ലണ്ടൻ: നാളിതുവരെയായി ഹാരി രാജകുമാരനും പിതാവ് ചാൾസും തമ്മിലുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ല. തന്റെ അമ്മയായ ഡയാന രാജകുമാരിയെ ചതിച്ച് കാമുകിയായ കാമിലയെ വിവാഹം ചെയ്തതാണ് ഹാരിക്ക് പിതാവിനോടുള്ള വിരോധനത്തിന് കാരണം. എന്നാൽ മേഗനെ വിവാഹം കഴിച്ചതോടെ ഹാരിക്ക് പിതാവിനോടുള്ള വെറുപ്പ് ശമിക്കുകയും ബന്ധം ഊഷ്മളമാവുകയും ചെയ്തുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. മേഗന്റെ സാന്ത്വനത്താലും സ്നേഹത്താലുമാണ് ഹാരിക്ക് ചാൾസിനോടുള്ള രോഷം അടങ്ങിയതെന്നും സൂചനയുണ്ട്. ഇതേ തുടർന്ന് ഹാരിയും ചാൾസും തമ്മിലുള്ള ബന്ധം മുമ്പത്തേക്കാൾ ശക്തമായിട്ടുണ്ടെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

മേഗന്റെ പിതാവ് വരാത്തതിനെ തുടർന്ന് തന്റെ വധു മേഗനെ വിവാഹ വേദിയിലേക്ക് ആനയിച്ചതിൽ ചാൾസിനോട് ഹാരിക്കിപ്പോൾ ഏറെ നന്ദിയുണ്ടെന്നും സൂചനയുണ്ട്. വിവാഹത്തിന് മുമ്പ് തന്നെ ഹാരി ഈ നന്ദി പിതാവിനോട് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ചാൾസിന്റെ 70-ാം പിറന്നാളിനോടനുബന്ധിച്ച് ബക്കിങ്ഹാം പാലസിൽ നടത്തിയ ഗാർഡൻ പാർട്ടിക്കിടെയും ഹാരി പിതാവിനോട് അടുത്ത് പെരുമാറിയിരുന്നു. ഈ പാർട്ടിക്കിടെ പിതാവിന് ആശംസ അർപ്പിച്ച് കൊണ്ട് നടത്തിയ ഹാരിയുടെ പ്രസംഗത്തിലും ഈ നന്ദി പ്രതിഫലിച്ചിരുന്നു. താൻ ശ്രദ്ധിച്ചില്ലെന്ന് പിതാവിന് തോന്നിയെങ്കിൽ മാപ്പ് തരണമെന്നും ഹാരി ഈ പ്രസംഗത്തിൽ ചാൾസിനോട് അഭ്യർത്ഥിച്ചിരുന്നു.

തങ്ങളുടെ അമ്മയെ വഞ്ചിച്ച് കാമിലയെ കെട്ടിയ ചാൾസ് എന്ന പിതാവിനോട് ഹാരിക്കും ജ്യേഷ്ഠൻ വില്യമിനും ഒരിക്കലും നല്ലൊരു ബന്ധമല്ല ഇത്രയും കാലം നിലനിന്നിരുന്നത്. ഇക്കാരണത്താലാണ് ഹാരിയുടെ പുതിയ മനം മാറ്റം വൻതോതിൽ ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ ഹാരിയും ചാൾസും തമ്മിലുള്ള അകൽച്ച ഒരു സുപ്രഭാതത്തിൽ ഇല്ലാതായതല്ലെന്നും സൂചനയുണ്ട്. അതായത് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും തമ്മിലുള്ള മഞ്ഞുരുകാൻ തുടങ്ങിയിരുന്നുവെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പിന്നിൽ പ്രവർത്തിച്ച വ്യക്തി മേഗനാണെന്നത് ഇക്കാര്യത്തിന് കൂടുതൽ വാർത്താ പ്രാധാന്യം കിട്ടാനും വഴിയൊരുക്കുകയായിരുന്നു.

ചാൾസും മൂത്ത മകൻ വില്യവും തമ്മിൽ പല തരത്തിലുള്ള പ്രശ്നങ്ങളുണ്ടെന്നാണ് കൊട്ടാരവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. എന്തിനേരെ വില്യം അച്ഛന് നേരെ ശബ്ദമുയർത്തി സംസാരിക്കാറുണ്ടെന്നും റിപ്പോർട്ടുണ്ട്. ഡയാനയുടെ 20ാം ചരമവാർഷിക വേളയിൽ അതിനെക്കുറിച്ച് ഒരക്ഷരം സംസാരിക്കാതിരുന്ന ചാൾസിന്റെ സമീപനം കുടുംബത്തിലെ പിളർപ്പിന്റെ സൂചനയായും വിലയിരുത്തപ്പെടുന്നുണ്ട്.

പലവിധ പ്രശ്നങ്ങളുള്ള കുടുംബത്തിൽ നിന്നും വരുന്നതിനാൽ ഹാരിയുടെ കുടുംബത്തിൽ യോജിപ്പുണ്ടാക്കുകയെന്നത് മേഗനെ സംബന്ധിച്ചിടത്തോളം അത്യാവശ്യമായ കാര്യമായിരുന്നുവെന്ന് വിലയിരുത്തുന്നവരുമുണ്ട്. ഇതിനാൽ ഹാരിയെ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ മേഗൻ ചാൾസുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നുവെന്നും അതിലൂടെ പിതാവും പുത്രനും തമ്മിലുള്ള അകൽച്ച പരമാവധി ഇല്ലാതാക്കാൻ മേഗന് സാധിക്കുകയായിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.