ന്യൂഡൽഹി: തങ്ങളുടെ വകുപ്പിനെ കുറിച്ച് നല്ല വാർത്തകൾ മാത്രം വരാനും വിവാദമായ വാർത്തകൾ മുക്കാനും മാദ്ധ്യമപ്രവർത്തകർക്ക് സമ്മാനങ്ങൾ നൽകി സന്തോഷിപ്പിക്കുന്ന ഏർപ്പാട് രാഷ്ട്രീയക്കാർക്കിടയിൽ തുടങ്ങിയിട്ട് കാലം കുറേയായി. കേന്ദ്രത്തിലായാലും കേരളത്തിലായാലും മുടക്കമില്ലാതെ നടന്നുവന്ന കാര്യമാണ് ഇത്. എന്നാൽ കേന്ദ്രഭരണത്തിൽ എല്ലാം നിയന്ത്രിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പത്രക്കാരെ സോപ്പിടാനുള്ള മന്ത്രിമാരുടെ തന്ത്രങ്ങൾക്ക് മുക്കൂകയറിട്ടു. തന്റെ മന്ത്രിസഭയിലെ തന്ന യുവ മന്ത്രി മാദ്ധ്യമപ്രവർത്തകർക്ക് പാരിതോഷികം നൽകിയതിനെ മോദി ശാസിക്കുകയും ചെയ്തുവെന്നാണ് വാർത്ത.

മോദിയുടെ വിശ്വസ്തനായ യുവ മന്ത്രിയാണ് തന്റെ മന്ത്രാലയത്തിന്റെ വകയായി ചെറിയ സമ്മാനങ്ങൾ നൽകി മാദ്ധ്യമപ്രവർത്തകരെ സന്തോഷിപ്പിക്കാൻ ശ്രമിച്ചതും മോദിയിൽ നിന്ന് വിമൾശനമേറ്റതുമെന്ന് സർക്കാരുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇത്തരം സമ്മാനവിതരണം സ്വാഭാവികമായിരുന്നുവെങ്കിലും മോദി ഇക്കാര്യത്തിൽ പ്രതികൂല നിലപാടാണ് സ്വീകരിച്ചത്. സർക്കാർ ഖജനാനിൽ നിന്നും അനാവശ്യമായി പണം ചെലവഴിക്കരുതെന്നാണ് മോദിയുടെ പോളിസി. കൂടാതെ വ്യവസായ പ്രമുഖരുമായുള്ള അടുപ്പം കുറയ്ക്കണമെന്നും മോദി എംപിമാരോടും നിർദേശിച്ചിരുന്നു.

നേരത്തെ തീരുമാനിച്ച നയത്തിൽ നിന്ന് വ്യതിചലിച്ചതിനെ മന്ത്രിസഭായോഗത്തിൽ വച്ചാണ് പ്രധാനമന്ത്രി ചോദ്യം ചെയ്തത്. മറ്റു മന്ത്രിമാർക്ക് ഒരു മുന്നറിയിപ്പ് സന്ദേശമാണ് ഇതിലൂടെ നൽകിയിരിക്കുന്നതെന്നും കാണാം. മന്ത്രിസഭായോഗത്തിൽ വച്ച് തന്റെ വിശ്വസ്തനായ മന്ത്രി വിശദീകരണം നടത്താൻ ശ്രമിച്ചുവെങ്കിലും അത് ചെവിക്കൊള്ളാൻ മോദി തയ്യാറായില്ല.

മന്ത്രിയുടെ പ്രവൃത്തി അംഗീകരിക്കാനാവില്ലെന്നായിരുന്നു മറുപടി. നയപരമായ തീരുമാനം ലംഘിച്ചതിന് പ്രധാനമന്ത്രിയുമായി അടുത്ത ബന്ധമുള്ള മന്ത്രിക്കു പോലും ഇത്രയധികം വിമർശനം നേരിടേണ്ടിവന്നത് മറ്റുമന്ത്രിമാരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. മാദ്ധ്യമപ്രവർത്തകരെ സോപ്പിട്ട് വാർത്തകളിൽ കയറിപ്പറ്റുന്നതിന് പകരം ജോലി ചെയ്ത് വാർത്തകളിൽ ഇടംപിടിക്കാനാണ് മോദിയുടെ നിർദ്ദേശം. അതേസമയം മോദിയുടെ കർക്കശ നിലപാടിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ട് താനും. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി ഇന്ത്യൻ പ്രധാനമന്ത്രിയായത് മാദ്ധ്യമങ്ങളെ സന്തോഷിപ്പിച്ചുകൊണ്ടു കൂടിയല്ലേയെന്നാണ് എതിർപ്പുള്ളവർ പരസ്പ്പരം പറയുന്നത്.