രംഗീല എന്ന സിനിമ എടുക്കാൻ തന്നെ കാരണം ഊർമ്മിളയുടെ സൗന്ദര്യമാണെന്ന് സംവിധായകന്റെ വെളിപ്പെടുത്തൽ. തന്റെ ബ്ലോഗ് പോസ്റ്റിലാണ് രാംഗോപാൽ വർമ്മയുടെ വെളിപ്പെടുത്തൽ. രംഗീലയ്ക്ക് മുമ്പ് ചില ചിത്രങ്ങൾ ചെയ്തിരുന്നെങ്കിലും ഊർമ്മിള ശ്രദ്ധിക്കപ്പെട്ടത് രംഗീല പുറത്തിറങ്ങിയതോടെയാണ്.

കരിയറിന് കൈത്താങ്ങായ ചിത്രം പുറത്തിറങ്ങിയതോടെ ഊർമ്മിളയെ രാജ്യത്തിന്റെ സെക്സ് സിംബൽ എന്നും മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ചു. ഊർമ്മിളയുടെ സൗന്ദര്യം ക്യാമറയിലൂടെ ഒപ്പിയെടുക്കുക എന്നതായിരുന്നു ചിത്രം എടുക്കുന്നതിന്റെ പ്രാഥമികലക്ഷ്യം തന്നെ-ആർ.ജി.വി വെളിപ്പെടുത്തി. 90കളിൽ ഹിറ്റായ സിനിമയാണ് രംഗീല. ഊർമ്മിള എന്ന നടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രമാണ് രംഗീല. ബോളിവുഡിലെ പ്രമുഖ സംവിധായകൻ രാംഗോപാൽ വർമ്മയുടെ സംവിധാനത്തിലാണ് ചിത്രം പുറത്ത് വന്നത്. താൻ ക്യാമറയിലൂടെ കണ്ടിട്ടുള്ള ഏറ്റവും സുന്ദരിയായ വ്യക്തിയാണ് ഊർമ്മിളയെന്നും രാഗോപാൽ വർമ്മ കൂട്ടിച്ചേർത്തു.

സിനിമയിൽ എത്തിയശേഷം എന്നിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞ ആദ്യത്തെ പെൺകുട്ടിയാണ് ഊർമിള. അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ചുപോവുകയായിരുന്നു ഞാൻ. മുഖസൗന്ദര്യത്തെയും ശരീരസൗന്ദര്യത്തെയും ദിവ്യമെന്നേ വിശേഷിപ്പിക്കാനാവൂ. രംഗീലയ്ക്ക് മുൻപ് ഏതാനും ചിത്രങ്ങളിൽ അവർ അഭിനയിച്ചിരുന്നെങ്കിലും പ്രേക്ഷകരിൽ അത്ര സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. രംഗീലയുടെ വരവോടെ ഊർമിള രാജ്യത്തിന്റെ രതിബിംബം തന്നെയായി മാറി. ഊർമിളയുടെ സൗന്ദര്യം എക്കാലത്തേയ്ക്കും വേണ്ടി പകർത്തിവയ്ക്കുകയും അവരെ രതിബിംബങ്ങളുടെ അളവുകോലാക്കുകയും ചെയ്യുക എന്നതായിരുന്നു രംഗീല എടുക്കുമ്പോൾ എന്റെ പ്രധാന ഉദ്ദേശ്യം. രംഗീലയുടെ സെറ്റിൽ വച്ച് ഊർമിളയെ ക്യാമറയിലൂടെ കണ്ടതിൽ പരം ഒരു മികവ് സിനിമയിൽ ഞാൻ പിന്നീട് അനുഭവിച്ചിട്ടില്ല.

ഊർമിളയെ ഇങ്ങിനെ സുന്ദരിയാക്കിയത് ഞാനാണെന്ന് ഇതിന് അർഥമില്ല. അവളൊരു മനോഹരമായ പെയിന്റിങ്ങാണ്. ഞാൻ അത് ഒരു ഫ്രെയിമിലാക്കി. അത്രയേയുള്ളൂ. ഒരു പെയിന്റിങ് പൂർണമാവണമെങ്കിൽ അതിന് ഫ്രെയിം മാത്രം മതിയാവില്ല. യഥാസ്ഥാനത്ത് പ്രതിഷ്ഠിക്കുക കൂടി വേണം. അതാണ് രംഗീല. ഊർമിളയെ എന്നും ഒരു അതിമാനുഷയായി കാണാനായിരുന്ന എനിക്ക് ആഗ്രഹം. അതാണ് എനിക്ക് പറ്റിയ തെറ്റ്. അവരെ ഒരു സാധാരണ സ്ത്രീയായി കാണാൻ എനിക്ക് കഴിയുമായിരുന്നില്ല. അതൊരു അയഥാർഥമായ പ്രതീക്ഷയായിരുന്നുവെന്ന് അറിയാം. പക്ഷേ, ഞാനൊരു ചലച്ചിത്ര പ്രവർത്തകനാണെന്ന് ഓർക്കണം. വ്യക്തി എന്ന നിലയിൽ സുന്ദരമായൊരു ഹൃദയത്തിന് ഉടമയായിരുന്നു അവർ. ഞാനാവട്ടെ അവരെ യഥാർഥ ജീവിതത്തിലും അമാനുഷികയായി കാണാൻ ആഗ്രഹിച്ച ഒരു സ്വാർഥനും-വർമ ബ്ലോഗിൽ തുറന്നെഴുതി.

രംഗീലയ്ക്കുശേഷം രാംഗോപാൽ വർമയുമായി ഏറെക്കാലം അടുപ്പം പുലർത്തിയ ഊർമിള പിന്നീട് പിരിയുകയും കഴിഞ്ഞ വർഷം ബിസിനസുകാരനും മോഡലുമായ അക്തർ മിറിനെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹത്തിന് ഊർമിളയെ അഭിനന്ദിച്ചവരിൽ രാംഗോപാൽ വർമയും ഉണ്ടായിരുന്നു. ഞാൻ ജോലി ചെയ്തവരുടെ കൂട്ടത്തിൽ ഏറ്റവും സുന്ദരിയായ നടിയുടെ വിവാഹ വാർത്ത കേട്ടയിൽ സന്തോഷമുണ്ട്. അവരുടെ ജീവിതം എക്കാലത്തും രംഗീലയാകുമെന്ന് ആശംസിക്കുന്നു-രാംഗോപാൽ വർമ ട്വിറ്ററിൽ കുറിച്ചു.