ന്യൂഡൽഹി: എതിരാളികളെ കൊണ്ടെല്ലാം നല്ലത് പറയിച്ച് മുന്നേറുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയിൽ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞത് രാഷ്ട്രപതി പ്രണബ് മുഖർജി മുതൽ ശരി തരൂരും ഷീലാ ദീക്ഷിതും വരയുള്ള കോൺഗ്രസ് നേതാക്കളുണ്ട്. ഇപ്പോഴിതാ മോദിയുടെ നിശിത വിമർശകനായിരുന്ന അരവിന്ദ് കെജ്രിവാളും മോദിയെ പ്രശംസിച്ച് രംഗത്തെത്തി. മോദി നല്ല പ്രാസംഗികനാണെന്നും ശരിയായ ദിശാബോധമുള്ള വ്യക്തിയാണെന്നുമാണ് കെജ്രിവാൾ പറഞ്ഞിരിക്കുന്നത്. സത്യസന്ധമായ കാര്യങ്ങളാണ് മോദി പറയുന്നത്. അതേസയം മോദി വാഗ്ദാനങ്ങൾ നിറവേറ്റുന്നത് വളരെ സാവധാനത്തിലാണെന്നും കേജ്രിവാൾ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ അഞ്ചു മാസങ്ങളായി രാജ്യത്തെ ശരിയായ രീതിയിലാണ് മോദി നയിക്കുന്നത്. ജനങ്ങൾ ഉദ്ദേശിക്കുന്നതുപോലെ രാജ്യത്തെ മുന്നോട്ടു നയിക്കാൻ അദ്ദേഹത്തിന് കഴിയുമോയെന്നത് വരുംനാളുകളിൽ മാത്രമേ പറയാൻ സാധിക്കൂ. എൻഡിഎ സർക്കാർ ജനങ്ങളുടെ പ്രതീക്ഷകളെ ഉയർത്തിയിട്ടുണ്ട്. പുതിയ സർക്കാരിലൂടെ സ്ഥിഗതികൾക്ക് മാറ്റമുണ്ടാകുമെന്നാണ് ജനം ഇപ്പോഴും വിശ്വസിക്കുന്നത്. കഴിഞ്ഞ സർക്കാർ രാജ്യത്തിനായി ഒന്നും തന്നെ ചെയ്തിട്ടില്ല. അഴിമതി കൂട്ടാനും വില നിരക്ക് ഉയർത്താനും മാത്രമേ അവർക്കായുള്ളൂ. പക്ഷേ അഴിമതിയും ഉയർന്ന വില നിരക്കും പുതിയ സർക്കാരിന്റെ കാലത്തും ഇവിടെത്തന്നെയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വരാനിരിക്കുന്ന ഡൽഹി തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ വിജയം സുനിശ്ചിതമാണ്. 49 ദിവസത്തെ ആം ആദ്മി സർക്കാരിന്റെ പ്രവർത്തനങ്ങൾ ഇന്നും ഡൽഹി നിവാസികളുടെ ഉള്ളിലുണ്ട്. അത് തീർച്ചയായും ഞങ്ങൾക്ക് വിജയം നേടിത്തരും. തിരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി ഇതുവരെ തയാറായിട്ടില്ല. കാരണം ഡൽഹയിലെ ജനങ്ങൾ ആം ആദ്മിക്കൊപ്പമാണെന്ന് അവർക്കറിയാമെന്നും കേജ്രിവാൾ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.