ഷിക്കാഗോ: മാർ ഈവാനിയോസ് കോളജ് റിട്ടയേർഡ് മലയാളം പ്രൊഫസറും ഷിക്കാഗോ മലങ്കര കത്തോലിക്കാ ഇടവകയുടെ മുൻവികാരിയുമായ ഫാ പി.ടി. തോമസിന്റെ പൗരോഹിത്യ സുവർണ്ണജൂബിലി എവൻസ്റ്റണിലുള്ള മലങ്കര കത്തോലിക്കാ ദേവാലയത്തിൽ ആഘോഷിച്ചു.

അമ്പത് വർഷത്തെ പൗരോഹിത്യ ജീവിതത്തിലൂടെ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും ദൈവത്തിന് നന്ദി അർപ്പിച്ചുകൊണ്ട് ഞായറാഴ്ച രാവിലെ അഭിവന്ദ്യ തോമസ് മാർ യൗസേബിയോസ് പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ സമൂഹബലി സമർപ്പിക്കുകയും തുടർന്ന് പിതാവിന്റെ അധ്യക്ഷതയിൽ അനുമോദന സമ്മേളനം നടത്തുകയും ചെയ്തു. അഞ്ജലി സഖറിയയുടെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തിൽ, ഇടവക വികാരി ഫാ. ബാബു മഠത്തിപ്പറമ്പിൽ ഏവർക്കും സ്വാഗതം ആശംസിച്ചു. അഭിവന്ദ്യ യൗസേബിയോസ് പിതാവിന്റെ അധ്യക്ഷ പ്രസംഗത്തിനുശേഷം ഫ്രാൻസീസ് മാർപാപ്പയുടേയും, മാർ ബസേലിയോസ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവയുടേയും മംഗളപത്രം പിതാവ് വായിക്കുകയും, ഫാ. പി.ടി. തോമസിന് സമ്മാനിക്കുകയും ചെയ്തു.

ഫാ. മാത്യു പെരുമ്പള്ളിക്കുന്നേൽ, ഫാ. വില്യംസ്, റവ. സിസ്റ്റർ മറിയം എസ്.ഐ.സി. ബഞ്ചമിൻ തോമസ്, ജോഷ്വാ തോമസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഇടവകയുടെ സ്‌നേഹോപഹാരം ട്രഷറർ രാജു വിൻസെന്റ് നൽകി. മറുപടി പ്രസംഗത്തിൽ പി.ടി. തോമസ് അച്ചൻ തനിക്ക് ലഭിച്ച എല്ലാ നന്മകൾക്കും ദൈവത്തിന് നന്ദി അർപ്പിക്കുകയും, മാതാപാതാക്കളെ പ്രത്യേകം അനുസ്മരിക്കുകയും, ഏവരോടുമുള്ള നന്ദി അറിയിക്കുകയും ചെയ്തു. ഡോ. ക്രിസ്റ്റി തോമസ് സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.
തോമസ് മാർ യൗസേബിയോസ് പിതാവിന്റെ ശ്ശൈഹീകാശീർവാദത്തോടെ സമ്മേളനം സമാപിച്ചു. എം.സി.വൈ.എം പ്രസിഡന്റ് എലീന തോമസ് എം.സിയായി പ്രവർത്തിച്ച് സമ്മേളനം നിയന്ത്രിച്ചു. തുടർന്ന് സ്‌നേഹവിരുന്നും, യുവജനങ്ങളും കുട്ടികളും ചേർന്ന് വിവിധ കലാ-സാംസ്‌കാരിക പരിപാടികൾ നടത്തുകയും ചെയ്തു.