ന്യൂഡൽഹി: രാഷ്ട്രീയ എതിരാളികളെ പോലും കൈയിലെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക വിരുതുണ്ട്. അതിന്റെ ഒടുവിലെ ഉദാഹരണമാണ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടുള്ള ട്വീറ്റ്. 45 വയസ്സ് തികഞ്ഞ കോൺഗ്രസ് ഉപഅധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെയാണ് ജന്മദിനാശംസ നേർന്നത്. മോദിക്കെതിരെ പാർലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധവുമായി രാഹുൽ രംഗത്തെത്തുന്ന വേളയിലാണ് മോദി രാഹുലിന് ജന്മദിനാശംസ നേർന്നതും.

'കോൺഗ്രസ് വൈസ് പ്രസിഡന്റിന് സന്തോഷകരമായ ജന്മദിനാശംസകൾ. താങ്കളുടെ നല്ല ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു' ട്വിറ്റർ സന്ദേശത്തിൽ മോദി പറയുന്നു.

രാഹുൽഗാന്ധിയുടെ ജന്മദിനം ട്വിറ്ററിലും ഇപ്പോൾ ട്രെൻഡിംഗാണ്. HappyBirthdayRG എന്ന ഹാഷ്ട് ടാഗിലാണ് ട്വിറ്ററിൽ ട്രെൻഡിങ് ആയിരിക്കുന്നത്. ലോകത്തിന്റെ നനാഭാഗത്തുനിന്നുമുള്ള ആളുകൾ രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ നേരുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വർഷം രാഹുൽ ഗാന്ധി ഇന്ത്യയിലുണ്ടെന്ന പ്രത്യേകത കൂടിയുണ്ട് ഈ ജന്മദിനത്തിന്.

സെപ്റ്റംബറിൽ നടക്കുന്ന എഐസിസി സമ്മേളനത്തിൽ രാഹുൽ ഗാന്ധി കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതിന് മുന്നോടിയായി കർഷകർക്കും താഴെക്കിടയിൽ ഉള്ളവരുമായി സംവദിച്ച് അനുഭവ പരിചയം ഉണ്ടാക്കുകയാണ് രാഹുൽ. കർഷക കേന്ദ്രങ്ങളിൽ കൂടുതൽ സന്ദർശനം നടത്തുകയാണ് കോൺഗ്രസ് ഉപാധ്യക്ഷൻ.