- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മക്കളെ അനുഭവികാൻ വിട്ട പിതാവ്; എന്റെ ഭാര്യയെ അപമാനിക്കാൻ മാധ്യമങ്ങൾക്കൊപ്പം കുടുംബക്കാരും; പൊട്ടിത്തെറിച്ച് വീണ്ടും ഹാരി; രാജ്ഞിയും പരിവാരങ്ങളും കടുത്ത നിരാശയിൽ
ലണ്ടൻ: രണ്ടുകൽപിച്ചിറങ്ങിയ ഹാരി വീണ്ടും തന്റെ കുടുംബത്തിനു നേരെ ആഞ്ഞടിക്കുകയാണ്. തന്റെ കുടുംബവുമായുള്ള ബന്ധത്തെ കൂടുതൽ വഷളാക്കുന്ന ആരോപണങ്ങളുമായാണ് ഹാരി ഇന്നലെ ഓപ്ര വിൻഫ്രിയുമൊത്തുള്ള ആപ്പിൾ ടി വി പ്ലസിന്റെ മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട പരിപാടിയിൽ എത്തിയത്. മക്കൾ എന്ന നിലയിൽ പിതാവിനാൽ തീർത്തും അവഗണിക്കപ്പെട്ടവരായിരുന്നു തങ്ങൾ എന്നാണ് ഇന്നലെ ഹാരി പറഞ്ഞത് . ഒരുപക്ഷെ അദ്ദേഹത്തിനുണ്ടായ വിപരീതഫലങ്ങളാകാം, മാധ്യമങ്ങൾ തങ്ങളെ വേട്ടയാടുമ്പോൾ അനുഭവിക്കാൻ വിട്ടുകൊടുക്കുകയായിരുന്നു പിതാവെന്നും ഹാരി വെളിപ്പെടുത്തുന്നു.
തന്റെ ഭാര്യയെ അപമാനിക്കുകയും അവർക്കെതിരെ കുപ്രചാരണം നടത്തുകയും ചെയ്ത ചില രാജകുടുംബാംഗങ്ങൾ ഉണ്ടെന്നും ഹാരി പറഞ്ഞു. ഇതിൽ രാജ്ഞി ഉൾപ്പടെയുള്ളവരെ ഹാരി കുറ്റപ്പെടുത്തുന്നു. വിഷാദത്തിനടിമയായ മേഗൻ തന്റെ ഇരുണ്ടചിന്തകൾ താനുമായി പങ്കുവച്ച കാര്യങ്ങളും ഹാരി ഈ ഡോക്യൂമെന്ററിയിൽ പറയുന്നു. ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ചുപോലും മേഗൻ ആലോചിച്ചിരുന്നത്രെ!
താൻ തീർത്തും നിസ്സഹായനാണെന്ന് തോന്നിയെന്നും ഒരു സഹായത്തിനായി സ്വന്തം കുടുംബത്തിനു നേരെ ഉറ്റുനോക്കിയെന്നും ഹാരി പറഞ്ഞു. എന്നാൽ, എല്ലാ അപേക്ഷകളും, ആവശ്യങ്ങളും, മുന്നറിയിപ്പുകളുമെല്ലാം പതിച്ചത് ബധിരകർണ്ണങ്ങളിലായിരുന്നു. തന്റെ ഭാര്യ ബ്രിട്ടനിലനുഭവിച്ച വംശീയ വിവേചനത്തിനെ കുറിച്ച് പറഞ്ഞ ഹാരി, തന്റെ അമ്മ ഡയാന രാജകുമാരി ഒരു വെള്ളക്കാരനല്ലാത്ത ഒരാളുമായുണ്ടായ ബന്ധത്തിന്റെ പുറത്ത് വേട്ടയാടപ്പെടുകയായിരുന്നു എന്നും പറഞ്ഞു. അതിന്റെ അന്ത്യത്തിലാണ് തന്റെ അമ്മയ്ക്ക് മരണം സംഭവിച്ചതെന്നും ഹാരി കൂട്ടിച്ചേർത്തു.
ഹാരിയുടെ ഈ ആരോപണങ്ങൾക്കെതിരെ അന്തസുറ്റ മൗനം പാലിക്കുകയാണ് രാജകുടുംബവും ചാൾസ് രാജകുമാരനും. കഴിഞ്ഞ വിവാദ അഭിമുഖത്തിനു ശേഷം രാജ്ഞി പറഞ്ഞത് അഭിപ്രായ വ്യത്യാസങ്ങൾ കുടുംബത്തിനുള്ളിൽ പറഞ്ഞു തീർക്കാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു. അതാണ് ഇപ്പോഴത്തെ മൗനത്തിനു കാരണമായി കൊട്ടാരം വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, അവസാനിപ്പിക്കാതെ ഹാരി തുടർന്നുകൊണ്ടുപോകുന്ന ആരോപണശരങ്ങളിൽ രാജകുടുംബം ക്ഷമയുടെ നെല്ലിപ്പലക കണ്ടിരിക്കുകയാണെന്നാണ് കൊട്ടാരവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.
വ്യക്തിപരമായ പരാമർശങ്ങളില്ലാതെ തന്നെ മുന്നോട്ടുകൊണ്ടുപോകാവുന്ന വിഷയമാണ് മാനസിക ആരോഗ്യം. അത്തരം സാഹചര്യത്തിൽ സത്യത്തിന്റെ വിസ്ഫോടനം എന്നെല്ലാം പറഞ്ഞ് ഹാരി കുടുംബത്തിനെതിരെ ഓരോ പുതിയ ആരോപണങ്ങളുമായി വരുന്നതിൽ രാജകുടുംബാംഗങ്ങൾ എല്ലാവരും തന്നെ അമർഷത്തിലാണ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്.
മറുനാടന് ഡെസ്ക്