ന്യൂഡൽഹി: ദീർഘകാല ലക്ഷ്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നിൽ വയ്ക്കുന്നത്. തുടർച്ചയായി നാല് ടേമുകളിൽ അധികം കേന്ദ്ര ഭരണമാണ് ലക്ഷ്യമിടുന്നത്. അതിനുള്ള പദ്ധതികളാണ് മുന്നോട്ട് വയ്ക്കുന്നത്. മോദിയുടെ സ്വപ്‌നങ്ങൾ സാങ്കേതിക വിദ്യയുടെ കൈപിടിച്ച്, ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ അടുത്ത രണ്ടു പതിറ്റാണ്ടിനുള്ളിൽ യാഥാർഥ്യമാകുമെന്നു കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രാലയമാണു ഉറപ്പ് നൽകുന്നത്. ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ അടുത്ത രണ്ടു പതിറ്റാണ്ടിനുള്ളിൽ യാഥാർഥ്യമാകുമെന്നു കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിന്റെ അവകാശവാദം. പദ്ധതിക്ക് സ്വപ്‌നം 2035 എന്നാണ് പേരും നൽകിയിട്ടുള്ളത്.

ഓരോ പഞ്ചായത്തിലും ഹെലിപാഡുകൾ, ഓരോ ജില്ലയിലും മൾട്ടി സ്‌പെഷ്യൽറ്റി ആശുപത്രിയും എയർ ആംബുലൻസ് സൗകര്യവും, ഇന്ത്യ വികസിപ്പിച്ച വിമാനങ്ങളിൽ കുറഞ്ഞ ചെലവിൽ യാത്ര... ഇങ്ങനെ നീളുന്നു സ്വപ്‌നങ്ങൾ. കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിനു കീഴിലുള്ള ടെക്‌നോളജി ഇൻഫർമേഷൻ ഫോർകാസ്റ്റിങ് ആൻഡ് അസസ്‌മെന്റ് കൗൺസിലാണു (ടിഫാക്) ജനജീവിതം 2035ൽ എങ്ങനെയാകുമെന്നു പ്രവചിക്കുന്നത്. ഇത് മോദിയുടെ സ്വപ്‌നങ്ങളാണെന്നാണ് വിലയിരുത്തൽ. അധികാരത്തിൽ തുടർച്ചയായി അവസരം നൽകിയാൽ എല്ലാം യാഥാർത്ഥ്യമാകുമെന്ന സന്ദേശമാണ് മോദി നൽകുന്നത്.

സംസ്‌കാരത്തിൽ അടിസ്ഥാനമായ വികസനമാണ് മോദിയുടെ ലക്ഷ്യം. സാങ്കേതിക വിദ്യയുടെ സഹായത്തോടെ സാംസ്‌കാരികതയിൽ നിന്ന് വ്യതിചലനമില്ലാത്ത വികസനമാണ് ലക്ഷ്യം. നിയമങ്ങൾ പരിഷ്‌കരിച്ചും മറ്റും ഇതിനുള്ള സാഹചര്യം ഒരുക്കും. ദീർഘവീക്ഷണമില്ലാത്ത യാത്രയാണ് ഇന്ത്യയ്ക്ക് വിനയായത്. അത് മറികടക്കാനാണ് 2035ലെ ഇന്ത്യ എങ്ങനെയായിരിക്കണമെന്ന് സ്വപ്‌നം കാണാൻ മോദി സർക്കാർ തുടങ്ങുന്നത്. അടിസ്ഥാന സൗകര്യവികസനം വേഗത്തിലാക്കി ലക്ഷ്യത്തിലെത്താൻ തന്നെയാണ് മോദിയുടെ തീരുമാനം. സാമൂഹിക സാഹാചര്യങ്ങളും യാഥാർത്ഥ്യങ്ങളും തിരിച്ചറിഞ്ഞുള്ള സാങ്കേതികാവിദ്യാ പ്രയോഗമാണ് ലക്ഷ്യമിടുന്നത്. അല്ലാത്ത പക്ഷം തിരിച്ചടിയാകും ഫലമെന്ന തിരിച്ചറിവും റിപ്പോർട്ടിലുണ്ട്.

ഡോ. അനിൽ കകോദ്കറാണു ടിഫാകിന്റെ അധ്യക്ഷൻ. സാങ്കേതികവിദ്യ പ്രായോഗിക തലത്തിൽ ഉപയോഗിക്കുന്നതിലൂടെയാണു പുതിയ സംവിധാനങ്ങൾ സാധ്യമാകുന്നത്. അനുബന്ധമായി 'ടെക്‌നോളജി വിഷൻ 2035' എന്ന റിപ്പോർട്ടും പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യക്കാർ 2035ൽ സമ്പൂർണ സാക്ഷരത നേടുമെന്നും റിപ്പോർട്ട് പറയുന്നു. അക്ഷരജ്ഞാനം മാത്രമല്ല, ഇലക്ട്രോണിക് ഉപകരണങ്ങളിലും മറ്റു യന്ത്രസംവിധാനങ്ങളിലും സാക്ഷരരാകും. പിഴവുകളില്ലാത്തതും അതിവേഗത്തിലുമുള്ള കുറ്റാന്വേഷണവും നീതിനിർവഹണവും സാധ്യമാകും. ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ ഉൾപ്പെടെ എല്ലാ വീടുകളിലും ശുദ്ധജലം ലഭ്യമാകും.

ഗ്രാമപഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ആധുനിക സൗകര്യങ്ങളോടെ ജില്ലാ തലത്തിലെ ആശുപത്രികളും വികസിപ്പിക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വിദഗ്ധ സഹായം ലഭ്യമാക്കും. അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ ഹെലികോപ്റ്ററിൽ എത്തിക്കാനാണു ഹെലിപാഡുകൾ നിർമ്മിക്കുന്നത്. അപകടം നടന്ന് ഒരു മണിക്കൂറിനുള്ളിൽ വിദഗ്ധ വൈദ്യസേവനം ലഭ്യമാക്കും. എല്ലാ കാലാവസ്ഥയെയും അതിജീവിക്കുന്ന റോഡുകൾ എല്ലാ പഞ്ചായത്തുകളിലും നിർമ്മിക്കും. വീട്ടിൽ നിന്നു പരമാവധി ഒരു കിലോമീറ്റർ ദൂരത്തിൽ പൊതുഗതാഗത സംവിധാനം ലഭ്യമാകും-ഇങ്ങനെ പോകുന്നു ലക്ഷ്യങ്ങൾ

കാലാവസ്ഥാ വ്യതിയാനത്തെയും ദുരന്തങ്ങളെയും അതിജീവിക്കുന്ന വീടുകൾ നിർമ്മിക്കും. നഗര അടിസ്ഥാന സകൗര്യ വികസനപദ്ധതി അടുത്ത 20 വർഷത്തിൽ വിപുലപ്പെടുത്തും. നിലവിലെ കൃഷിരീതി അടിമുടി പരിഷ്‌കരിക്കും. വെർട്ടിക്കൽ ഫാമിങ് വ്യാപകമാക്കും. വൈദ്യുതി ഉൽപാദനം 1000 ഗിഗാവാട്ടാകും (10 ലക്ഷം മെഗാവാട്ട്). എല്ലാ വീടുകളിലും വൈദ്യുതി. ചേരികളുടെ നാടെന്ന ഇന്ത്യയുടെ ദുഷ്‌പേര് ഇല്ലാതാക്കുമെന്നും റിപ്പോർട്ടിലുണ്ട്.