തിരുവനന്തപുരം: സ്വച്ഛ് ഭാരത് പദ്ധതിയുമായി സഹകരിച്ച ശശി തരൂർ എംപിയെ അഭിനന്ദിച്ചും നന്ദിയറിയിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ സന്ദേശം. പദ്ധതിക്ക് വളരെയധികം പ്രോത്സാഹനം നൽകുന്നതാണ് തരൂരിന്റെ ശുചീകരണ യജ്ഞം എന്നാണ് മോദിയുടെ സന്ദേശം. മോദിയുടെ ട്വീറ്റിനോട് തരൂർ പ്രതികരിച്ചിട്ടില്ല.അതിനിടെ സംസ്ഥാന കോൺഗ്രസിൽ ശശി തരൂരിനെതിരെ അമർഷം പുകയുകയാണ്.

പ്രാദേശിക കോൺഗ്രസ് നേതാക്കളെ അണി നിരത്തി തരൂർ നടത്തിയ വൃത്തിയാക്കലിനെതിരെ നടപടിയൊന്നും വേണ്ടെന്നാണ് കെപിസിസിയുടെ പൊതു നിലപാട്. പാർട്ടിയിലെ ഈ എതിർപ്പ് തിരിച്ചറിഞ്ഞാണ് മോദിയുടെ ട്വീറ്റിനോട് പോലും തരൂർ അകലം പാലിക്കുന്നത്. അതിനിടെ തരൂരിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ രംഗത്ത് വന്നു.

പക്വതയില്ലാതെയാണ് തരൂർ പെരുമാറിയതെന്നാണ് മുരളിയുടെ ആക്ഷേപം. ശുചീകരണമാണ് ലക്ഷ്യമെങ്കിൽ തരൂർ നേരത്തെ അതിന് രംഗത്ത് വരണമായിരുന്നുവെന്നാണ് മുരളിയുടെ വിമർശനം. വിഴിഞ്ഞത്ത് പാർട്ടിയെ ധിക്കരിച്ച് ശുചീകരണം നടത്തിയത് അംഗീകരിക്കാനാകില്ലെന്നാണ് മുരളിയുടെ നിലപാട്. സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത കേരളം പദ്ധതിയിലും തരൂർ പങ്കാളിയായിരുന്നില്ലെന്ന് മുരളി വിമർശിക്കുന്നു.

ശുചീകരണം നല്ലതുതന്നെ. എന്നാൽ കെപിസിസിയുടെ ഗാന്ധിജയന്തിയുടെ ശുചീകരണത്തിൽ പോലും പങ്കെടുക്കാത്തവർ ഇപ്പോൾ ചൂലെടുക്കുന്നതിൽ സന്തോഷമുണ്ടെന്നാണ് കെപിസിസി ജനറൽ സെക്രട്ടറി അജയ് തറയലിന്റെ പ്രതികരിച്ചത്. ശശി തരൂരിനെ നേരിട്ട് വിമർശിക്കാതെ ഒളിയമ്പുകളിലൂടെയാണ് ചാനൽ ചർച്ചയിൽ തിരുവനന്തപുരം എംപിയെ അജയ് തറയിൽ വിമർശിച്ചത്. കേന്ദ്ര മന്ത്രിയുടെ തിരക്കായതിനാലാകും കഴിഞ്ഞ അഞ്ച് വർഷവും തിരുവനന്തപുരത്തെ ശുചീകരണത്തെ മറന്നത്. ഇപ്പോൾ കുടുംബവുമില്ല. അതുകൊണ്ട് ശുചീകരണത്തിന് ഇറങ്ങിയെന്ന് കരുതിയാൽ മതിയെന്നും അജയ് തറയിൽ വ്യക്തമാക്കി.

മോദി സ്തുതിയുടെ പേരിൽ നേരിട്ട അച്ചടക്ക നടപടിയെ പരസ്യമായി വെല്ലുവിളിക്കുകയായിരുന്നു തരൂരെന്ന് കേരളത്തിലെ മറ്റ് കോൺഗ്രസ് നേതാക്കളും സമ്മതിക്കുന്നുണ്ട്. പക്ഷേ വിവാമുണ്ടായാൽ നേട്ടം തരൂരിനാകുമെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് മോദിയുടെ ഗ്ലാമർ പരിവേഷം അനുകലമാക്കി രാഷ്ട്രീയ മാറ്റത്തിന് തരൂർ ശ്രമിക്കും. അതു വിജയിച്ചാൽ കോൺഗ്രസിന് തിരിച്ചടി ഉണ്ടാകും. അതുകൊണ്ട് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടടുത്ത് വരെ തരൂരിനെ മിത്രമോ ശത്രുവോ ആക്കാതെ കൊണ്ടു പോകാമെന്നാണ് തീരുമാനം.

അതിനിടെയിലും സുനന്ദാ പുഷ്‌കറിന്റെ മരണവുമായി പുറത്തുവരുന്ന റിപ്പോർട്ടുകൾ കെപിസിസി സസൂക്ഷം പരിശോധിക്കും. തരൂരിനെ നേരിട്ട് ബാധിക്കുന്ന പരാമർശങ്ങളുണ്ടായാൽ അത് മുതലെടുക്കുകയും ചെയ്തു. അങ്ങനെ ഒരു സാഹചര്യം വന്നാൽ തരൂർ രാഷ്ട്രീയമായി ഒറ്റപ്പെടുമെന്നാണ് സൂചന. തരൂരിനെ അടുപ്പിക്കേണ്ടതില്ലെന്നാണ് സംസ്ഥാന ബിജെപിയിലെ പൊതുവികാരമെന്നും കോൺഗ്രസ് മനസ്സിലാക്കുന്നു. ഇതെല്ലാം ശശി തരൂരിനെതിരായ നീക്കത്തിൽ ഫലപ്രദമായി ഉപയോഗിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.

വിവാദങ്ങളിൽ പെടാതെ കരുതലോടെയാണ് തരൂരും പ്രതികരിക്കുന്നത്. വളിക്കാതെ എത്തി ശുചീകരണം തടസ്സപ്പെടുത്തിയെന്ന് മാദ്ധ്യമങ്ങളെ ചെറുതായി വിമർശിക്കുന്ന ട്വിറ്റർ സന്ദേശം തരൂർ കുറിച്ചിട്ടുണ്ട്. അവർക്ക് സന്തോഷമാകുന്നത് ജോലി പൂർത്തികാക്കുന്നതിന് കാത്തു നിൽക്കാനായില്ലെന്നും പറയുന്നു. ഇതൊഴിച്ചാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട ഒന്നും ട്വിറ്ററിൽ തരൂർ കുറിച്ചിട്ടില്ല. എന്നാൽ തരൂരിന്റെ വൃത്തിയാക്കൽ ട്വീറ്റുകൾ പ്രദർശിപ്പിച്ചാണ് മോദിയുടെ നന്ദി പറയൽ. വിഴിഞ്ഞം വൃത്തിയാക്കുന്ന ചിത്രങ്ങളുമുണ്ട്.