ലണ്ടൻ: ഒരു ഹെലിക്കോപ്ടറിലേക്ക് ആദ്യമായി കയറുന്നതിന്റെ അമ്പരപ്പും ആവേശവുമൊക്കെയാണ് പ്രിൻസ് ജോർജിന്റെ മുഖത്തുണ്ടായിരുന്നത്. പക്ഷേ, ആ കുട്ടിയുടെ മുഖഭാവവും ശരീരഭാഷയും ഒരു ഗേയുടേതാണെന്ന വിലയിരുത്തലുമായി പ്രമുഖ എൽജിബിടി വെബ്‌സൈറ്റായ പിങ്ക്‌ന്യൂസ് രംഗത്തെത്തിയത് വിവാദമായി. നാലുവയസ്സുകാരനായ ജോർജ് രാജകുമാരൻ ഗേ ഐക്കണാണെന്നാണ് വെബ്‌സൈറ്റ് വിലയിരുത്തിയത്.

ഒറ്റദിവസംകൊണ്ട് ജോർജ് ഗേ ഐക്കണായി മാറിയെന്ന് പിങ്ക്‌ന്യൂസ് വിലയിരുത്തുന്നു. സുന്ദരനായ ജോർജ് എല്ലായ്‌പ്പോഴും നന്നായി വസ്ത്രം ധരിച്ച് നടക്കണമെന്ന് ആഗ്രഹിക്കുന്ന കുട്ടിയാണ്. നാലാം പിറന്നാളിന്റെ തലേന്നത്തെ ഈ ചിത്രം, ഭാവി രാജാവിന്റെ പുതിയ രൂപംകൂടി കാട്ടിത്തരുന്നു-എന്നാണ് പിങ്ക് ന്യൂസിന്റെ വിലയിരുത്തൽ. തന്റെ സന്തോഷം പ്രകടിപ്പിക്കുന്ന ജോർജിന്റെ ശരീരഭാഷ അവൻ ഒരു ഗേ ഐക്കണാണെന്ന് തെളിയിക്കുന്നതായും പിങ്ക് ന്യൂസ് എഴുതുന്നു.

വെറും നാലുവയസ്സുമാത്രം പ്രായമുള്ള കുട്ടിയെ ഈ രീതിയിൽ വ്യാഖ്യാനിച്ചത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. തീവ്ര യാഥാസ്ഥിതിക പാർട്ടിയായ ട്രഡീഷണൽ യുണിയനിസ്റ്റ് വോയ്‌സിന്റെ നേതാവ് ജിം അലിസ്റ്റർ വെബ്‌സൈറ്റ് മാപ്പുപറയണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഒരു കുട്ടിയെ ഈ രീതിയിൽ ബ്രാൻഡ് ചെയ്യുന്നത് മാപ്പപ്പർഹിക്കാത്ത കാര്യമാണ്. ഒരു കൊച്ചുകുട്ടിയുടെ ചിത്രം പകർത്തുകയും അതിനുശേഷം, ലൈംഗികതയുടെ പേരിലുള്ള ഒരു ജീവിതത്തിന്റെ ഐക്കണായി അവനെ വിലയിരുത്തുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ലേഖനം പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് പിങ്ക് ന്യൂസിന്റെ എഡിറ്റർ ബെഞ്ചമിൻ കോഹൻ പറഞ്ഞു. ലേഖനത്തിന് സോഷ്യൽ മീഡിയയിൽനിന്ന് കിട്ടിയ പ്രതികരണത്തിന്റെ പേരിൽ ലേഖനം ഉപേക്ഷിക്കില്ല. ജോർജിനെ അത്തരത്തിൽ ചിത്രീകരിക്കാൻ പിങ്ക്‌ന്യൂസ് ശ്രമിച്ചിട്ടില്ല. ലേഖനത്തെ വ്യാഖ്യാനം ചെയ്ത് സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്തവരാണ് അതിന് ശ്രമിച്ചത്. അതിന്റെ പേരിൽ ലേഖനം പിൻവലിക്കേണ്ടെന്നാണ് തീരുമാനം-അദ്ദേഹം പറഞ്ഞു.

ജോർജിനെ ഈ ചിത്രത്തിൽക്കാണാൻ സുന്ദരനായിരിക്കുന്നു എന്നാണ് ജൂലൈ 25-ന് വന്ന ലേഖനത്തിന്റെ തലക്കെട്ട്. എന്നാൽ, സോഷ്യൽ മീഡിയ ലേഖനത്തെ സ്വീകരിച്ചത് മറ്റൊരു തരത്തിലാണ്. നാലുവയസ്സുകാരനെ ഈ രീതിയിൽ കാണരുതെന്നും അവന്റെ ലൈംഗിക താത്പര്യങ്ങൾ പ്രവചിക്കാൻ നിൽക്കരുതെന്നുമാണ് സോഷ്യൽ മീഡിയ ലേഖനത്തെ വ്യാഖ്യാനിച്ചത്.