റായ്പുർ: രണ്ട് കടുവകൾ ഒരുമിച്ചെത്തി! കടുവയെ കാമറയിൽ കുരുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമത്തെ സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. പ്രധാനമന്ത്രിക്കു മുന്നിൽ പോസ് ചെയ്ത് കടുവയും താരമായി.. ഇരുവരും ഒരുമിച്ച് പോസ് ചെയ്തത് ഫോട്ടോഗ്രാഫർക്കും അപൂർവ്വനിമിഷമായി. ഈ ചിത്രങ്ങളുടെ പിറകെയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.

തിങ്കളാഴ്ച രാവിലെ ഛത്തീസ്‌ഗഡിലെ നന്ദൻവൻ മൃഗസംരക്ഷണ കേന്ദ്രം സന്ദർശിക്കുന്നതിനിടെയാണ് കടുവയെ മോദി ക്യാമറയിൽ കുടുക്കിയത്. കമ്പിയഴികൾക്കപ്പുറം നിന്നിരുന്ന കടുവയുടെ ചിത്രം മോദി പകർത്തുന്നത് കൗതുക കാഴ്ചയായി. ആദ്യം അകലെ നിന്നിരുന്ന കടുവയുടെ ഫോട്ടോയെടുത്ത മോദി, കൂടുതൽ അടുത്തേയ്ക്ക് ചെന്ന് സമീപദൃശ്യവും പകർത്തി. മോദിയുടെ നീക്കത്തോട് വളരെ അനുഭാവപൂർവ്വമായിരുന്നു കടുവയുടെ പ്രതികരണം.

അൽപം അകലെ നിന്നിരുന്ന കടുവ, കാമറയുമായി സമീപിച്ച മോദിക്കു സമീപത്തേയ്ക്ക് വരികയും പോസ് ചെയ്യുകയും ചെയ്തു. ഇതോടെ ഫോട്ടോഗ്രാഫർമാർക്കും ആഗ്രഹിച്ച ചിത്രം കിട്ടി. 800 ഏക്കറിലുള്ള നന്ദൻവൻ ജംഗിൾ സഫാരിയിൽ കടുവ, കരടി, സിംഹം, മാൻ, ചിമ്പാൻസി തുടങ്ങിയ മൃഗങ്ങളെ സംരക്ഷിക്കുന്നുണ്ട്. ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി രമൺ സിങിനൊപ്പമാണ് മോദി ഇവിടം സന്ദർശിച്ചത്.