- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സർക്കാറിനെതിരെ ഇടയലേഖനം ഇറക്കിയത് ശരിയാണോ? കൊല്ലം രൂപതയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി; ഇടയലേഖനത്തിന്റെ വിശ്വാസ്യത ജനങ്ങൾക്കിടയിൽ ചോദ്യം ചെയ്യപ്പെടും; പ്രതിപക്ഷ നേതാവും കൂട്ടരും പറയുന്നത് ഏറ്റുപിടിച്ചാണ് പല വിമർശനങ്ങളും ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി
കൊല്ലം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ ഇടതു സർക്കാറിനെതിരെ ഇടയലേഖനം പുറത്തിറക്കിയ കൊല്ലം രൂപതയെ അതിരൂക്ഷമായി വിമർശിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ഇടയലേഖനത്തിന്റെ വിശ്വാസ്യത ജനങ്ങൾക്കിടയിൽ ചോദ്യം ചെയ്യപ്പെടുമെന്ന് പിണറായി പറഞ്ഞു. വിമർശനങ്ങൾ ഉന്നയിച്ചവർക്ക് ബോധ്യപ്പെട്ട കാര്യങ്ങളല്ല പറയുന്നത്. മറിച്ച് പ്രതിപക്ഷ നേതാവും കൂട്ടരും പറയുന്നത് ഏറ്റുപിടിച്ചാണ് പല വിമർശനങ്ങളും ഉന്നയിക്കപ്പെടുന്നതെന്നും പിണറായി ആരോപിച്ചു.
ഇടയലേഖനം ഇറക്കിയത് ശരിയാണോ എന്ന് ബന്ധപ്പെട്ടവർ ആലോചിക്കണം. രാഷ്ട്രീയ പാർട്ടികൾ പല ഇല്ലാക്കഥകളും പടച്ചു വിടാറുണ്ട്. പക്ഷേ, സമൂഹം അതു സ്വീകരിക്കുണ്ടോ എന്ന് നോക്കണമെന്നും പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. മത്സ്യമേഖലയുമായി ബന്ധപ്പെട്ട് കൊല്ലം രൂപതയുടെ ഇടയലേഖനത്തിനെതിരെ എൽ.ഡി.എഫ് ജില്ല കൺവീനർ എൻ. അനിരുദ്ധൻ രംഗത്തെത്തിയിരുന്നു. മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന യാതൊരു നടപടിയും സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും മത്സ്യമേഖലയുടെ കരുതലും ജാഗ്രതയും എക്കാലവും എൽ.ഡി.എഫിന്റെ മുഖമുദ്രയാണെന്നും അതിൽ പറയുന്നു. ഇടയലേഖനമെന്ന് പറയാതെ അതിനുള്ള മറുപടിയാണ് പ്രസ്താവനയിൽ ഉണ്ടായിരുന്നത്.
തീരമേഖലയിൽ എൽ.ഡി.എഫ് നടപ്പാക്കിയ പദ്ധതികൾമൂലമുള്ള ജനപിന്തുണ തദ്ദേശ തെരഞ്ഞെടുപ്പിൽ ബോധ്യപ്പെട്ടതാണ്. ഇതിനെ പാഴ്മുറം കൊണ്ട് മറയ്ക്കാനാണ് ചിലർ ദുരാരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അനിരുദ്ധൻ പറഞ്ഞിരുന്നു. ലത്തീൻ രൂപതയുടെ ഇടയലേഖനവും ചില അന്തർധാരകളുമാണ് തിരഞ്ഞെടുപ്പ് വേളയിൽ കൊല്ലത്ത് കളംനിറയ്ക്കുന്നത്. പ്രീപോൾ സർവെ ഫലങ്ങളെപ്പോലും അപ്രസക്തമാക്കുന്ന അന്തർധാരകൾ ഫലപ്രഖ്യാപനത്തിനു ശേഷമാകും ചർച്ച ചെയ്യപ്പെടുക.സർക്കാരിന്റെ വിവാദമായ ആഴക്കടൽ മത്സ്യബന്ധന നയത്തിനെതിരെ കൊല്ലം രൂപതാദ്ധ്യക്ഷൻ ഡോ.പോൾ ആന്റണി മുല്ലശ്ശേരി പുറത്തിറക്കിയ ഇടയലേഖനം തുടർഭരണം ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ഇടതുമുന്നണി സ്ഥാനാർത്ഥികളെ ശരിക്കും വെട്ടിലാക്കിയിരുന്നു.
തെക്കൻ കേരളത്തിലെ എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ തീരദേശ മണ്ഡലങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്നതാണ് ഇടത് സ്ഥാനാർത്ഥികളെ അസ്വസ്ഥരാക്കുന്നത്. മത്സ്യബന്ധന നയത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളെ വിമർശിക്കുന്ന ഇടയലേഖനം ഞായറാഴ്ച കൊല്ലം രൂപതയിലെ 96 ഇടവകകൾ ഉൾപ്പെടുന്ന 119 ദേവാലയങ്ങളിൽ വായിച്ചു. കൊല്ലം ലത്തീൻ രൂപതയാണ് ഇടയലേഖനം ഇറക്കിയതെങ്കിലും മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന അഞ്ച് തീരദേശ ജില്ലകളിൽ ഇതിന്റെ അലയടി നല്ലതോതിൽ പ്രതിഫലിക്കുമെന്നുറപ്പാണ്.
കൊല്ലം ജില്ലയിലെ പാരിപ്പള്ളി മുതൽ വടക്ക് ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി വരെയും ആലപ്പുഴയിലെ തന്നെ ചെങ്ങന്നൂർ, മാവേലിക്കര, പത്തനംതിട്ടയിലെ മാന്നാർ, പരുമല എന്നിവിടങ്ങളിലും ലത്തീൻ ഇടവകകളുണ്ട്. തീരമേഖലയിൽ ആലപ്പുഴയിലെ ഹരിപ്പാട്, കായംകുളം, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ചവറ, ഇരവിപുരം, കൊല്ലം, കുണ്ടറ, ചാത്തന്നൂർ മണ്ഡലങ്ങളിൽ ഇടയലേഖനത്തിന്റെ സ്വാധീനം ലത്തീൻ വോട്ടുകളിൽ പ്രകടമാകുമെന്നാണ് രൂപതാ നേതൃത്വത്തിന്റെ വിലയിരുത്തൽ. ആഴക്കടൽ മത്സ്യബന്ധനം അമേരിക്കൻ കമ്പനിയായ ഇ.എം.സി.സി ക്ക് 5000 കോടി രൂപയ്ക്ക് തീറെഴുതാൻ നടത്തിയ ശ്രമം പ്രതിപക്ഷ നേതാവിന്റെ ഇടപെടലോടെയാണ് പുറത്തായത്.
വിവാദമായതോടെ കരാറിൽ നിന്ന് സർക്കാർ തലയൂരിയെങ്കിലും പരമ്പരാഗത മത്സ്യമേഖലയിൽ ഇതെതുടർന്നുണ്ടായ ആശങ്കയ്ക്കും സംശയങ്ങൾക്കും അവസാനമായിട്ടില്ല. വകുപ്പു മന്ത്രിയായ ജെ. മേഴ്‌സിക്കുട്ടിയമ്മ നിരന്തരം നടത്തിയ പ്രസ്താവനകളും നിഷേധവുമെല്ലാം പൊളിഞ്ഞതോടെയാണ് സർക്കാരിന്റെ നീക്കം സംശയനിഴലിലായത്.വിവാദകരാർ പിൻവലിച്ചത് മത്സ്യമേഖലയുടെ ശക്തമായ ഇടപെടലിനെതുടർന്നാണെന്ന് ഇടയലേഖനത്തിൽ പറയുന്നു. കോർപ്പറേറ്റുകൾക്കും സ്വകാര്യ കുത്തകകൾക്കും മേൽക്കൈ നൽകി മത്സ്യ മേഖലയെ തകർക്കാനുള്ള നിയമനിർമ്മാണം നടന്നുകഴിഞ്ഞുവെന്നും ഇടയലേഖനത്തിൽ സൂചിപ്പിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ