ന്യൂഡൽഹി: പ്രധാനമന്ത്രി ബാല പുരസ്‌കാര ജേതാക്കളിൽ വീണ്ടും മലയാളത്തിളക്കം. ഇത്തവണത്തെ പുരസ്‌കാരങ്ങളിൽ തിരുവനന്തപുരം കവടിയാർ ക്രൈസ്റ്റ് നഗർ സ്‌കൂളിലെ 12ാം ക്ലാസ് വിദ്യാർത്ഥി ഹൃദയ ആർ. കൃഷ്ണനും ഇടം നേടി. വീണവാദനത്തിലെ മികവിനാണ് അംഗീകാരം.

തിരുവനന്തപുരം പൈപ്പിന്മൂട് അസറ്റ് ലിനിയേജ് 4 സിയിൽ ഡോ. എസ്. രാമകൃഷ്ണന്റെയും മംഗളയുടെയും മകളാണ് ഹൃദയ. കേന്ദ്ര സർക്കാരിന്റെ സെന്റർ ഫോർ കൾചറൽ റിസോഴ്‌സസ് ആൻഡ് ട്രെയിനിങ് സ്‌കോളർഷിപ്, സംസ്ഥാന സർക്കാരിന്റെ ഉജ്വലബാല്യം പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. രാജ്ഘട്ടിൽ മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷികവേളയിൽ വീണ വായിക്കാൻ അവസരം ലഭിച്ചു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിലും സമ്മാനങ്ങൾ ലഭിച്ചു.

കല, സാംസ്‌കാരികം, കായികം, ധീരത, സാമൂഹികസേവനം, നവീന ആശയങ്ങൾ, വൈജ്ഞാനിക മികവ് എന്നിവയുടെ അടിസ്ഥാനത്തിൽ 32 പ്രതിഭകൾക്കാണ് പുരസ്‌കാരം. ഇവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വിഡിയോ കോൺഫറൻസിലൂടെ സംവദിക്കും.