ക്കഴിഞ്ഞ ശനിയാഴ്ച കാർഡിഫ് സിറ്റി സെന്ററിലെ ദി സിറ്റി ആംസിൽ ബാറിലെത്തിയ ഏഴ് വൈദിക വിദ്യാർത്ഥികൾ കുഴങ്ങിപ്പോയി. ളോഹ ധരിച്ച് ബാറിലെത്തിയ ഇവർ ഫാൻസി ഡ്രസാണ് ധരിച്ചതെന്ന് ആരോപിച്ച് പബ് ജീവനക്കാർ ഇവരെ കയറാൻ വിടാതിരിക്കുകയായിരുന്നു. തുടർന്ന് രണ്ടെണ്ണം വീശാൻ ഒടുവിൽ ചെമ്മാച്ചന്മാർക്ക് നാട്ടുകാരുടെ സഹായം തേടേണ്ടി വന്നു. കൂട്ടുകാരന്റെ അച്ചൻപട്ടം ആഘോഷമാക്കാനായിരുന്നു ഇവർ ബാറിലെത്തിയിരുന്നത്. ഫാൻസി ഡ്രസ് ധരിച്ചെത്തുന്നവരെ ബാറിൽ പ്രവേശിപ്പിക്കില്ലെന്നത് തങ്ങളുടെ നയമാണെന്ന് പറഞ്ഞായിരുന്നു ജീവനക്കാർ തങ്ങളെ തടഞ്ഞതെന്നാണ് വൈദിക വിദ്യാർത്ഥികൾ വെളിപ്പെടുത്തുന്നത്.

തങ്ങൾ വൈദികവിദ്യാർത്ഥികളാണെന്ന് പറഞ്ഞപ്പോൾ ഇക്കാര്യം വിശ്വസിക്കാനാവാതെ സൂക്ഷ്മ പരിശോധന നടത്താൻ ബാർ അസിസ്റ്റന്റ് മാനേജർ വാതിലിനടുത്തേക്ക് എത്തുകയും ചെയ്തിരുന്നു. അവസാനം നാട്ടുകാരുടെ ഇടപെടൽ മൂലം ഇവരെ ബാറിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. തങ്ങൾക്കൊപ്പം പഠിച്ചിരുന്നയാൾക്ക് അച്ചൻ പട്ടം കിട്ടിയത് അടിച്ച് പൊളിച്ച് ആഘോഷിക്കുന്നതിന് വേണ്ടിയായിരുന്നു ഏഴ് പേരും ബാറിലെത്തിയിരുന്നതെന്ന് കൂടെയുണ്ടായിരുന്ന മുൻ വൈദിക വിദ്യാർത്ഥി ഫാദർ മൈക്കൽ ഡോയ്ലെ വെളിപ്പെടുത്തുന്നു. ആദ്യം ബാർ ജീവനക്കാർ തമാശ പറയുകയായിരുന്നുവെന്നാണ് തങ്ങൾ ധരിച്ചിരുന്നതെന്നും പിന്നീടാണ് അവർ ഗൗരവമായിട്ട് തന്നെയാണ് ഈ നിലപാടെടുത്തതെന്ന് തങ്ങൾക്ക് മനസിലായതെന്നും ഡോയ്ലെ പറയുന്നു.

തുടർന്ന് തങ്ങളുടെ ഐഡന്റിറ്റി മനസിലായ മാനേജർ ബാറിനകത്തേക്ക് കടക്കാൻ അനുവദിക്കുകയായിരുന്നുവെന്ന് വൈദിക വിദ്യാർത്ഥികൾ വെളിപ്പെടുത്തി. കാര്യം മനസിലായ തങ്ങളോട് വളരെ ആദരപൂർവമാണ് ബാർ ജീവനക്കാർ പെരുമാറിയതെന്നും മദ്യം വിളമ്പിയതെന്നും ഇവർ പറയുന്നു. റവ.ജെയിംസ്, റവ. നിക്കോളാസ് വില്യംസ്, കാർഡിഫിലുള്ള രണ്ട് വൈദിക വിദ്യാർത്ഥികളായ എലിയട്ട് ഹാൻസൻ, ഡെയിൽ കുട്ലൻ, മറ്റ് മൂന്ന് വൈദിക വിദ്യാർത്ഥികൾ എന്നിവരാണ് കൂടെയുണ്ടായിരുന്നതെന്ന് ഡോയ്ലെ വെളിപ്പെടുത്തുന്നു.

ബാറിലെത്തിയ വൈദിക വിദ്യാർത്ഥികളെ കണ്ട് സ്റ്റാഗ് ഗ്രൂപ്പുകാരോ അല്ലെങ്കിൽ ഫാൻസി ഡ്രസുകാരോ ആണെന്ന് തെറ്റിദ്ധരിച്ചാണ് തങ്ങളുടെ ജീവനക്കാരൻ തുടക്കത്തിൽ പ്രവേശിപ്പിക്കാതിരുന്നതെന്നാണ് ബാറിന്റെ അസിസ്റ്റന്റ് മാനേജരായ മാറ്റ് മോർഗൻ പ്രതികരിച്ചിരിക്കുന്നത്. തുടർന്ന് നടത്തിയ നിരീക്ഷണത്തിൽ തനിക്ക് അവർ യഥാർത്ഥ പുരോഹിതന്മാരാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് അകത്തേക്ക് പ്രവേശിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇതിനായി തങ്ങൾ ക്ലെറിക്കൽ കോളേർസ് സഹിതം ചർച്ചിൽ നിൽക്കുന്ന ചിത്രം അവർ കാണിച്ചിരുന്നുവെന്നും അസിസ്റ്റന്റ് മാനേജർ പറയുന്നു.