖാൻ ഉത്സാഹത്തോടെ ചടങ്ങിനെത്തുകയും പരേഡ് നടത്തുന്നവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ലണ്ടനിൽ നിങ്ങൾക്ക് ആരെ വേണമെങ്കിലും സ്നേഹിക്കാമെന്നും ഹാപ്പി പ്രൈഡ് ലണ്ടൻ എന്നും ഖാൻ പിന്നീട് ട്വീറ്റ് ചെയ്തിരുന്നു. പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് ട്രാഫാൽഗർ സ്‌ക്വയറിൽ വച്ച് അദ്ദേഹം പ്രസംഗിക്കുകയും ചെയ്തിരുന്നു. ലണ്ടന് പുറമെ യുകെയുടെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളിൽ ഇത്തരം പ്രൈഡ് പരേഡുകൾ അരങ്ങേറിയിരുന്നു.